മമ്മൂട്ടിയുടെ കൗരവര്‍ക്ക് 'കനകനിലാവായി' മാറിയ മഹായാനത്തിന്റെ ഹമ്മിങ്

മമ്മൂട്ടിയുടെ കൗരവര്‍ക്ക് 'കനകനിലാവായി' മാറിയ മഹായാനത്തിന്റെ ഹമ്മിങ്

പരാജയപ്പെട്ട ചിത്രത്തിലെ ഹമ്മിങ് മലയാളികളുടെ ജനപ്രിയ ഗാനമായി മാറിയ കഥ
Updated on
1 min read

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തീയേറ്ററില്‍ ഹിറ്റാകുന്നതിനൊപ്പം വീണ്ടും സജീവ ചര്‍ച്ചയായി ജോഷി ചിത്രം മഹായാനം. മഹായാനത്തിന്‌റെ പരാജയത്തിനുശേഷം എല്ലാം നഷ്ടപ്പെട്ട് നാടുവിട്ട് പോയ നിര്‍മാതാവിന്‌റെ മക്കളുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്ന നിലയില്‍ കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നത്. മഹായാനത്തിന്‌റെ ആ പരാജയത്തില്‍ മുങ്ങിപ്പോയ ഒരു പശ്ചാത്തല സംഗീത ശകലം പിന്നീട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഒരു സിനിമാഗാനമായി മാറിയിട്ടുണ്ട്.

പശ്ചാത്തല സംഗീതത്തില്‍ നിന്നൊരുങ്ങിയ കനകനിലാവേ

കനക നിലാവേ തുയിലുണരൂ... തരളവസന്തം വരവായി.... പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ മമ്മൂട്ടിയും കൗരവര്‍ എന്ന സിനിമയും മനസിലേക്ക് ഓടിയെത്തും. 1992 ല്‍ പുറത്തിറങ്ങിയ സംവിധായകന്‍ ജോഷിയുടെ ആക്ഷന്‍ ചിത്രത്തിന്‌റെ വിജയത്തിന് ഈ പാട്ടും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രചന കൈതപ്രം, സംഗീതം എസ് പി വെങ്കടേഷ്. പാടിയിരിക്കുന്നത് കെ ജെ യേശുദാസും കെ എസ് ചിത്രയും.

ഈ ഗാനത്തിലെ

പാപമ ഗമഗമ പാപമ ഗമഗമ

പാ പ സ നീ പാ മാഗ

പാപമ ഗമഗമ പാപമ ഗമഗമ

എന്ന ഭാഗം ജോഷിയുടെ തന്നെ മമ്മൂട്ടി ചിത്രമായ മഹായാനത്തിന്‌റെ പശ്ചാത്തല സംഗീതമായാണ് എസ് പി വെങ്കടേഷ് ആദ്യമായി ചിട്ടപ്പെടുത്തുന്നത്. (മഹായാനത്തിന്‌റെ സംഗീതം ഔസേപ്പച്ചന്‍ ആയിരുന്നെങ്കിലും പശ്ചാത്തല സംഗീതം ഒരുക്കിയത് എസ് പി വെങ്കടേഷ് ആയിരുന്നു). മഹായാനത്തില്‍ രാജമ്മയ്ക്ക് ചന്ദ്രുവിനോട് (സീമയും മമ്മൂട്ടിയും) പ്രണയം തോന്നുന്ന സീനിന്‌ മാറ്റ് കൂട്ടുന്നതും ഈ പശ്ചാത്തല സംഗീതശകലമാണ്. പക്ഷേ മഹായാനം തീയേറ്ററില്‍ പരാജയപ്പെട്ടതിനാല്‍ തന്നെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപ്പെട്ടില്ല.

മഹായാനത്തിനുശേഷം കൗരവരിലേക്ക് കടന്നപ്പോള്‍ സംവിധായകന്‍ ജോഷിക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, സംഗീതം എസ് പി വെങ്കടേഷ് തന്നെ, പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്, മഹായാനത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ആ ഹമ്മിങ് വച്ചുള്ള ഒരു പാട്ട് കൗരവരില്‍ വേണം.

എസ് പി വെങ്കടേഷിന്‌റെ വാക്കുകള്‍

മഹായാനത്തിന്‌റെ പശ്ചാത്തല സംഗീതം ജോഷി സാറിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു, പ്രത്യേകിച്ച് പാപമ ഗമഗമ പാ പ സ നീ പാ മാഗ എന്ന ഹമ്മിങ്... പക്ഷേ അന്ന് അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൗരവരിലേക്ക് വിളിച്ചപ്പോള്‍ സാര്‍ ചോദിച്ചു, ആ ഹമ്മിങ്ങ് വച്ചൊരു പാട്ട് ചെയ്യാമോ? അങ്ങനെയാണ് ആ പാട്ട് ചെയ്തത്.

മഹായാനത്തിന് സംഭവിച്ചതുപോലെയായില്ല, പാട്ട് ശ്രദ്ധിക്കപ്പെട്ടു. കൗരവരും സൂപ്പര്‍ഹിറ്റായി. അന്ന് മാത്രമല്ല ഇന്നും റിപീറ്റ് വാല്യൂ കൂടുതലുള്ള പട്ടികയിലാണ് കൗരവരുടേയും കനകനിലാവേ എന്ന പാട്ടിന്‌റെയും സ്ഥാനം.

logo
The Fourth
www.thefourthnews.in