അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വര്‍ണാഭ തുടക്കം; പ്രദര്‍ശനത്തിന് 280 സിനിമകള്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വര്‍ണാഭ തുടക്കം; പ്രദര്‍ശനത്തിന് 280 സിനിമകള്‍

ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും
Updated on
2 min read

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ (ഐഎഫ്എഫ്‌ഐ) പ്രൗഢഗംഭീര തുടക്കം. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, ഡോ. എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിനിമാ താരങ്ങളായ കാര്‍ത്തിക് ആര്യന്‍, സാറ അലി ഖാന്‍, വരുണ്‍ ധവാന്‍, മൃണാള്‍ താക്കൂര്‍, കാതറിന്‍ ട്രീസ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 28 വരെ നടക്കുന്ന 53മത് ചലച്ചിത്ര മേളയില്‍ 79 രാജ്യങ്ങളില്‍ നിന്നുള്ള 280 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും.

കോവിഡിനെത്തുടര്‍ന്ന് ഹൈബ്രിഡ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. കടല്‍ത്തീരങ്ങളിലും തെരുവുകളില്‍ ഒരുക്കുന്ന കാരവാനുകളിലും സിനിമാ പ്രദര്‍ശനം നടത്തുന്ന രീതിയും ഇത്തവണ ഉണ്ടാകും.

കാര്‍ലോസ് സുവാര
കാര്‍ലോസ് സുവാര

അന്താരാഷ്ട്രവിഭാഗത്തില്‍ പ്രദര്‍ശനത്തിന് 183 സിനിമകളുണ്ട്. സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സുവാരയ്ക്ക് നല്‍കും. എന്‍എഫ്എഐയില്‍ നിന്നുള്ള സിനിമകള്‍ ഇന്ത്യന്‍ റീസ്റ്റോര്‍ഡ് ക്ലാസിക്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. വടക്കു കിഴക്കേ ഇന്ത്യയില്‍ നിന്നുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ഫീച്ചര്‍ സിനിമകളും 5 നോണ്‍ ഫീച്ചര്‍ സിനിമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മണിപ്പൂരി സിനിമയുടെ സുവര്‍ണ ജൂബിലി ആഘോഷത്തെ അടയാളപ്പെടുത്തും. 26ന്റെ ഷിഗ്മോത്സവ് (വസന്തോത്സവം), 27 ലെഗോവ കാര്‍ണിവല്‍ എന്നിവ പ്രത്യേക ആകര്‍ഷണങ്ങളാകും.

ലത മങ്കേഷ്‌കര്‍, ബാപ്പി ലാഹിരി, കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, അഭിനേതാക്കളായ രമേഷ് ദേവ്, മഹേശ്വരി അമ്മ, ഗായകന്‍ കെ കെ, സംവിധായകന്‍ തരുണ്‍, നിപോണ്‍ ദാസ്, അസം നടനും നാടക കലാകാരനുമായ മജുംദാര്‍, ഗായകന്‍ ഭൂപീന്ദര്‍ സിങ് എന്നിവര്‍ക്കു മേള ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. അന്താരാഷ്ട്രവിഭാഗത്തില്‍, ബോബ് റഫേല്‍സണ്‍, ഇവാന്‍ റൈറ്റ്മാന്‍, പീറ്റര്‍ ബോഗ്ദനോവിച്ച്, ഡഗ്ലസ് ട്രംബെല്‍, മോണിക്ക വിറ്റി എന്നീ പ്രതിഭകള്‍ക്കും മേള ശ്രദ്ധാഞ്ജലിയര്‍പ്പിക്കും.

അന്താരാഷ്ട്ര വിപണികള്‍ക്കനുസൃതമായി പ്രത്യേക പവലിയനുകള്‍ മേളയിലുണ്ടാകും. ഈ വര്‍ഷം ആകെ 42 പവലിയനുകളാണുണ്ടാകുക. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഫിലിം ഓഫീസുകള്‍, മേളയില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മന്ത്രാലയത്തില്‍ നിന്നുള്ള മാധ്യമ യൂണിറ്റുകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. ഇതിഹാസ ചലച്ചിത്രങ്ങളുടെ മെച്ചപ്പെടുത്തിയ പ്രിന്റുകള്‍ 'ദി വ്യൂവിംഗ് റൂമി'ല്‍ ലഭ്യമാക്കും. ഇവിടെനിന്ന് സിനിമകളുടെ പകര്‍പ്പവകാശം വാങ്ങി ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ ഉപയോഗിക്കാനുള്ള അവസരമുണ്ടാകും.

ഹഡിനെലന്തു
ഹഡിനെലന്തു

പൃഥ്വി കോണനൂരിന്റെ കന്നഡ ചിത്രം ഹഡിനെലന്തുവാണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രം. ദിവ്യ കോവാസ്ജിയുടെ 'ദി ഷോ മസ്റ്റ് ഗോ ഓണ്‍' കഥേതര സിനിമാവിഭാഗത്തിനു തുടക്കം കുറിക്കും. ഓസ്‌കറിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ പാന്‍ നളിന്റെ 'ചെല്ലോ ഷോ-ദി ലാസ്റ്റ് ഫിലിം ഷോ', മധുര്‍ ഭണ്ഡാര്‍ക്കറുടെ 'ഇന്ത്യ ലോക്ക്ഡൗണ്‍' എന്നിവയുടെ പ്രത്യേക പ്രദര്‍ശനങ്ങളുമുണ്ടാകും.

നിരവധി ഹിന്ദി സിനിമകളുടെ ആദ്യപ്രദര്‍ശനവും ഉത്സവാന്തരീക്ഷത്തില്‍ നടത്തും. അതിലെ അഭിനേതാക്കളും ആദ്യ പ്രദര്‍ശനത്തിനെത്തും. പരേഷ് റാവലിന്റെ ദി സ്റ്റോറിടെല്ലര്‍, അജയ് ദേവ്ഗണും തബുവുമൊന്നിക്കുന്ന ദൃശ്യം 2, വരുണ്‍ ധവാനും കൃതി സനോണും അഭിനയിക്കുന്ന ഭേദിയ, യാമി ഗൗതമിന്റെ ലോസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുറത്തിറങ്ങാനുള്ള തെലുങ്കു ചിത്രമായ റെയ്മോ; ദീപ്തി നേവല്‍, കല്‍ക്കി കോച്ച്ലിന്‍ എന്നിവരുടെ ഗോള്‍ഡ് ഫിഷ്; രണ്‍ദീപ് ഹൂഡ, ഇല്യാന ഡിക്രൂസ് എന്നിവരുടെ തേരാ ക്യാ ഹോഗാ ലവ്ലി എന്നിവയും വധന്ധി, കാക്കീ, ഫൗഡ സീസണ്‍ 4 തുടങ്ങിയ ഒ.ടി.ടി ഷോകളുടെ ഓരോ എപ്പിസോഡും മേളയില്‍ ആദ്യപ്രദര്‍ശനം നടത്തും.

കാന്‍സ്, ബെര്‍ലിന്‍, ടൊറന്റോ, വെനീസ് തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രശസ്ത ചലച്ചിത്രമേളകളില്‍ ഒന്നിലധികം അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാകും. ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ ഇന്ത്യയിലുടനീളമുള്ള പ്രമുഖ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന 14 സാംസ്‌കാരിക പരിപാടികളുണ്ടാകും. ഫ്രാന്‍സ്, സ്‌പെയിന്‍, ഗോവ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഗീത, നൃത്ത സംഘങ്ങളും മേളയില്‍ പങ്കെടുക്കാനെത്തും.

logo
The Fourth
www.thefourthnews.in