അഭിനവ് ബിന്ദ്രയാകാൻ ഹർഷ് വർദ്ധൻ കപൂർ ; ചിത്രം അടുത്ത വർഷം തീയേറ്ററുകളിലേക്ക്
അഭിനവ് ബിന്ദ്രയുടെ ജീവിതകഥ 2024 ൽ തീയേറ്ററിലെത്തും. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകൻ ഹർഷ് വർദ്ധൻ കപൂറാണ് അഭിനവ് ബിന്ദ്രയായി വേഷമിടുന്നത്. ബിന്ദ്രയുടെ ആത്മകഥയായ 'എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‌സെസ്സിവ് ജേർണി ടു ഒളിമ്പിക് ഗോൾഡ് ആൻഡ് ബിയോണ്ട്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. 2018ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കോവിഡിനെ തുടർന്നാണ് വൈകിയത്
ആറ് വർഷത്തിന് ശേഷമാണ് ഹർഷിന്റെ ഒരു ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നത്. 2018 ൽ റിലീസായ ഭവേഷ് ജോഷി സൂപ്പർ ഹീറോയ്ക്ക് ശേഷം എകെ v/s എകെ, താർ എന്നീ ചിത്രങ്ങൾ ഒടിടിയിലാണ് റിലീസ് ചെയ്തത്. എന്നാൽ ബിന്ദ്രയുടെ ജീവിത കഥ തീയേറ്റർ റിലീസായി തന്നെ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹർഷ് വ്യക്തമാക്കി. വളരെ റിയലിസ്റ്റിക്കായ ചിത്രമാണ് ഇത്. മനസ്സിലുള്ള രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചാൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായികതാരങ്ങളുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രങ്ങളിൽ സ്പോർട്സ് താരങ്ങളെ വളരെ ശക്തരായാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ അഭിനവ് ബിന്ദ്ര എന്ന വ്യക്തി വളരെ സാധാരണക്കാരനാണ്. അതേ രീതിയിൽ തന്നെ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് വിശ്വാസമെന്ന് അഭിനവ് ബിന്ദ്ര പറയുന്നു. കണ്ണൻ അയ്യർ ആണ് ചിത്രത്തിന്റെ സംവിധാനം. അനിൽ കപൂറും ഹരീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.