ലിയോയുടെ ട്രെയിലറിനെതിരെയും പരാതി; ആവശ്യപ്പെട്ടിരുന്നെങ്കിൽ ഓഡിയോ ലോഞ്ചിന് സംരക്ഷണം നൽകുമായിരുന്നെന്ന് സർക്കാർ
വിജയ് ചിത്രം ലിയോയുടെ ട്രെയിലറിനെതിരെയും പരാതി. ട്രെയിലറിൽ വിജയ് മോശം ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് ഹിന്ദു പീപ്പിൾ അസോസിയേഷനാണ് പോലീസിൽ പരാതി നൽകിയത്. നേരത്തെ നാൻ റെഡി താൻ വരവാ എന്ന ഗാനത്തിനെതിരെയും പരാതി ഉയർന്നിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണെന്ന പരാതിയിൽ അത്തരം സീനുകൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു
അതേസമയം ലിയോയുടെ നിർമാതാവ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഓഡിയോ ലോഞ്ചിന് പോലീസ് സംരക്ഷണം നൽകുമായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനാലാണ് ഓഡിയോ ലോഞ്ച് ഒഴിവാക്കിയതെന്ന ആരാധകരുടെ വാദം ശരിയല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ലിയോ ട്രെയിലർ റിലീസിനിടെ രോഹിണി തീയേറ്ററിൽ നാശനഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ലിയോ ഓഡിയോ ലോഞ്ചിൽ ആരാധകരെ നിയന്ത്രിക്കാനാകാതെ വന്നാൽ എ ആർ റഹ്മാൻ ഷോയിൽ സംഭവിച്ചത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാത്രമാണ് പോലീസ് നിർമാതാക്കളെ അറിയിച്ചത്. തുടർന്ന് പരിപാടി ഒഴിവാക്കാൻ നിർമാതാക്കൾ തന്നെ തീരുമാനിക്കുകയായിരുന്നെന്നും, പോലീസിന് വിജയ് യോടോ വിജയ് ആരാധകരോടോ പ്രശ്നങ്ങളില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു
എ ആർ റഹ്മാൻ ഷോ അലങ്കോലപ്പെട്ടതിലും രോഹിണി തീയേറ്ററിലുണ്ടായ അക്രമത്തിലും പോലീസിന് വീഴ്ചപറ്റിയെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ രോഹിണി തീയേറ്ററിലെ ട്രെയിലർ റിലീസിന് ഉടമകൾ അനുമതി തേടുകയോ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്താത്തതിൽ പോലീസ് ഉത്തരവാദിത്വമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.