IFFI 2023 | സുവർണമയൂരം ഇറാനിയൻ ചിത്രം എൻഡ്ലെസ് ബോർഡേഴ്സിന്; മെലാനി തിയറി മികച്ച നടി, നടൻ പൗറിയ റഹിമി സാം
54 -ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌ഐ) മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം എൻഡ്ലെസ് ബോർഡേഴ്സിന്. മികച്ച സംവിധായകനുള്ള രജത മയൂരം ബ്ലാഗാസ് ലെസൻസിലൂടെ സ്റ്റീഫൻ കോമന്ദരേവ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം 'വെൻ ദ സീഡിലിങ് ഗ്രോ'യിലൂടെ റീജർ ആസാദ് സ്വന്തമാക്കി.
മികച്ച നടിക്കുള്ള രജത മയൂരം 'പാർട്ടി ഓഫ് ഫൂൾസ്'ലെ അഭിനയത്തിന് മെലാനി തിയറിയും മികച്ച നടനുള്ള പുരസ്‌ക്കാരം 'എൻഡ്‌ലെസ് ബോർഡേഴ്സ്' ലെ അഭിനയത്തിന് പൗറിയ റഹിമി സാമും സ്വന്തമാക്കി. 'കാന്താര'യിലൂടെ ഋഷഭ് ഷെട്ടി സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരത്തിനും അർഹനായി.
ഐസിഎഫ്ടി യുനസ്‌കോ ഗാന്ധി മെഡൽ അവാർഡ് ആന്തണി ചെൻ സംവിധാനം ചെയ്ത 'ഡ്രിഫ്റ്റ്' സ്വന്തമാക്കി. സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം പുരസ്‌ക്കാരം പ്രശസ്ത അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സമ്മാനിച്ചു.
ഇന്ത്യയില്‍ നിര്‍മിച്ച മികച്ച ഒടിടി സീരിസിനുള്ള പുരസ്ക്കാരം 'പഞ്ചായത്ത് സീസൺ 2' സ്വന്തമാക്കി. മികച്ച വെബ് സീരിസിന് പത്തുലക്ഷം രൂപയാണ് പുരസ്‌ക്കാരമായി ലഭിക്കുക.
മേളയിൽ 13 ലോകപ്രീമിയറുകൾ ഉൾപ്പെടെ 198 സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ 'കാച്ചിംഗ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. റോബർട്ട് കൊളോഡ്നി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ 'ദ ഫെതർവെയ്റ്റ്' ആയിരുന്നു മേളയുടെ സമാപന ചിത്രം. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മൂന്ന് ഇൻഡ്യൻ ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകളായിരുന്നു മത്സരിച്ചത്.
ഇന്ത്യൻ ചലച്ചിത്രകാരനും നടനുമായ ശേഖർ കപൂർ, സ്പാനിഷ് ഛായാഗ്രാഹകൻ ജോസ് ലൂയിസ് അൽകെയ്ൻ, മാർച്ചെ ഡു കാനിന്റെ മുൻ മേധാവി ജെറോം പൈലാർഡ്, ഫ്രാൻസിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാവ് കാതറിൻ ഡസാർട്ട്, ഹെലൻ എന്നിവരായിരുന്നു മത്സര വിഭാഗത്തിലെ ജൂറി പാനലിൽ ഉണ്ടായിരുന്നത്.