തനത് സംസ്കാരത്തിന്റെ ആഘോഷമായി ഹോണ്‍ബില്‍ ഫെസ്റ്റ്
വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലെ ഗോത്ര സംസ്കാരത്തിന്റെ നേർചിത്രം ഒരുക്കുകയാണ് സഞ്ചാരികൾക്കായി ഹോൺബിൽ ഫെസ്റ്റിവൽന്റെ ഇരുപത്തി മൂന്നാമത് എഡിഷൻ .കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളഞ്ഞതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത്തവണ ഹോൺ ബിൽ ഫെസ്റ്റ് കാണാൻ കൊഹിമയിലെ കിസാമാ വില്ലേജിലേക്കു പ്രവഹിക്കുന്നത് . ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം കാണാൻ വൻ മലയാളി പങ്കാളിത്തവും ഉണ്ടായിരുന്നു ഇത്തവണ .
2000 മുതൽ ആയിരുന്നു ഹോൺ ബിൽ ഫെസ്റ്റ് ഔദ്യോഗിക ആഘോഷമായി സർക്കാർ പ്രഖ്യാപിച്ചത് . അന്ന് മുതൽ കഴിഞ്ഞ 23 വർഷവും മുടക്കമില്ലാതെ ഈ ഗോത്രോത്സവം അരങ്ങേറുന്നുണ്ട് . ഡിസംബർ 1 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന ഉത്സവം നാഗാ ഗോത്ര വിഭാഗത്തിന്റെ സംസ്കൃതിയിലേക്കുള്ള തുറന്ന ജാലകമാണ്.
ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതിയും ഭക്ഷണ - വസ്ത്ര ശൈലിയും അവരുടെ സംഗീതവും നൃത്ത രൂപങ്ങളുമൊക്കെ അടുത്തറിയാനും ഹോൺ ബിൽ ഫെസ്റ്റ് സഹായിക്കും . ഗോത്ര വിഭാഗക്കാരെ ചേർത്തു നിർത്തുക, അവരെ പുറംലോകവുമായി കൂടുതൽ ബന്ധിപ്പിക്കുക, അവരുടെ കാർഷിക സംസ്കാരത്തെ പുറംലോകത്തെ മനുഷ്യർക്ക് പരിചയപ്പെടുത്തുക തുടങ്ങിയവയൊക്കെയാണ് ഹോൺ ബിൽ ഫെസ്റ്റിവലിന്റെ ലക്‌ഷ്യം .