ദേവദൂതനും മുന്‍പുള്ള വിന്റേജ് മോഹന്‍ലാല്‍

ദേവദൂതനും മുന്‍പുള്ള വിന്റേജ് മോഹന്‍ലാല്‍

പ്രതീക്ഷ ജീത്തു ജോസഫിന്റെ റാമിലും തരുൺ മൂർത്തിയുടെ പേരിടാത്ത ചിത്രത്തിലും പൃഥ്വിരാജ് ചിത്രം എമ്പുരാനിലുമാണ്. ലാലിന്റെ സുവർണകാലം ആവർത്തിക്കുമോ?
Updated on
3 min read

ദേവദൂതൻ വീണ്ടും തീയറ്ററിലെത്തുമ്പോൾ കാലം 24 വർഷം പിന്നോട്ടു സഞ്ചരിക്കുകയാണോ!, അതോ 'കാലം തെറ്റിപ്പിറന്ന സിനിമ' അതിന്റെ യഥാർത്ഥ കാലത്തെ കണ്ടെത്തുകയാണോ? വിന്റേജ് ലാൽ എന്നുമൊരു നഷ്ടസ്വപ്നമാണെന്ന ഓർമ്മപ്പെടുത്തലുകൾ ദിനംപ്രതി സിനിമാ ചർച്ചകളിൽ കടന്നുവരുമ്പോൾ ഇതൊരു അവസരമാണ്. ഒരിക്കൽ വിജയമാകാതെ പോയ ആ നല്ല സിനിമ തീയറ്ററിൽ തന്നെ ആസ്വദിക്കാനും മോഹൻലാൽ എന്ന നടനിൽ ആവേശഭരിതരാകാനും കിട്ടുന്ന ​ഗോൾഡൻ ചാൻസ്.

സിനിമാ തിരഞ്ഞെടുപ്പുകളിലെ പിഴവുകൾ കൊണ്ട് അടുത്തകാലത്ത് തീയറ്റർ മറന്നുപോയ ലാൽ മാജിക്കുണ്ട്. അതിനാണിവിടെ പ്രസക്തി. മലയാള സിനിമയുടെ സുവർണ്ണ കാലമായ 80-കളുടെ ആദ്യം വരവറിയിച്ച, പകരം വെക്കാനില്ലാത്ത താരമായിരുന്നു മോഹൻലാൽ. ജയപരാജയങ്ങൾ ഏറെ വന്നുപോയ സിനിമാ യാത്രയിൽ കഴിഞ്ഞ വർഷങ്ങളൊന്നും അദ്ദേഹത്തിന് ഹിറ്റുകൾ സമ്മാനിച്ചില്ല. ലാലിന്റെ കരിയറിലെ സുവർണകാലം പരിശോധിച്ചാൽ അത് ദേവദൂതനും മുമ്പാണ്. ഏതാണ്ട് 1986 മുതൽ 95 വരെ പരന്നുകിടക്കുന്ന ഇടവേളകളില്ലാതെ ഹിറ്റുകൾ പിറന്ന 10 വർഷങ്ങൾ...

മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് 86ലെ ടി പി ബാലഗോപാലൻ എം എ. എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ അഭിനയത്തിനായിരുന്നു. പുറകേ വന്ന രാജാവിന്റെ മകൻ‍ അന്നത്തെ കാലത്ത് അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. മോഹൻലാൽ എന്ന നടനെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തിയതും ഈ ചിത്രമായിരുന്നു. ഇതേ വർഷമാണ് പ്രിയദർശന്റെ താളവട്ടം എന്ന സിനിമയിൽ മോഹൻലാൽ ഭാ​ഗമാവുന്നത്. ഇന്നും മോഹൻലാലിന്റെ ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നായി പറയാവുന്ന സിനിമ. സാമ്പത്തിക കടക്കെണിയിലായ വീട്ടുടമായി വന്ന സന്മനസ്സുള്ളവർക്ക് സമാധാനം,പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി, എക്കാലത്തേയും ക്ലാസിക് കഥാപാത്രം സോളമനെ തന്ന നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഗൂർഖയായി വന്ന ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്, എല്ലാം ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ലാൽ സിനിമകളായിരുന്നു. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് തുടർച്ചയായി കിട്ടിയ നായകവേഷങ്ങളും സിനിമകളുടെ വിജയവും ഇന്ന് കാണുന്ന വലിയൊരു ആരാധക പിന്‍ബലം നേടിയെടുക്കാൻ കാരണമായി.

