'ആരോപണങ്ങള്‍ക്ക് ആധികാരികതയില്ല, തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കട്ടെ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സജിമോന്‍ പാറയില്‍

'ആരോപണങ്ങള്‍ക്ക് ആധികാരികതയില്ല, തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കട്ടെ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സജിമോന്‍ പാറയില്‍

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ പറയുന്ന വെറും ആരോപണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലേക്കിട്ട് കൊടുക്കുന്നത് സിനിമാ മേഖലയിലുള്ളവരെ അപമാനിക്കുന്നതിന് തുല്യം
Updated on
2 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് തോന്നിയതിനാലാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് നിര്‍മാതാവ് സജിമോന്‍ പാറയില്‍. ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കട്ടെയെന്നാണ് വ്യക്തിപരമായ നിലപാടെന്നും സജി മോന്‍ പാറയില്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ കമ്മിറ്റിക്ക് മൊഴി കൊടുത്ത നടിമാര്‍ തന്നെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ഹേമ പലകുറി പറഞ്ഞതായുള്ള മാധ്യമവാര്‍ത്തകള്‍ കണ്ടിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ പറയുന്ന വെറും ആരോപണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലേക്കിട്ട് കൊടുക്കുന്നത് സിനിമാ മേഖലയിലുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും സജി മോന്‍ പാറയില്‍ പറഞ്ഞു.

കോടതിയെ സമീപിച്ചതിനു പിന്നില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന വാര്‍ത്ത വന്ന ഘട്ടത്തില്‍ തന്നെ വക്കീലുമായി സംസാരിച്ച് തുടങ്ങിയിരുന്നു. രണ്ടാഴ്ചമുന്‍പാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആധികാരികതയില്ലാത്ത ആരോപണങ്ങളില്‍ പെട്ടുപോയ പലരെയും നമ്മള്‍ മുന്‍പ് കണ്ടിട്ടില്ലേ? ഞാന്‍ കൂടി ഭാഗമായ ഇന്‍ഡ്‌സ്ട്രിക്ക് അങ്ങനെയൊരു പ്രതിസന്ധിയുണ്ടാകരുതെന്ന് കരുതിയാണ് കോടതിയെ സമീപിച്ചത്.

Q

റിപ്പോര്‍ട്ടില്‍ താങ്കളുടെ പേരൊന്നും ഉണ്ടാകാനിടയില്ലല്ലോ പിന്നെ എന്തിന് ഭയക്കണം? മറ്റാര്‍ക്കെങ്കിലും വേണ്ടിയാകാം താങ്കള്‍ കോടതിയെ സമീപിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകുമോ?

A

നമ്മളൊക്കെ സാമൂഹിക ജീവികളല്ലേ... അതിന്‌റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്. അതല്ലാതെ ഞാന്‍ ആര്‍ക്കെങ്കിലും വേണ്ടിയോ ഏതെങ്കിലും സംഘടനയുടെ ഭാഗമായോ അല്ല ഹര്‍ജി നല്‍കിയത്. മാത്രമല്ല ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയല്ല ചെയ്തത്, രാജ്യത്ത് അംഗീകരിക്കപ്പെടുന്ന നിയമനടപടികളാണ് സ്വീകരിച്ചത്.

റിപ്പോര്‍ട്ടിലുള്ള ഏതെങ്കിലും ആരോപണത്തിനു തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് എന്‌റെ നിലപാട്. ഒരു തെളിവിന്‌റെയും പിന്‍ബലമില്ലാത്ത, ഒട്ടും ആധികാരികമല്ലാത്ത കുറേ ആരോപണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കു വെയ്ക്കുന്നത് ശരിയല്ലല്ലോ? ആധികാരികമല്ലെന്ന് പറയാനുള്ള കാരണം മൊഴി നല്‍കിയവര്‍ തന്നെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതായി ഹേമ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഈ റിപ്പോര്‍ട്ടിന്‌റെ വിശ്വാസ്യത എന്താണ്?

Q

നിങ്ങള്‍ കൂടി ഭാഗമായ ഒരു മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള ബാധ്യത നിങ്ങള്‍ക്കുമില്ലേ?

A

അല്ല... അങ്ങനെയല്ലല്ലോ... എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങളേ സിനിമ മേഖലയിലുമുള്ളൂ. അത് ആണിനും പെണ്ണിനുമൊക്കെ ബാധകമായ പ്രശ്‌നങ്ങളുമാണ്. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരില്ലെന്നു പറയുമ്പോള്‍ തന്നെ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി തന്നെ പറഞ്ഞു. അപ്പോള്‍ ഏതെങ്കിലും മേഖലയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യം അതിനു പരിഹാരം കാണുകയല്ലേ വേണ്ടത്.

തുല്യവേതനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ലല്ലോ...അതല്ലാതെ ഈ റിപ്പോര്‍ട്ട് പുറത്തുവന്ന് അതിന്‌റെ പേരില്‍ കുറേ പേരെ ക്രൂശിക്കുകയും കുരിശിലേറ്റുകയുമൊക്കെ ചെയ്യുന്നതിനു പകരം സര്‍ക്കാര്‍ ആദ്യം നടപടിയെടുക്കട്ടെ.

Q

നടീനടന്മാരുടെയോ മറ്റാരുടെയുമോ പേര് ആ റിപ്പോര്‍ട്ടില്‍ ഇല്ലായെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്, ഒരു പേരും പുറത്തുവിടുകയുമില്ല. പിന്നെ എങ്ങനെയാണ് താങ്കള്‍ ഹര്‍ജിയില്‍ പറയുന്ന പോലെ നടിമാരുടെ ജീവന് ഭീഷണിയുണ്ടാവുക? മൊഴി കൊടുത്ത ആരെങ്കിലും അത്തരമൊരു ആശങ്ക താങ്കളുമായി പങ്കുവച്ചിട്ടുണ്ടോ?

A

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനാകില്ല

Q

ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ടോ? ഇല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമോ?

A

ആലോചിച്ച് തീരുമാനിക്കും

logo
The Fourth
www.thefourthnews.in