സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി, അല്ലുവിന് ദേശീയപുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷം; ജയ് ഭീം വിവാദത്തിൽ വ്യക്തത വരുത്തി നാനി
തെലുങ്കിലെ യുവതാരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നാനി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെയും ഇഷ്ട താരങ്ങളിലൊരാളായി നാനി മാറിയിട്ടുണ്ട്. ദേശീയ പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ നാനി എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വിവാദമായിരുന്നു. ജയ് ഭീം സിനിമയ്ക്ക് ഒരു പുരസ്‌ക്കാരം പോലും ലഭിക്കാത്തതിലുള്ള നിരാശയായിരുന്നു നാനി പങ്കുവെച്ചത്.
ഹൃദയം തകര്‍ന്ന ഇമോജിയോടെയായിരുന്നു നാനി ചിത്രത്തിന്റെ പേര് ട്വീറ്റ് ചെയ്തത്. ദേശീയ പുരസ്‌ക്കാരത്തില്‍ തെലുങ്ക് സിനിമയ്ക്ക് മുമ്പില്ലാത്ത തരത്തില്‍ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടും നാനി ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പോസ്റ്റിട്ടതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ആര്‍ആര്‍ആര്‍ സിനിമയ്ക്കും അല്ലു അര്‍ജുന് പുഷ്പയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടും എന്തിനാണ് നാനി ജയ് ഭീം സിനിമയ്ക്ക് വേണ്ടി സംസാരിച്ചതെന്ന് ചിലര്‍ ചോദിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നാനി. ഇന്ത്യ ടുഡെ ചാനല്‍ നടത്തിയ റൗണ്ട് ടേബിള്‍ ചര്‍ച്ചയിലായിരുന്നു നാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടായതെന്ന് നാനി പറഞ്ഞു.
ദേശീയ അവാര്‍ഡില്‍ നിന്ന് തെലുങ്ക് സിനിമയ്ക്ക് ലഭിച്ച നേട്ടത്തില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. 'ആര്‍ആര്‍ആര്‍', 'പുഷ്പ' എന്നിവയ്ക്ക് പുരസ്‌ക്കാരം ഉണ്ടായിരുന്നു എന്റെ സഹോദരന്‍ ബണ്ണിക്ക് (അല്ലു അര്‍ജുന്‍) ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. തെലുങ്ക് സിനിമ നേടിയ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ ആയിരുന്നു അത്. ഞാന്‍ അതീവ സന്തോഷവാനായിരുന്നു. അതില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.' എന്ന് നാനി പറഞ്ഞു.
'ജയ് ഭീം' കണ്ടപ്പോള്‍, ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിതെന്നും ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒരു വിഭാഗത്തില്‍ പോലും അവാര്‍ഡൊന്നും കിട്ടാതെ വന്നപ്പോളാണ് ജയ് ഭീമിന് വേണ്ടി പോസ്റ്റിട്ടത്. ഏതെങ്കിലും ചില വിഭാഗത്തിലെങ്കിലും സിനിമ പുരസ്‌ക്കാരം അര്‍ഹിച്ചിരുന്നെന്നും നാനി വ്യക്തമാക്കി. 'എനിക്ക് 'ജയ് ഭീം' ഇഷ്ടമായിരുന്നു, അവാര്‍ഡ് നേടിയിരുന്നെങ്കില്‍ ആ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പ്രോത്സാഹനമാകുമായിരുന്നു,' എന്നും നാനി പറഞ്ഞു.
ഹായ് നാന എന്ന ചിത്രമാണ് നാനിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം പാന്‍ഇന്ത്യതലത്തില്‍ റിലീസ് ചെയ്യും.