മോഹൻലാലിന്റെ കരിയർ നോക്കിയാൽ മികച്ച കുറേ കഥാപാത്രങ്ങളെ കൊടുത്ത കൂട്ടുകെട്ടാണ് രചന - സംവിധാന ജോഡിയായ ലോഹിതദാസ് - സിബി മലയിൽ. കിരീടത്തിലെ സേതുമാധവൻ അതിലൊന്നാണ്. 1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച വേഷങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കോമ്പോയിൽ വന്ന വരവേൽപ്പായിരുന്നു മറ്റൊരു വിജയ സിനിമ. പിന്നീട് പ്രിയദർശന്റെ ചിത്രം എന്ന സിനിമയിലെ കാമുക - നായക വേഷം മലയാള ചലച്ചിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായി. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു ചിത്രം എന്ന സിനിമ. നായികയായി വന്ന രഞ്ജിനിയുടേയും കരിയർ ബെസ്റ്റ് കഥാപാത്രമായിരുന്നു ചിത്രത്തിലേത്.

1993-ൽ ഐ വി ശശിയുടെ സംവിധാനത്തിൽ ദേവാസുരം വന്നു. മോഹൻലാൽ എന്ന നടന്റെ അടുത്ത കൊമേഴ്ഷ്യൽ ഹിറ്റായിരുന്നു ദേവാസുരം. ലാലിന്റെ മീശപിരി നായകന്മാരിലേക്കുളള ആദ്യ പടിയെന്ന് പറയപ്പെട്ട ചിത്രം. 1993-ൽ മണിച്ചിത്രത്താഴ്, വിജയസിനിമകളുടെ പട്ടികയിലെ പ്രധാനി. ജനപ്രിയ ചിത്രത്തിനുളള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയെടുത്തു മണിച്ചിത്രത്താഴ്. ശോഭനയുടേയും മികച്ച വേഷം. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ. ഹിസ് ഹൈനസ്സ് അബ്ദുള്ള, മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, സ്ഫടികം, അങ്ങനെ സാമ്പത്തികമായി വൻ വിജയമായ കുറേയേറെ സിനിമകൾ. വിജയമായ സിനിമകളെ എണ്ണിയെടുക്കുക തന്നെ ശ്രമകരം. 95ന് ശേഷം വിജയ ചിത്രങ്ങളുടെ ഇടവേളകൾ കൂടി വന്നു. 96ലെ എപിക് ഹിസ്റ്റോറിക്കൽ ചിത്രം കാലാപാനിയും, തമിഴ് പൊളിറ്റിക്കൽ ഡ്രാമ ഇരുവരും, ഫാന്റസി ചിത്രം ​ഗുരുവും 99ലെ വാനപ്രസ്ഥവുമെല്ലാം ലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന ലേബലിലേക്ക് കൈപിടിച്ചു നടത്തിയ സിനിമകളായി. സാമ്പത്തികലാഭം കൈവരിക്കാനാവാതെ ഇത്തരം ചില സിനിമകൾ ഒരുവശത്ത് പേരെടുത്തപ്പോൾ മറുവശത്ത് മീശ പിരിച്ച ലാലേട്ടൻ തീയറ്ററിൽ ഹരം കൊളളിച്ചു.

1997ൽ പുറത്തിറങ്ങിയ ആറാംതമ്പുരാൻ സൃഷ്ടിച്ച 18 കോടിയെന്ന വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡ് ഭേദിക്കാൻ ആരെകൊണ്ടും സാധിക്കില്ല എന്നുള്ള ചിന്തയായിരുന്നു എല്ലാവർക്കും അന്ന് ഉണ്ടായിരുന്നത്. അതിന് മറ്റൊരു മോഹൻലാൽ ചിത്രം തന്നെ വേണ്ടി വന്നു. 20 കോടി രൂപ ബോക്സോഫീസ് കളക്ഷൻ നേടിയ നരസിംഹം ആ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ്. രണ്ടായിരത്തിന് ശേഷം മലയാളസിനിമ ശൈലി മാറിത്തുടങ്ങി. മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ നിന്ന് വിജയകിരീടം പതിയെ യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപെടുന്നതിന് സാക്ഷ്യം വഹിച്ച വർഷങ്ങളായിരുന്നു തുടർന്നങ്ങോട്. പിന്നീട് രാവണപ്രഭു. പ്രജ, താണ്ഡവം, കിളിച്ചുണ്ടൻ മാമ്പഴം, ബാലേട്ടൻ, നാട്ടുരാജാവ്, ഉദയനാണ് താരം, നരൻ, തന്മാത്ര, കീർത്തിചക്ര എന്നിങ്ങനെ കുറേ സിനിമകൾ. ജയ പരാജയങ്ങളുടെ ​ഗ്രാഫിൽ തുടർച്ചയായി ഏറ്റക്കുറച്ചിലുകൾ വന്ന കാലഘട്ടമായിരുന്നു ലാലിനിത്. വിജയങ്ങളുടെ തോളൊപ്പം തോൽവികളും നേരിടേണ്ടി വന്ന വർഷങ്ങൾ.

