'ഹിന്ദു വികാരം വൃണപ്പെടുത്തുന്നു'; ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായ ചിത്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ

'ഹിന്ദു വികാരം വൃണപ്പെടുത്തുന്നു'; ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായ ചിത്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ

ജൂൺ 14 ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് ഹൈക്കോടതി സ്റ്റേ നൽകിയത്
Updated on
1 min read

ഹിന്ദുമതവികാരം വൃണപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെ നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാവുന്ന പുതിയ ചിത്രം 'മഹാരാജ്' ന് താത്കാലിക സ്റ്റേയുമായി ഗുജറാത്ത് ഹൈക്കോടതി. ജൂൺ 14 ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് ഹൈക്കോടതി സ്റ്റേ നൽകിയത്.

പുഷ്ടിമാർഗ് വിഭാഗത്തിലെ ഏട്ട് പേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. 1862 ലെ മഹാരാജ് മാനനഷ്ടക്കേസാണ് സിനിമക്ക് ആധാരമെന്നും ഇത് മതവികാരം വൃണപ്പെടുത്തുമെന്നും അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നുമാണ് ഹർജിക്കാരുടെ ആരോപണം.

കേസിൽ വിശദീകരണം നൽകാൻ കേസ് പരിഗണിച്ച ജസ്റ്റിസ് സംഗീത വിശൻ നെറ്റ്ഫ്‌ലിക്‌സിനും നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസിനോടും ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂൺ 18 ലേക്ക് മാറ്റി.

'ഹിന്ദു വികാരം വൃണപ്പെടുത്തുന്നു'; ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായ ചിത്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ
ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം

'മഹാരാജ്' എന്ന ചിത്രത്തിന്റെ വിവാദമായ കഥാസന്ദർഭം മറച്ചുവെക്കാൻ ട്രെയിലറോ പ്രൊമോഷൻ പരിപാടികളോ ഇല്ലാതെ രഹസ്യമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും ഹർജിക്കാർ വാദിച്ചു. ചിത്രം റിലീസ് ചെയ്യുന്നത് തങ്ങളുടെ മതവികാരത്തിന് പരിഹരിക്കാനാകാത്ത തരത്തിൽ വൃണപ്പെടുത്തുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. സിനിമയുടെ റിലീസ് തടയാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് അടിയന്തരമായി അപേക്ഷിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹർജിക്കാർ ആരോപിച്ചു.

അതേസമയം, ചിത്രം റിലീസ് ചെയ്യാനിരുന്ന നെറ്റ്ഫ്‌ളിക്‌സിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചിയടക്കം രംഗത്ത് എത്തി.

സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി വാദിക്കുന്ന മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻദാസ് മുൽജി നൽകിയ വാർത്തയ്‌ക്കെതിരെയായിരുന്നു അന്നത്തെ പുഷ്ടിമാർഗിന്റെ പ്രധാനിയായിരുന്ന ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ഇതാണ് ചിത്രത്തിന്റെ മൂലകഥ.

പുഷ്ടിമാർഗിലെ മതനേതാക്കൾ സ്ത്രീ ഭക്തരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു തെളിവുകൾ ഉദ്ധരിച്ച് കർസൻദാസ് മുൽജി റിപ്പോർട്ട് ചെയ്തത്. ഹിന്ദുവോ നോ അസ്ലി ധരം ആനേ അത്യാർ നാ പഖണ്ഡി മാതോ എന്ന തലക്കെട്ടിൽ സത്യപ്രകാശ് എന്ന പത്രത്തിലായിരുന്നു കർസൻദാസിന്റെ റിപ്പോർട്ട്.

കേസിൽ കർസൻദാസ് വിജയിച്ചിരുന്നു. പിന്നീട് ഈ കേസിനെ ആസ്പദമാക്കി ഗുജറാത്തി എഴുത്തുകാരനും പത്രപ്രവർത്തകനുമായ സൗരഭ് ഷാ മഹാരാജ് എന്ന പേരിൽ ഒരു നോവൽ എഴുതിയിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് മഹാരാജ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ജുനൈദ് ഖാനും ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in