IFFK 2023 | 'എന്തുകൊണ്ടാണ് യുവാക്കൾ പാർലമെന്റിൽ പ്രതിഷേധിച്ചത്?' ആ ചോദ്യം മാത്രം ഉയരുന്നില്ലെന്ന് പ്രകാശ് രാജ്
പാർലമെന്റിൽ ആറ് യുവാക്കൾ പ്രതിഷേധിച്ച സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ അഭിപ്രായങ്ങൾ ആണ് ഉയരുന്നതെന്നും എന്നാൽ എന്തുകൊണ്ടാണ് യുവാക്കൾ ഇങ്ങനെ ചെയ്തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ലന്നും നടൻ പ്രകാശ് രാജ്.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടിയിൽ മുഖ്യാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാർലമെന്‍റില്‍ ആറ് യുവാക്കൾ പ്രതിഷേധം നടത്തി. അതിന് വിവിധ ഇടങ്ങളിൽ വിവിധ അഭിപ്രായങ്ങളാണ് ഉയർന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
പ്രതിഷേധിച്ച യുവാക്കൾ ഭീകരവാദികളാണെന്നാണ് പറയുന്നത്. അവർ പ്രതിഷേധിക്കാൻ ഉപയോഗിച്ച കളർ ഗ്യാസ് കാനിസ്റ്ററുകളുടെ കഷ്ണം എടുത്ത് കോമാളികളിക്കുന്ന മാധ്യമപ്രവർകരെ നമ്മൾ കണ്ടു. ഭരണകക്ഷിയുമായി യുവാക്കൾക്കുള്ള ബന്ധം ആരോപിക്കുന്ന പ്രതിപക്ഷത്തെ നമ്മൾ കണ്ടു. പ്രതിപക്ഷവുമായിട്ടാണ് ഇവർക്ക് ബന്ധമെന്ന് ആരോപിച്ച ഭരണപക്ഷത്തെയും കണ്ടു.
ചിലരുടെ ആശങ്ക പാർലമെന്റിന്റെ സുരക്ഷയെ സംബന്ധിച്ചായിരുന്നു. പക്ഷെ എന്തിനാണ്, അല്ലെങ്കിൽ എന്തുകൊണ്ടാണ് ആ യുവാക്കൾ ഇങ്ങനെ ചെയ്തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ല - പ്രകാശ് രാജ് പറഞ്ഞു. മണിപ്പുരിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും മറുപടി ഇല്ലാത്തതിനെ ചോദ്യം ചെയ്യുമോയെന്നും പ്രകാശ് രാജ് ചോദിച്ചു.
കേരളത്തിൽ വരാൻ എപ്പോഴും സന്തോഷമാണെന്നും കേരളീയരുടെ സ്‌നേഹവും വിശ്വാസങ്ങളും പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നതും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പറഞ്ഞു കൊണ്ടായിരുന്നു പ്രകാശ് രാജ് സംസാരിച്ച് തുടങ്ങിയത്.
ജനങ്ങൾ വിഭജിക്കപ്പെട്ട, ആശയക്കുഴപ്പത്തിലായ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങളുടെ എഴുത്തുകാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും അഭിമാനമാണ് ഉള്ളത്. സിനിമകൾ പ്രദർശിപ്പിക്കുകയും അവയ്ക്ക് പുരസ്‌ക്കാരം നൽകുകയും ചെയ്യുക എന്നതല്ല ചലച്ചിത്ര മേളകൾ കൊണ്ട് അർത്ഥമാക്കുന്നതെന്നും ലോകസിനിമയുടെ നാനാവശങ്ങൾ യുവാക്കളിലേക്കെത്തിക്കുന്നതിൽ മേള വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയിലെ ജനാധിപത്യമെന്നും പ്രകാശ് രാജ് പറഞ്ഞു.സംശുദ്ധ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിനേയും എഴുത്തുകാരേയും തത്വചിന്തകരേയും കുറിച്ച് അഭിമാനമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.