IFFK 2023|ഐഎഫ്എഫ്കെ: ലോകസിനിമാ വിഭാഗത്തിൽ 26 ഓസ്കാർ എൻട്രികൾ, 'റീസ്റ്റോർഡ് ക്‌ളാസിക്‌സ്' വിഭാഗത്തിൽ നാല് ചിത്രങ്ങൾ
ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോകസിനിമാ വിഭാഗത്തിൽ 62 സിനിമകൾ. 2023ലെ കാൻ ചലച്ചിത്ര മേളയിൽ പാം ദി ഓർ പുരസ്‌കാരം നേടിയ ജസ്റ്റിൻ ട്രീറ്റ് ചിത്രം 'ദി അനാട്ടമി ഓഫ് എ ഫാൾ' ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
അർജന്റീന, റഷ്യ, ചൈന, ജപ്പാൻ, ബെൽജിയം, ജർമനി, പോളണ്ട്, തുർക്കി, യമൻ, ഇറാഖ്, ജോർദാൻ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ പാരഡൈസാണ് ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രം.
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റൽ റീസ്റ്റോറേഷൻ നടത്തി ദൃശ്യ- ശബ്ദ മികവ് വർധിപ്പിച്ച നാല് മലയാളം ക്‌ളാസ്സിക് സിനിമകളും ഇത്തവണത്തെ ഐ എഫ് എഫ് കെയിലുണ്ടാകും. എം ടി വാസുദേവൻനായർ തിരക്കഥയെഴുതി പി എൻ മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും'(1969), കെ ജി ജോർജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് 'റീസ്റ്റോർഡ് ക്‌ളാസിക്‌സ്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ 26 ഓസ്കാർ എൻട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഭർത്താവിന്റെ കൊലപാതക്കുറ്റം ആരോപിക്കപ്പെട്ട സാൻട്ര ഹുള്ളർ എന്ന ജർമൻ എഴുത്തുകാരിയുടെ കഥയാണ് ദി അനാട്ടമി ഓഫ് എ ഫാൾ. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കർ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്.
തരിശുഭൂമിയിൽനിന്ന് സമ്പത്തും അംഗീകാരവും നേടുകയെന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആർസെൽ സംവിധാനം ചെയ്ത ഡാനിഷ് ചിത്രം 'ദി പ്രോമിസ്ഡ് ലാൻഡ്,' അബ്ബാസ് അമിനി ഒരുക്കിയ പേർഷ്യൻ ചിത്രം എൻഡ്ലെസ്സ് ബോർഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചർ, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിങ് ഇൻ ബിറ്റ്‌വീൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളും ലോകസിനിമകളിൽ ഉൾപ്പെടുന്നു.