2010 മുതൽ തോൽവികളുടെ എണ്ണം കൂടിവന്നു. അലക്സാണ്ടർ ദ ​ഗ്രേറ്റ്, ഒരു നാൾ വരും, ശിക്കാർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഒരു മരുഭൂമിക്കഥ, കാസനോവ, ​ഗ്രാന്റ്മാസ്റ്റർ, ലോക്പാൽ, റെഡ് വൈൻ, ലേഡീസ് ആന്റ് ജെന്റിൽമാൻ, ​ഗീതാഞ്ജലി, മിസ്റ്റർ ഫ്രോഡ്, കൂതറ, പെരുച്ചാഴി, ലൈല ഓ ലൈല, ലോഹം, കനൽ ഇങ്ങനെ പേരിനുപോലുമൊരു നല്ല സിനിമ ഇല്ലാതെ മുന്നോട്ടുപോകുമ്പോൾ ആശ്വാസമെന്നവണ്ണം 2013ൽ ദൃശ്യവും 2016ൽ പുലിമുരുകനും സംഭവിച്ചു. നൂറു കോടിയെന്ന ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയിരുന്ന പുളിങ്കൊമ്പ് പുരിമുരുകനിലൂടെ മലയാളത്തിന് ലഭിച്ചു.

പിന്നെയും പഴയ കഥ ആവർത്തിച്ചു. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, നീരാളി, ഒടിയൻ, ബി​ഗ് ബ്രദർ, ഇട്ടിമാണി, ഡ്രാമ, ആറാട്ട്, മോൺസ്റ്റർ, എലോൺ, 12ത് മാൻ അങ്ങനെ പരാജയങ്ങളുടെ അവസാനമില്ലാത്ത തുടർച്ച. ഇടയിൽ നേരിയ ആശ്വാസമായത് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗവും ലൂസിഫറും അടുത്തിറങ്ങിയ നേരും മാത്രം. പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനും വമ്പൻ പ്രതീക്ഷയോടെ വന്ന് തീയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങി.

2010ൽ ആരംഭിച്ച തോൽവികളുടെ മേൽക്കൈ മാറ്റമില്ലാതെ തുടരുന്നതാണ് ഒരു പരിധിവരെ ദേവദൂതൻ മണിച്ചിത്രത്താഴ് പോലുളള സിനിമകളുടെ റീ റിലീസിനെ ഇത്ര ആഘോഷമാക്കുന്നത്. ലാൽ ആരവം ആസ്വ​ദിക്കാനുളള ആരാധകരുടെ കൊതിയാണ്. നേരിലൂടെ ലാലേട്ടൻ തിരിച്ചുവന്നു എന്ന് അവകാശപ്പെടണമെങ്കിൽ തുടർന്നും അടുപ്പിച്ചുളള ഹിറ്റുകൾ സംഭവിക്കണം. ആദ്യ സംവിധാനമായ ബറോസ് ജയമെങ്കിലും പരാജയമെങ്കിലും മോഹൻലാൽ എന്ന നടന്റെ കരിയറിലെ നാഴികക്കല്ലുതന്നെ. പ്രതീക്ഷ ജീത്തു ജോസഫിന്റെ റാമിലും തരുൺ മൂർത്തിയുടെ പേരിടാത്ത ചിത്രത്തിലും പൃഥ്വിരാജ് ചിത്രം എമ്പുരാനിലുമാണ്. സുവർണകാലം ആവർത്തിക്കുമോ? കണ്ടറിയണം.

logo
The Fourth
www.thefourthnews.in