'ഞങ്ങൾ ഏത് പെണ്ണിനെ ആഗ്രഹിച്ചാലും അന്നുതന്നെ റൂമിലെത്തുമായിരുന്നു, 'വീരസ്യ'വുമായി മുതിർന്ന നടൻ'; വെളിപ്പെടുത്തലുമായി സിനിമ പ്രവർത്തകൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കൂടുതൽ പേർ രംഗത്തുവരുന്നുണ്ട്. പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെങ്കിലും തങ്ങൾക്കും സമാനമായതോ കേട്ടതിനേക്കാൾ ഞെട്ടൽ ഉളവാക്കുന്നതോ ആയ അനുഭവങ്ങൾ പറയാനുണ്ടെന്നാണ് ഇവരുടെ പക്ഷം. ജൂനിയർ ആർട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി മറ്റു സാങ്കേതിക വശങ്ങളിലുമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രവർത്തിച്ചുപോന്നവരാണ് ദ ഫോർത്തിനോട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.
'നീതിനിഷേധവും വിവേചനവും സ്ത്രീകൾക്ക് നേരെ മാത്രമല്ല. ആൺ പെൺ വ്യത്യാസമില്ലാതെ അവഗണന നേരിടുന്ന വിഭാഗമാണ് ഞങ്ങൾ. സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്ന താഴേത്തട്ടിലുളള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റിക്കൊടുക്കാൻ ഇന്നും പല സിനിമകളും തയ്യാറാവുന്നില്ല. 30 ദിവസം നീണ്ടുനിന്ന ഷൂട്ടിങ് ഷെഡ്യൂളിൽ ഞാൻ അടക്കം 85 പുരുഷന്മാർ അടങ്ങുന്ന ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ടൊയ്‌ലെറ്റ് സൗകര്യം ഒരുക്കിത്തരാൻ നിർമാതാക്കൾ തയ്യാറായിരുന്നില്ല. അടുത്തുള്ള കാടുപിടിച്ച പ്രദേശമാണ് അത്രയുംപേരും ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ടൊയ്‌ലെറ്റ് സൗകര്യം ആവശ്യപ്പെട്ടപ്പോൾ, ചെറിയ പടമാണ്, പണമില്ല എന്നതായിരുന്നു മറുപടി. ചുരുങ്ങിയ ചിലവിൽ പോർട്ടബിൾ ടൊയ്ലറ്റുകളും മറ്റും ലഭ്യമാകുന്ന കാലത്ത് പോലും തുറസായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യേണ്ടിവന്ന അനുഭവമാണ് ആ സെറ്റിൽ വെച്ചുണ്ടായത്. അതും തുടർച്ചയായ 30 ദിവസം. ഒപ്പം സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവസ്ഥ ഇതിലും പരിതാപകരമാകുമായിരുന്നു. സ്ത്രീകൾക്ക് വസ്ത്രം മാറാനായി നൽകുന്ന സൗകര്യങ്ങൾ പലപ്പോഴും ഒരു സുരക്ഷയും ഉറപ്പുനൽകാൻ കഴിയാത്ത, അടച്ചുറപ്പില്ലാത്ത മറകൾ മാത്രമാണ്. ഇതുവരെ പ്രവർത്തിച്ച ഒട്ടുമിക്ക സിനിമകളിലെയും സ്ഥിരം കാഴ്ചകളാണിത്.'
'സിനിമാ സെറ്റുകളിലെ ഡ്രഗ്സ് ഉപയോഗം പോലീസിന്റെ അനുവാദത്തോടെ തന്നെ നടക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും വേണ്ടപ്പെട്ട സിനിമാ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറാവാറില്ല. ചില സാഹചര്യങ്ങളിൽ ബന്ധങ്ങൾ ഉപയോഗിച്ച് പോലീസ് റെയ്ഡിനെ കുറിച്ച് നേരത്തെ തിരിച്ചറിയുകയും ലഹരിവസ്തുക്കൾ ലൊക്കേഷനിൽ നിന്നും താത്ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റുന്നതും കണ്ടിട്ടുണ്ട്.'
'അമ്മയിലെ തന്നെ സീനിയറായിട്ടുളള ഒരു ആർട്ടിസ്റ്റ് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, നീയൊക്കെ സിനിമയിൽ വന്ന കാലഘട്ടം മാറിപ്പോയി. മുമ്പൊക്കെ ഞങ്ങൾ ഏത് പെണ്ണിനെ ആഗ്രഹിച്ചാലും അന്ന് വൈകിട്ടുതന്നെ റൂമിലെത്തുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയും മീടുവും കാരണം ഒന്നും നടക്കില്ല. അന്ന് ആ വാചകം കേട്ട് അത്ഭുതം തോന്നി. ഇപ്പോഴുളള യുവ നടന്മാരുടെ കാര്യം അറിയില്ല, പക്ഷെ സീനിയർ ആയിട്ടുളള ഒരുപാടുപേർ ഈ രീതിയിൽ സിനിമയെയും സിനിമയെ ആശ്രയിക്കുന്ന സ്ത്രീകളെയും ചൂഷണം ചെയ്തിട്ടുളളവരാണ്, ചിലരൊക്കെ ഇപ്പോഴും തുടരുന്നുമുണ്ട്.'
'ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൂലി നൽകുന്നതിലും വലിയ തരംതിരിവുണ്ട്. നിറം നോക്കിയാണ് ചിലർ കൂലി നിശ്ചിക്കുന്നത്. വെളുത്തവർക്ക് പണം കൂടുതൽ നൽകുന്ന വിചിത്രമായ രീതി ഉള്ളത് ചിലപ്പോൾ മലയാളസിനിമയിൽ മാത്രമായിരിക്കും. കല്യാണവീടുകളിലും മറ്റും ആൾക്കൂട്ടങ്ങൾക്ക് വേണ്ടി ആർട്ടിസ്റ്റുകളെ വിളിക്കുമ്പോൾ പോലും വെളുത്ത സ്ത്രീകളും പുരുഷന്മാരും വേണമെന്ന നിബന്ധന വെക്കാറുണ്ട്. പലപ്പോഴും നേവൽബേസിൽ നിന്നും മറ്റും കൂടുതൽ പണം മുടക്കി വെളുത്തവരെ എത്തിക്കാറുണ്ട്. സീൻ അത് ആവശ്യപ്പെടുന്നില്ലെങ്കിലും ഇത്തരം നിറത്തിന്റെ പേരിലുളള വിവേചനം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. അടുത്തായി ഇറങ്ങിയ ഒരു പ്രമുഖ നടന്റെ സിനിമയിലെ ഒരു രംഗത്തിൽ മോണിറ്റർ നോക്കി കറുത്ത ജൂനിയർ ആർട്ടിസ്റ്റുകളെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടതും കണ്ടിട്ടുണ്ട്.'- പേരു വെളിപ്പെടുത്തരുതെന്ന നിർദേശത്തോടെ ഒരു സിനിമ പ്രവർത്തകൻ പറഞ്ഞു.