അജയ്യനായി കിങ് ഖാൻ; അനിതരസാധാരണം ഈ യാത്ര

അജയ്യനായി കിങ് ഖാൻ; അനിതരസാധാരണം ഈ യാത്ര

സമാനകളില്ലാതെ സമരസപ്പെടാതെ അയാള്‍ ആ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും
Updated on
2 min read

തുടർച്ചയായി രണ്ട് ചിത്രങ്ങൾ 1000 കോടി ക്ലബിലെത്തിച്ച് ബോളിവുഡിന്റെ താരസിംഹാസനം ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് ഷാരൂഖ്. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ച് വരവിനാഗ്രഹിച്ച എന്നോട്, പഠാനിലൂടെ ദൈവം കരുണ കാണിച്ചു. ജവാനിലൂടെ ആ സ്നേഹവും കരുതലും തുടർന്നു. കഴിഞ്ഞ 29 വർഷം പ്രയത്നിച്ചതിനേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്ത്, ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു... പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ഷാരൂഖിന്റെ വാക്കുകൾ... ഈ യാത്ര അത്ര എളുപ്പമായിരുന്നോ ? അൽപ്പൊന്ന് പുറകോട്ട് പോയാലോ

ആധുനിക ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോഴും, സ്വപ്നം കാണുമ്പോഴും, മതത്തെ ഭക്ഷണശീലമാക്കി ചുരുക്കുന്ന, മതത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവരുടെ ഇരുണ്ട യുഗത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍ ... എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞ വാക്കുകള്‍ കേൾക്കാം...

ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയ്ക്ക് ഇടയ്ക്കിടെ പാത്രമാവുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടി വരുന്നതുകൊണ്ട് കൂടിയാകും ഇത്ര തെളിമയോടെ, വ്യക്തതയോടെ ഇത്തരം സാഹചര്യങ്ങളെ ഷാരൂഖ് നോക്കിക്കാണുന്നത്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജനുവരിയില്‍ ഷാരൂഖ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയതും ഈ അസഹിഷ്ണുതയെ നേരിട്ടും പ്രതിരോധിച്ചും അവഗണിച്ചും തന്നെയാണ്.

ലതാ മങ്കേഷ്‌ക്കറിന്റെ സംസ്‌കാരച്ചടങ്ങില്‍, സ്വന്തം മതവിശ്വാസ പ്രകാരം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച ഷാരൂഖിനെതിരെ മൃതദേഹത്തില്‍ തുപ്പിയെന്ന കള്ളപ്രചാരണം അഴിച്ചുവിട്ടു സൈബര്‍ ലോകവും വര്‍ഗീയവാദികളും. ഇതുമാത്രമോ? നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ട്വിറ്ററില്‍നിന്ന് മാത്രമല്ല രാജ്യം തന്നെ വിടേണ്ടിവരുമെന്ന് ഷാരൂഖ് പറഞ്ഞെന്ന സംഘപരിവാര്‍ നുണപ്രചാരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ട് കൂടിയാണ് മതേതരത്വമില്ലായ്മയാണ് ഒരു രാജ്യസ്നേഹിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്ന് അമ്പതാം ജന്മദിനത്തില്‍ ഷാരൂഖിന് പറയേണ്ടി വന്നതും.

ലത മങ്കേഷ്കറിന്റെ സംസ്കാരച്ചടങ്ങിൽ പ്രാർത്ഥിക്കുന്ന ഷാരൂഖ്
ലത മങ്കേഷ്കറിന്റെ സംസ്കാരച്ചടങ്ങിൽ പ്രാർത്ഥിക്കുന്ന ഷാരൂഖ്

ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി, ഇരുപതുകളുടെ തുടക്കത്തില്‍ ഷാരൂഖ് ഡല്‍ഹിയില്‍നിന്ന് മുംബൈയിലെത്തുമ്പോള്‍ സിനിമയെന്ന മായികലോകമായിരുന്നു സ്വപ്നത്തില്‍. ബോളിവുഡ് സിനിമ, കുടുംബവാഴ്ചയിലൂടെ മാത്രം സഞ്ചരിക്കുന്ന കാലം. തീയേറ്ററില്‍ ടിക്കറ്റ് കീറാന്‍ നിന്നും സീരിയല്‍ താരങ്ങളുടെ ഡ്രൈവറായുമെല്ലാം ജോലി നോക്കി ഷാരൂഖ് ഖാന്‍. അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിലൂടെ സീരിയല്‍ നടനായി, ടെലിവിഷന്‍ അവതാരകനായി , തുടര്‍ന്ന് സിനിമയിലുമെത്തി Don't underestimate the power of a common man എന്ന ചെന്നൈ എക്‌സ്പ്രസിലെ ഡയലോഗിനെ അന്വര്‍ത്ഥമാക്കുന്നത് തന്നെയാണ് ഷാരൂഖിന്റെ സിനിമാ ജീവിതവും. ആ യാത്രയാകട്ടെ ഓരോ സിനിമാ പ്രേമിക്കും മനഃപാഠമാണ് താനും.

സ്വപ്നം കണ്ടതിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുമ്പോഴും എളിമ കൈവിടാതെയും നിലപാടിലുറച്ചും തലയുയര്‍ത്തി നില്‍ക്കുന്നതുകൊണ്ട് തന്നെയാണ് കിങ് ഖാന്‍ ഇന്നും ബോളിവുഡിന്റെ താരസിംഹാസനത്തില്‍ അടിയുറച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങളാല്‍ മൂന്ന് വര്‍ഷത്തെ ഇടവേള എടുത്തപ്പോഴും ആരാധകര്‍ അതേ ആവേശത്തോടെ ബോളിവുഡിന്‌റെ ബാദ്ഷയുടെ തിരിച്ചുവരവിനായി കാത്തിരുന്നു.

തിരിച്ചുവരവില്‍ പക്ഷേ പ്രേക്ഷകരും ബോളിവുഡും കിങ് ഖാനെ ഭാരിച്ച ഉത്തരവാദിത്തം കൂടി ഏല്‍പ്പിച്ചിരുന്നു, തുടര്‍ച്ചയായ പരാജയങ്ങളില്‍ അടിപതറി നില്‍ക്കുന്ന ബോളിവുഡ് ബോക്സ് ഓഫീസിനെ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കുക. മറ്റൊരു താരത്തിനും കഴിയാതിരുന്ന ആ ലക്ഷ്യത്തിലേക്ക് അനായാസം നടന്നുകയറി ഷാരൂഖ്, അതും റെക്കോര്‍ഡ് നേട്ടത്തോടെ. ബോളിവുഡിലെ മറ്റൊരു താരത്തിനും ചിന്തിക്കാന്‍ കൂടി ധൈര്യമില്ലാത്ത 1055 കോടി എന്ന മാന്ത്രിക സംഖ്യയാണ് പഠാനും ഷാരൂഖും സമ്മാനിച്ചത്.

ദോഷൈക ദൃക്കുകള്‍ക്ക് പക്ഷേ ആ റെക്കോര്‍ഡും ഒരു നേട്ടമായി കണ്ട് അംഗീകരിക്കാനായില്ല. പഠാനുമേല്‍ ഉണ്ടായ വിവാദങ്ങളാണ് വിജയത്തിന് കാരണമെന്ന് അവര്‍ അതിനെ ലഘൂകരിച്ചു. തുടര്‍ന്ന് വന്ന ജവാന്‍, തമിഴ് ചിത്രങ്ങളുടെ മാഷ് അപ്പ് എന്ന് ആദ്യ ദിവസം തന്നെ പ്രചാരണം, തെന്നിന്ത്യ കൈവിട്ടെന്ന ആരോപണം... പതിവുപോലെ ചിരിച്ചും ബോക്‌സ് ഓഫീസില്‍ ഹിറ്റ് അടിച്ചും ഷാരൂഖിന്‌റെ മറുപടി. റെഡ് ചില്ലീസിന്‌റെ കള്ളക്കണക്കാണെന്ന വാദമൊന്നും ഇനി വിലപ്പോവില്ല. തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ 1000 കോടി ക്ലബിലെത്തിച്ച ആദ്യ താരവും നിലവില്‍ ഏക താരവും കിങ് ഖാന്‍ ആണ്. സമാനകളില്ലാതെ സമരസപ്പെടാതെ അയാള്‍ ആ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...

logo
The Fourth
www.thefourthnews.in