സ്റ്റുഡിയോകളുമായി താത്കാലിക കരാറിലെത്തി ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ; സമരം ഉടന്‍ അവസാനിച്ചേക്കും
അമേരിക്ക സ്റ്റുഡിയോ ഗ്രൂപ്പായ അലയൻസ് ഓഫ് മോഷൻ പിക്ചർ & ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി താത്കാലിക കരാറിലെത്തിയതായി വ്യക്തമാക്കി ഹോളിവുഡ് തിരക്കഥാകൃത്തുക്കളുടെ സംഘടനയായ ദി റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക. വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയ സ്റ്റുഡിയോകളുമായി ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ താത്കാലിക കരാറിലെത്തിയതായാണ് സൂചന. ആവശ്യങ്ങൾ അംഗീകരിച്ചാൽ തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നീണ്ട അഞ്ചു മാസമായി നടത്തി വന്നിരുന്ന സമരം ഉടന്‍ അവസാനിപ്പിക്കും.
തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ച് സിനിമ ടെലിവിഷൻ തിരക്കഥാകൃത്തുക്കളായ ആയിരക്കണക്കിന് ആളുകളാണ് സമരത്തിലേർപ്പെട്ടിരുന്നത്. തൊഴിൽ സമയം ക്രമീകരിക്കുക, ശമ്പളം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ തിരക്കഥാകൃത്തുക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ ചലച്ചിത്ര ടെലിവിഷന്‍ രംഗം പ്രതിസന്ധിയിലായതിനാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധ്യമല്ലെന്ന നിലപാടിലായിരുന്നു സ്റ്റുഡിയോകൾ. സമരത്തിന് ഐക്യദാർഢ്യവുമായി സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളുമടക്കം നിരവധി ആളുകളാണ് രംഗത്തെത്തിയത്.
എന്നാൽ ഹോളിവുഡിൽ ഇതാദ്യത്തെ സമരമല്ല. 2017 ല്‍ സമാനമായി രീതിയില്‍ വലിയൊരു പണിമുടക്ക് ഹോളിവുഡിൽ നടന്നിരുന്നു. ഏകദേശം 200 കോടിയുടെ നഷ്ടം അന്നത്തെ സമരത്തിൽ സംഭവിച്ചുവെന്നാണ് കണക്ക്. സ്റ്റുഡിയോകൾ എഴുത്തുകാരുടെ ശമ്പളമാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കുന്നതെന്നും സംഘടന ആരോപിച്ചിരുന്നു.