IFFK 2023|'സ്നേഹമാണ് ലോകത്തിന്റെ ഭാഷ;' 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിച്ച് നാനാ പടേക്കർ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. ദേശീയ പുരസ്‌കാര ജേതാവും നടനും സംവിധായകനുമായ നാനാ പടേക്കര്‍ ഭദ്രദീപം കൊളുത്തി ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിച്ചു
ചലച്ചിത്ര മേളയുടെ ഔപചാരിക ഉദ്ഘടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ലോകത്തെ ഏതൊരു മേളയോടും കിടപിടിക്കുന്നതാണ് ഐഎഫ്എഫ്കെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ പ്രദർശിപ്പിക്കുന്ന പലസ്തീൻ അനുകൂല ചിത്രങ്ങൾ അതിനുള്ള ഉദാഹരണമാണ്. പൊരുതുന്ന പലസ്തീൻ ജനത്തോടെയോടുള്ള കേരളജനതയുടെ ഐക്യദാർഢ്യമാണ് ഇതിലൂടെ ലോകത്തെ അറിയിക്കുന്നത്. അപൂർവം മേളകൾക്ക് മാത്രമേ ഇത്തരം സവിശേഷതകൾ അവകാശപ്പെടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെ ഭാഷ സ്നേഹത്തിന്റെ ഭാഷയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാനാ പടേക്കർ തന്റെ പ്രസംഗം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ ഒരിക്കൽ പോലും മലയാളത്തിൽനിന്നൊരു സംവിധായകൻ തന്നെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പരിഭവം പറഞ്ഞു. ഇനിയും മെച്ചപ്പെടാനുള്ളതുകൊണ്ടാകും ആരും വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ സംവിധായിക വനൂരി കഹിയോവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിച്ചു.
ചടങ്ങിൽ അന്താരാഷ്ട്ര മൽസര വിഭാഗം ജൂറി ചെയർപേഴ്‌സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സൗണ്ട് ഡിസൈനറും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സംവിധായകൻ ശ്യാമപ്രസാദ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.