ലിയോയിൽ നിന്ന് തൃഷ പിൻമാറിയോ ? വ്യക്തത വരുത്തി അമ്മ ഉമാ കൃഷ്ണൻ
ലോകേഷ് - വിജയ് ചിത്രം ലിയോയിൽ നിന്ന് തൃഷ പിൻമാറിയെന്നായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ പ്രചരിച്ച വാർത്ത. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം താരം ഡൽഹിക്ക് മടങ്ങിയെന്നുള്ള പ്രചാരണവുമുണ്ടായി . ദേശീയ മാധ്യമങ്ങളടക്കം ഇത് സംബന്ധിച്ച വാർത്തയും നൽകി. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ തൃഷയുടെ അമ്മ തന്നെ രംഗത്തെത്തി.
തൃഷ കശ്മീരിൽ ലിയോയുടെ സെറ്റിൽ തന്നെയുണ്ടെന്നും ഒരു പ്രശ്നങ്ങളുമില്ലെന്നും മറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അമ്മ ഉമാ കൃഷ്ണൻ പറഞ്ഞു. തമിഴ് മാധ്യമമായ ജയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഉമാ കൃഷ്ണൻ ഇക്കാര്യം അറിയിച്ചത്.
കശ്മീരിലെ മോശം കാലവസ്ഥയെ തുടർന്ന് താരത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും ഡൽഹിക്ക് മടങ്ങിയെന്നുമായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
14 വർഷത്തിന് ശേഷം തൃഷയും വിജയ് യും ഒരുമിക്കുന്ന ലിയോ, ഇരുവരുടേയും 67 -മത് ചിത്രമാണ്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങിവയാണ് ഇരുവരും മുൻപ് ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