സിനിമയിൽ സെഞ്ച്വറിക്ക് അരികെ ജി വി പ്രകാശ്; നൂറാമത്തെ ചിത്രം സുധ കൊങ്ങരയ്‌ക്കൊപ്പം
ദേശീയ പുരസ്കാര നേട്ടത്തിന് ശേഷം സുധ കൊങ്ങര ചിത്രത്തിനായി വീണ്ടും സംഗീതം ഒരുക്കാൻ ജി വി പ്രകാശ്. സൂററെെ പോട്രിന് ശേഷം സൂര്യ - സുധ കൊങ്ങര ടീം വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായാണ് ജി വി പ്രകാശ് സംഗീതം ചെയ്യുന്നത്. ജി വി പ്രകാശിന്റെ സംഗീത ജീവിതത്തിലെ നൂറാമത്തെ ചിത്രമാണിത്
അടുത്തിടെ സംവിധായിക സുധ കൊങ്ങരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റില്‍ സൂര്യ 43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമമാകുന്നതിനായി കാത്തിരിക്കുകയാണെന്നും ഇത് ജി വി പ്രകാശ് പറഞ്ഞിരുന്നു
2006 ൽ വെയിൽ എന്ന ചിത്രത്തിലൂടെയാണ് ജി വി പ്രകാശ് സംഗീത സംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഉറുകുതെ മുരുഗുതേ എന്ന ആദ്യഗാനം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു . തുടർന്ന് ആടുകളം, മയക്കം എന്ന, ആയിരത്തിൽ ഒരുവൻ, കാക്ക മുട്ടൈ തുടങ്ങി പിന്നീട് വന്ന ചിത്രങ്ങളിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ യുവ സംഗീത സംവിധായകരുടെ പട്ടികയിൽ മുൻ നിരയിലായി ജി വി പ്രകാശ്. അറ്റ്ലിയുടെ വിജയ് ചിത്രം തെരിയാണ് ജി വി പ്രകാശിന്റെ അമ്പതാമത്തെ ചിത്രം. ചിത്രത്തിലെ ഉന്നാലെ എന്നാളും എൻ ജീവൻ ... എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു.
സമീപകാലത്ത് തമിഴ് സിനിമയ്ക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ച എല്ലാ ചിത്രങ്ങളുടെയും സംഗീത സംവിധായകൻ കൂടിയാണ് ജി വി പ്രകാശ്. ആടുകളം , അസുരൻ , സൂററൈ പോട്ര് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു . സൂററൈ പോട്രിലെ പശ്ചാത്തല സംഗീതത്തിനാണ് ജി വി പ്രകാശിന് ദേശീയ പുരസ്കാരം ലഭിച്ചത്