ഹിന്ദി പറയാന്‍ വിക്രമും വേദയും : ഹൃത്വിക്കും സൈഫും നേർക്കുനേർ
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നതും തിയേറ്ററില്‍ കോടികള്‍ വാരുന്നതുമൊന്നും പുതിയ കാര്യമല്ല. ഹിന്ദി സിനിമാ ലോകത്തിന് അങ്ങനെ ഒരു വിജയ ചരിത്രം തന്നെ ഉണ്ട്. അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ചേര്‍ന്നഭിനയിച്ച ഷോലെയില്‍ തുടങ്ങി ഇപ്പോഴിതാ 'വിക്രം വേദ'യില്‍ വന്നു നില്‍ക്കുകയാണ് ബോളിവുഡിന്‍റെ താരസംഗമം. വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ ടീസര്‍ ബുധനാഴ്ച അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഇന്ത്യന്‍ നാടോടിക്കഥയായ ബൈതല്‍ പച്ചിസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, വിജയ് സേതുപതിയും ആര്‍ മാധവനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു വിക്രം വേദ. 2017ല്‍ റിലീസ് ചെയ്ത ചിത്രം ഒരു നിയൊ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണൊരുക്കിയിരുന്നത്. തമിഴ് വിക്രം വേദയുടെ സംവിധായകര്‍ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്.
ഗുണ്ടാസംഘമായ വേദയെ കണ്ടെത്തി കൊല്ലാന്‍ പുറപ്പെടുന്ന പോലീസ് ഇന്‍സ്പെക്ടറായ വിക്രത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വേദ സ്വമേധയാ കീഴടങ്ങിയതിന് ശേഷം, നന്മ തിന്മകളെക്കുറിച്ചുള്ള ധാരണകളെ മാറ്റുന്ന മൂന്ന് കഥകള്‍ വിക്രമിനോട് പറയുന്നതാണ് കഥയുടെ ഇതിവൃത്തം. ഇരു കഥാപാത്രങ്ങളും നേരിടുന്ന ജീവിത പ്രശ്നങ്ങളും വ്യക്തിപരമായ ചിന്താഗതികളുമെല്ലാം ചിത്രം പറയുന്നുണ്ട്. ഹിന്ദി പതിപ്പ് എങ്ങനെയായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍.
ചിത്രത്തിന്‍റെ സംവിധായകര്‍ തന്നെയാണ് ടീസര്‍ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഹൃത്വിക് റോഷന്‍റെ പുതിയ അവതാരം കാണാന്‍ കൗതുകത്തോടെ കാത്തുനില്‍ക്കുകയാണ് ആരാധകര്‍. എന്നാല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി അഭിനയിച്ച് ഫലിപ്പിച്ച വേദയെന്ന കഥാപാത്രത്തോട് ഹൃത്വിക്കിന് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് തമിഴ് ആരാധകര്‍.
ഭൂഷന്‍ കുമാര്‍, എസ് ശശികാന്ത് കൂട്ടുകെട്ടില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രാധിക ആപ്തെ, റോഹിത് സരഫ്, സത്യദീപ് മിശ്ര തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രം സെപ്റ്റംബര്‍ മുപ്പതിന് തിയേറ്ററില്‍ എത്തും.