സിദ്ദിഖിനെ കുഴപ്പത്തിലാക്കിയ ഹിറ്റ്ലർ വിവാദവും 'ഫ്രണ്ട്സി'ൽ നിന്നുളള സുരേഷ്ഗോപിയുടെ പിന്മാറ്റവും
അഞ്ച് മികച്ച സിനിമകളാണ് സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത്. 'കാബൂളിവാല'യ്ക്ക് ശേഷം ഇരുവരും തമ്മിൽ പിരിയാൻ തീരുമാനിച്ചു. അപ്പോഴും രണ്ട് സ്വതന്ത്ര സംവിധായകരായി നിന്നുകൊണ്ട് ഒരേ സമയം സിനിമകൾ ചെയ്യാമെന്നതായിരുന്നു സിദ്ദിഖിന്റെ പക്ഷം. എന്നാൽ തമ്മിലൊരു മത്സരം ആഗ്രഹിക്കുന്നില്ലെന്ന കാരണം പറഞ്ഞ് സിദ്ദിഖിനെ സ്വതന്ത്ര സംവിധായകനായി വിട്ട് നിർമ്മാണ രംഗത്തേയ്ക്ക് തിരിഞ്ഞു ലാൽ.
മുൻപ് എപ്പോഴോ ഇരുവരും ഒരുമിച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു 'ഹിറ്റ്ലർ'. പിന്നീടത് സിദ്ദിഖിന്റേത് മാത്രമായി മാറി. അങ്ങനെ 1996ൽ സിദ്ദിഖിന്റെ മാത്രം പേരിൽ ആദ്യ ചിത്രം സംഭവിച്ചു. നിർമ്മാണത്തിലും വിതരണത്തിലും സുഹൃത്ത് ലാൽ ഒപ്പം നിന്നു. ലാൽ ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ തുടക്കവും അവിടെയായിരുന്നു.
പണ്ട് പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിൽ താമസമാക്കിയിരുന്ന പ്രീ ഡിഗ്രി കാലത്ത് അയൽവാസി ആയിരുന്ന പെൺകുട്ടിയും അവളുടെ സഹോദരനുമായിരുന്നു ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ സിദ്ദിഖിന് പ്രേരണയായത്. അന്ന് താൻ ഉൾപ്പടെയുളള ആ പരിസരത്തെ ഒട്ടുമിക്ക പയ്യന്മാരും സൈക്കിളുമായി ആ വീടിനുമുന്നിൽ സംഗമിക്കാറുണ്ടായിരുന്നു എന്ന് ഒരിക്കൽ സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. ടെറസിൽ പുസ്തകം വായിച്ച് നടക്കുന്ന പെൺകുട്ടിയെ നോക്കുന്നതിനൊപ്പം താഴെ മുറിയുടെ ജനാലയിലൂടെ കർട്ടൻ മാറ്റി നെഞ്ചിടിപ്പോടെ നോക്കിനിൽക്കുന്ന സഹോദരനെയും താൻ ശ്രദ്ധിക്കാറുണ്ടായിരുന്നു . സിദ്ദിഖിനെ ഏറെ ചിരിപ്പിച്ച ഒരു ഹിറ്റ്ലർ കഥാപാത്രം തന്നെയായിരുന്നു ആ വ്യക്തി. അയാളുടെ ആകുലത പ്രേക്ഷകരെയും രസിപ്പിക്കുമെന്ന ഉറപ്പിലാണ് ഒന്നിന് പകരം നാല് സഹോദരിമാരെ നൽകി ഹിറ്റ്ലർ എന്ന് ഇരട്ടപ്പേരും കൊടുത്ത് സിദ്ദിഖ് തന്റെ ആദ്യ സിനിമ ഒരുക്കിയത്.
