'സിനിമയിലെ മാഫിയ സംഘങ്ങള്‍ വെളിച്ചത്തുവരും', ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടാകുമെന്ന് വിനയന്‍

'സിനിമയിലെ മാഫിയ സംഘങ്ങള്‍ വെളിച്ചത്തുവരും', ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടാകുമെന്ന് വിനയന്‍

'ഇനിയെങ്കിലും റിപ്പോർട്ട് വെളിയിൽ വിട്ടില്ലെങ്കിൽ സിനിമാ മേഖലയിലെ മോശമായ ചെയ്തികൾ നടത്തുന്നവർക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്ന് ജനം ചിന്തിച്ചുപോകും.'
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമയിലെ മാഫിയ സംഘങ്ങളെ കുറിച്ചുകൂടി ലോകമറിയുമെന്ന് സംവിധായകൻ വിനയൻ. വെറും മീറ്റൂ ആരോപണങ്ങൾ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളതെന്ന് താൻ കരുതുന്നില്ലെന്നും, ഇഷ്ടമില്ലാത്തവരെ ഒതുക്കാനും അവരുടെ സിനിമയെ ഇല്ലാതാക്കാനുമൊക്കെയായി പ്രവർത്തിച്ചുപോരുന്ന ലോബികളെ കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി റിപ്പോർട്ടിൽ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വിനയൻ ദ ഫോർത്തിനോട് പറഞ്ഞു.

'സിനിമയിലെ മാഫിയ സംഘങ്ങള്‍ വെളിച്ചത്തുവരും', ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടാകുമെന്ന് വിനയന്‍
'സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തുലിതാവസ്ഥയും പറുത്തുവരണം'; വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

വിനയന്റെ വാക്കുകൾ

'ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് 2019ലാണ്. അന്നുമുതൽ, അതായത് 5 വർഷം മുമ്പേ എന്നെപ്പോലുളളവർ ആവശ്യപ്പെട്ടതാണ് റിപ്പോർട്ടിന്റെ ഉളളടക്കം പുറത്തുവിടണമെന്ന്. വെറുതെ പൂഴ്ത്തിവെക്കാനായിരുന്നെങ്കിൽ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് എന്തിന് വെറുതെ ഒരു റിപ്പോർട്ട് ഉണ്ടാക്കി? വിവരങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിനോട് യോജിക്കാനാവുന്നില്ല. ഇനിയെങ്കിലും റിപ്പോർട്ട് വെളിയിൽ വിട്ടില്ലെങ്കിൽ സിനിമാ മേഖലയിലെ മോശമായ ചെയ്തികൾ നടത്തുന്നവർക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്ന് ജനം ചിന്തിച്ചുപോകും. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ വെളിയിൽ വിടാതെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തുകൊളളട്ടെ, അത്തരം കാര്യങ്ങൾ നമ്മൾ ആവശ്യപ്പെടുന്നില്ല. അറിയേണ്ടത് മലയാള സിനിമയ്ക്കുളളിൽ നടന്നിട്ടുളള കൊളളരുതായ്മകളെയാണ്.

ഹേമ കമ്മീഷന് മുന്നിൽ 3 തവണ മൊഴി നൽകിയിരുന്നു. എന്നെയും എന്റെ സിനിമകളെയും ഇല്ലായ്മ ചെയ്യാനായി ഒരു ലോബി പ്രവർത്തിച്ചു എന്നതിനെ കുറിച്ചുളള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്നെ ഹേമ കമ്മിറ്റി സമീപിച്ചത്. വിനയൻ എന്ന ആളുടെ പടത്തിൽ അഭിനയിക്കരുത്. അഭിനയിച്ചാൽ പിന്നെ സിനിമ കിട്ടില്ല എന്ന രീതിയിൽ പല സംഘടനാ നേതാക്കന്മാരും പല ആർട്ടിസ്റ്റുകളോടും പറഞ്ഞതായി അവർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. അതിന്മേലൊക്കെ എന്റെ അഭിപ്രായം അറിയാനാണ് എന്നെ വിളിച്ചിരുന്നത്. മലയാള സിനിമയിൽ ആരോടും ഇത്തരം വിഷയങ്ങളിൽ പരാതിപ്പെട്ടിട്ട് കാര്യമില്ല. ഇവിടെ എന്തിനും ഏതിനും ഒരു താരാധിപത്യ സ്വഭാവമുണ്ട്. അതുകൊണ്ട് ഞാനാരോടും പരാതിപ്പെടാൻ നില്ക്കാതെ നേരെ കേസ് കൊടുക്കുകയാണ് ചെയ്തിരുന്നത്. പക്ഷെ അവിടെ എനിക്ക് നഷ്ടമായത് പന്ത്രണ്ടോളം വർഷങ്ങളാണ്.

ഇഷ്ടമില്ലാത്തവരെ ഒതുക്കാനും അവരുടെ സിനിമയെ ഇല്ലാതാക്കാനുമൊക്കെയായി വലിയ ലോബി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വെറും മീറ്റൂ ആരോപണങ്ങൾ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളതെന്ന് കരുതുന്നില്ല. റിപ്പോർട്ടിന്റെ പുറത്തുവിട്ടാൽ ഇത്തരം മാഫിയകളെ കുറിച്ചുകൂടിയുളള വിവരങ്ങൾ കൂടി പുറംലോകമറിയുമെന്നാണ് ഞാൻ കരുതുന്നത്..'

logo
The Fourth
www.thefourthnews.in