'ദിലീപ് ആണയിട്ട് പറഞ്ഞു, ആ വാക്കുകൾ വിശ്വസിക്കുന്നു'; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സലീം കുമാര്‍

'ദിലീപ് ആണയിട്ട് പറഞ്ഞു, ആ വാക്കുകൾ വിശ്വസിക്കുന്നു'; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സലീം കുമാര്‍

ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം
Updated on
2 min read

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തിട്ടില്ലെന്ന ദിലീപിന്റെ വാക്കുകള്‍ വിശ്വസിക്കുന്നതായി നടന്‍ സലീം കുമാര്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ വിവിധ വിഷയങ്ങളെ കുറിച്ചും മലയാളസിനിമയില്‍ നിന്നുള്ള ഇടവേളയെ കുറിച്ചും ഉള്‍പ്പെടെ സലീം കുമാർ മനസുതുറക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപാണ് കുറ്റക്കാരനെന്ന് വിധിയെഴുതാന്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അവകാശമില്ല. അന്തിമ വിധി പുറപ്പെടുവിക്കേണ്ടത് ‍ കോടതിയാണ് എന്നായിരുന്നു സലീം കുമാറിന്റെ പ്രതികരണം. ''എല്ലാ വിഷയത്തിലും ദിലീപ് ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഞാന്‍ അയാളോട് നേരിട്ട് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്നാണ് കുട്ടികളെ ആണയിട്ട് ദിലീപ് പറഞ്ഞത്. അത് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . എന്റെ വിശ്വാസം ശരിയാകാം, തെറ്റാകാം.'' സലീം കുമാര്‍ പറയുന്നു.

നാലു വര്‍ഷമായി സിനിമ മേഖലയില്‍ സജീവമല്ല, ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഈ ഇടവേളയെന്നും സലീം കുമാര്‍ കൂട്ടിച്ചേർത്തു.

പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍ എന്ന നിലയിലാണ് ഇന്നത്തെ മലയാള സിനിമകള്‍. കെ ജി ജോര്‍ജ്, അരവിന്ദന്‍ എന്നിവരെ പോലുള്ള സംവിധായകര്‍ ചെയ്തിരുന്ന സിനിമകളില്‍ നിന്നും ഒരു മാറ്റവും ഇന്നത്തെ സംവിധായകര്‍ക്കില്ല. ഭരതന്റേയും പത്മരാജന്റേയും സിനിമകളുടെ ഒരു പരിച്ഛേദം തന്നെയാണ് പുതിയ കാലത്തെ സിനിമകള്‍. അതേ സമയം ഇന്നത്തെ തലമുറയില്‍ പ്രതിഭകളില്ലെന്ന് തനിക്ക് അഭിപ്രായമില്ലെന്നും സലീം കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

'ദിലീപ് ആണയിട്ട് പറഞ്ഞു, ആ വാക്കുകൾ വിശ്വസിക്കുന്നു'; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സലീം കുമാര്‍
'ഇതൊരു ടീമിന്റെ വിജയം, എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈന്‍ അതിന് ഉദാഹരണം': തന്‍വി റാം

ഇന്നത്തെ സിനിമകള്‍ നിര്‍മിക്കുന്നത് യുവതലമുറയ്ക്ക് വേണ്ടിയാണ്, തീയറ്ററിലെത്തുന്നത് യുവതലമുറയായതുകാണ്ടാകാം അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ പുതിയ കാല സിനിമകളില്‍ ഹാസ്യത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. നല്ല തമാശകള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് തന്നെയാണ് ലഭിക്കുക. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ആശ്രയിക്കുന്നവര്‍ക്ക് നല്ല തമാശകള്‍ കിട്ടില്ല എന്നാണ് തന്റെ അഭിപ്രായം. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം തനിക്ക് പോലും ഹാസ്യ കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കുറവാണെന്നും നടന്‍ വ്യക്തമാക്കി

 അരവിന്ദ്
അരവിന്ദ്

പൊളിറ്റിക്കല്‍ കറക്ട്നസിന്റെ അതിപ്രസരം സിനിമകളിലെ തമാശകളെയും ബാധിച്ചു. ഏതെങ്കിലും നിയന്ത്രണത്തിനുള്ളില്‍ നിന്ന് എഴുതേണ്ട ഒന്നല്ല ഫലിതം. ബോഡി ഷെയ്മിങ് മോശമാണ്. ഒരു കാലത്ത് പുരുഷന്റെ സൗന്ദര്യമായി കണ്ട കഷണ്ടി എങ്ങനെയാണ് ബോഡി ഷെയ്മിങ് ആകുക എന്ന ചോദ്യവും സലീം കുമാര്‍ ചോദിക്കുന്നു. ജൂഡ് ആന്തണി- മമ്മൂട്ടി വിഷയം പരാമര്‍ശിച്ചായിരുന്നു നടന്റെ പ്രതികരണം.

 കെ  ജി ജോര്‍ജ്
കെ ജി ജോര്‍ജ്

തന്റെ രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അച്ഛനാണ് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. കോണ്‍ഗ്രസ് ലീഡറായ കെ കരുണാകരനെ കുട്ടിക്കാലത്ത് കാണാന്‍ പോയ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളും സലീം കുമാര്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

'രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താല്‍പര്യമല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റിയ വ്യക്തിയല്ല താന്‍. ഇടതു രാഷ്ട്രീയ പ്രവര്‍ത്തകനല്ലാത്തവര്‍ക്ക് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന വാദങ്ങളോട് തനിക്ക് യോജിപ്പില്ല. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച താരങ്ങള്‍ക്കായി പ്രചാരണത്തിനിറങ്ങുന്നതില്‍ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ അമ്മയെന്ന സംഘടനയ്ക്ക് സാധിച്ചില്ല'- സലീം കുമാര്‍ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അമ്മയ്ക്ക് കൊടുത്ത രാജി സ്വീകരിക്കാന്‍ സംഘടന തയ്യാറായിട്ടില്ലെന്നും താരം അറിയിച്ചു.

കൊച്ചിയില്‍ നടന്ന ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്ന നടപടി വേദനയുണ്ടാക്കി. ദേശീയ അവാര്‍ഡ് ജേതാക്കളാണ് ദീപം തെളിയിക്കുന്നതെന്ന് പറഞ്ഞിടത്ത് നിന്നാണ് താന്‍ ഒഴിവാക്കപ്പെട്ടത് എന്നും സലീം കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച വാര്‍ത്തകള്‍ നിറയുമ്പോഴും ഇത്തരം അനുഭവങ്ങള്‍ തനിക്കില്ലെന്നാണ് സലീം കുമാറിന്റെ അഭിപ്രായം. ലഹരി ഉപയോഗ വിഷയത്തില്‍ ആരോപണ വിധേയരായി കഴിയുന്ന നടന്‍മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സലീംകുമാര്‍ എന്ന നടനെ ചിരിപ്പിച്ചതാരാണെന്ന ചോദ്യത്തിന് ഇന്നസെന്റ് എന്നാണ് താരത്തിന്റെ ഉത്തരം. കുതിരവട്ടം പപ്പുവിനെയും ഇന്നസെന്റിനെയുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിന് അനുസരിച്ച് മലയാള സിനിമാ വ്യവസായത്തിനും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് കാരവാന്‍ സംസ്കാരമാണ്. പണ്ടിങ്ങനെ ആയിരുന്നില്ലെന്നും സലീം കുമാര്‍ കൂട്ടിച്ചേർക്കുന്നു

logo
The Fourth
www.thefourthnews.in