മമ്മൂട്ടിയുമായി സിനിമ ചെയ്യാനുളള സിദ്ദിഖ്-ലാൽ കൂട്ടുകാരുടെ കൊതി ഒരു വശത്ത്. മമ്മൂട്ടി എന്ന നടന്റെ ഇമേജ് നിലനിർത്തണം എന്ന ബാധ്യത മറ്റൊരു വശത്ത്. ഒപ്പം സിദ്ദിഖ് ലാൽ സിനിമകളുടെ കോമഡി എലമെന്റ് നഷ്ടമാവാതെ നോക്കുകയും വേണം. ആകെ കുഴപ്പിച്ച തീരുമാനമായിരുന്നു സിദ്ദിഖ് എന്ന സംവിധായകന് തന്റെ ആദ്യ ചിത്രം. ഒപ്പം റിലീസിന് ശേഷം വന്ന ഹിറ്റ്ലർ വിവാദവും. ഹിറ്റ്ലർ മാധവൻകുട്ടിയെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ മമ്മൂട്ടി ആരാധകനായ ഒരു പയ്യൻ അന്നൊരു കാർട്ടൂൺ ചിത്രം വരച്ചു. ലോകം കണ്ട നീചനായ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറും ഹിറ്റ്ലർ മാധവൻകുട്ടിയും കൈകൊടുക്കുന്ന ചിത്രം. അതിൽ 'നീ എന്റെ ചീത്തപ്പേര് കുറച്ചു' എന്ന അഡോൾഫ് ഹിറ്റ്ലർ പറയുന്ന വാചകവും എഴുതിച്ചേർത്തിരുന്നു. ഇതൊരു തമാശയായി തോന്നിയ സിദ്ദിഖും ലാലും സിനിമയുടെ പ്രൊമോഷൻ മെറ്റീരിയലായും ഈ ചിത്രത്തെ ഉപയോഗിച്ചു. അന്ന് പക്ഷെ പ്രതീക്ഷക്കപ്പുറമൊരു വിപരീത ഫലം ഉണ്ടായി. 'ഒരു ദുർനടപ്പുകാരനെ വെള്ളപൂശുന്ന തമാശ' എന്നതിന് സമാനമായ തലക്കെട്ടിൽ അന്നത്തെ മുഖ്യധാരാ പത്രത്തിൽ ഒരു എഡിറ്റോറിയൽ ചർച്ചയ്ക്ക് തന്നെ ആ ചിത്രം വഴിവെച്ചു.
അടുത്ത സിനിമ 'ഫ്രണ്ട്സി'ലും തുടർന്നു വിവാദങ്ങളും തർക്കങ്ങളും. സുരേഷ്ഗോപിക്കായി നിശ്ചയിച്ചിരുന്ന അരവിന്ദൻ എന്ന കഥാപാത്രം വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ സുരേഷ്ഗോപി വേണ്ടെന്നുവെച്ചു. വിഷു റിലീസിനായി നിശ്ചയിച്ച ഉറ്റ സുഹൃത്തുക്കളുടെ മൂന്ന് ചിത്രങ്ങളിലേക്കും ഒരേ ഡേറ്റ് ചോദിച്ചു എന്ന കാരണത്തിൽ ആ ഡേറ്റ് ആർക്കും നൽകുന്നില്ലെന്ന കടുത്ത തീരുമാനമെടുത്ത് ചക്കച്ചാം പറമ്പിൽ ലാസർ എന്ന കഥാപാത്രത്തെ ഇന്നസെന്റും നഷ്ടമാക്കി. സിനിമയുടെ ആദ്യ ആലോചനയിൽ പുറത്തുവിട്ട വരച്ചുണ്ടാക്കിയ പോസ്റ്റർ, ആദ്യം മുകേഷിനെയും നടുവിൽ സുരേഷ് ഗോപിയെയും ഒടുവിൽ ശ്രീനിവാസനെയും നിർത്തിയുളളതായിരുന്നു. ഇത് കണ്ട് തന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം മുകേഷിന്റെ വേഷത്തിനാണെന്ന് തെറ്റിദ്ധരിച്ചാണ് സുരേഷ് ഗോപി പിന്മാറിയതെന്ന് സിനിമാ ഗോസിപ് കോളങ്ങളിലും നിറഞ്ഞു. എങ്കിലും അരവിന്ദൻ, പൂവാലൻ അരവിന്ദനായത് ജയറാമിന്റെ വരവോടെ ആയിരുന്നു. ഇന്നസെന്റ് വേണ്ടെന്ന് വെച്ചെങ്കിലും ജഗതിയുടെ കയ്യിൽ ലാസർ എളയപ്പനും ഭദ്രമായിരുന്നു.