IFFK 2023| സുവര്‍ണചകോരം ഈവിള്‍ ഡസ്‌നോട്ട് എക്‌സിസ്റ്റിന്, ഷോകിര്‍ കോളികോവിന് രജത ചകോരം, ഫാസില്‍ റസാഖ് നവാഗത സംവിധായകന്‍

IFFK 2023| സുവര്‍ണചകോരം ഈവിള്‍ ഡസ്‌നോട്ട് എക്‌സിസ്റ്റിന്, ഷോകിര്‍ കോളികോവിന് രജത ചകോരം, ഫാസില്‍ റസാഖ് നവാഗത സംവിധായകന്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ട'ത്തിനാണ്. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യത്തിനു ലഭിച്ചു
Updated on
1 min read

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം റുസ്യുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ഈവില്‍ ഡസ് നോട്ട് എക്‌സിസ്റ്റ് ' സ്വന്തമാക്കി. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം വൃദ്ധദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ സണ്‍ഡേ സിനിമയുടെ സംവിധായകന്‍ ഷോക്കിര്‍ കോലികോവ് സ്വന്തമാക്കി. കൂടാതെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കോലികോവിന്റെ സണ്‍ഡേയ്ക്കാണ്. ഉസ്ബെക്കിസ്ഥാന്‍ സംവിധായകനായ കോലികോവിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സണ്‍ഡേ.

മലയാള ചിത്രം 'തടവ്' സംവിധാനം ചെയ്ത ഫാസില്‍ റസാഖിനാണ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം. മേളയിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും തടവ് കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ട'ത്തിനാണ്.

മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്‌കാരം കെര്‍വാള്‍ ചിത്രത്തിൻ്റെ സംവിധായകൻ ഉത്തം കമാട്ടി നേടി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായക ശ്രുതി ശരണ്യത്തിനു ലഭിച്ചു.

മിഗുവേല്‍ ഹെര്‍ണാണ്ടസും മാരിയോ മാര്‍ട്ടിനും ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു. ലിലിയാന വില്ലസെനര്‍, മിഗുവേല്‍ ഹെര്‍ണാണ്ടസ്, മാരിയോ മാര്‍ട്ടിന്‍ കോമ്പസ് എന്നിവര്‍ ശബ്ദ രൂപകല്‍പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.

സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി. മികച്ച അന്താരാഷ്ട്ര ചിത്രമായി പ്രിന്‍സണ്‍ ഇന്‍ ദ ആന്‍ഡസ് തിരഞ്ഞെടുക്കപ്പെട്ടു. സത്യത്തിനും സ്നേഹത്തിനും നന്മക്കും മാത്രമേ മാനവരാശിയെ രക്ഷിക്കാനാകുവെന്ന് മറുപടി പ്രസം​ഗത്തിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. ഇവയുടെ നിലനിൽപ്പിനെ നിരാകരിക്കാൻ പാടില്ല. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന് ജീവിതത്തിൽ ഇടമുണ്ടന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി വ്യക്തമാക്കി.

20 ലക്ഷമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് സമ്മാനത്തുകയായി നല്‍കുന്നത്. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

ഏഴു രാപകലുകള്‍ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകള്‍ക്കാണ് ഇന്ന് തിരശ്ശീല വീണത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 172 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി.

logo
The Fourth
www.thefourthnews.in