ബ്രൂസ് വില്ലിസിന് മറവിരോഗം; ചികിത്സയില്ലാത്ത അസുഖമെന്ന് കുടുംബം

ബ്രൂസ് വില്ലിസിന് മറവിരോഗം; ചികിത്സയില്ലാത്ത അസുഖമെന്ന് കുടുംബം

ഒരു വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം
Updated on
1 min read

ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത 'ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ' എന്ന മറവിരോഗമാണെന്ന് സ്ഥിരീകരണം. അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രൂസ് വില്ലിസിൻ്റെ മകൾ ഇൻസ്റ്റഗ്രാമിലുടെയാണ് പങ്കുവച്ചത്. സംസാര ശേഷി നഷ്ടപ്പെടുന്ന അഫേസിയ എന്ന അവസ്ഥയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

'എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദി. സാധാരണ അറുപത് വയസ്സില്‍ താഴെയുള്ളവരില്‍ കാണപ്പെടുന്ന രോഗമാണ് ബ്രൂസിനെ ബാധിച്ചത്. കൃത്യമായ രോഗനിര്‍ണയം നടത്താനായതില്‍ ആശ്വാസം. ഇപ്പോള്‍ ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത അസുഖമാണ്. ഭാവിയില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ബ്രൂസിന് ആശയവിനിമയത്തില്‍ വന്ന ബുദ്ധിമുട്ട്' കുടുംബം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

തലച്ചോറിൻ്റെ മുൻഭാഗത്തേയും വലതു ഭാഗത്തേയും ബാധിക്കുന്ന അസുഖമാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന അസുഖം. ഇത് സ്ഥിരീകരിച്ച് കഴിഞ്ഞാൽ ഏഴ് മുതൽ 13 വർഷം വരെയാണ് ആ വ്യക്തിയുടെ ശരാശരി ആയുസ്സ്. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും രോഗത്തിനുള്ള ചികിത്സ കണ്ടെത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബ്രൂസിന്റെ കുടുംബം.

നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ബ്രൂസ് വില്ലിസ്. ദി വെര്‍ഡിക്‌ട്‌, ബ്ലൈന്‍ഡ് ഡേറ്റ്, പള്‍പ് ഫിക്ഷന്‍, ദി ഫിഫ്‌ത് എലമെന്‍റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം 1988ല്‍ പുറത്തിറങ്ങിയ 'ഡൈ ഹാര്‍ഡി'ലേതാണ്. സിനിമയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പായി വില്ലിസ് നിരവധി ഒടിടി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in