IFFK 2023|ജി അരവിന്ദൻ അനുസ്മരണ പ്രഭാഷണം ഇന്ന്
28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ന് സംവിധായകൻ ജി അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടക്കും. മലയാളത്തിൽ സമാന്തര സിനിമയ്ക്ക് വേരുറപ്പു നൽകിയ സംവിധായകരിലൊരാളായ അരവിന്ദനെ കുറിച്ച് മേളയുടെ നാലാം ദിവസമായ ഇന്ന് സംവിധായകൻ സയീദ് മിർസ സംസാരിക്കും. നിള തീയേറ്ററിൽ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെയാണ് പ്രഭാഷണം. മേളയുടെ ഭാഗമായി, മലയാളം സിനിമയിൽ മണ്മറഞ്ഞ അതുല്യപ്രതിഭകളെ അനുസ്മരിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമാണ് ഇന്നത്തെ ജി അരവിന്ദൻ അനുസ്മരണ പ്രഭാഷണവും
1974 ൽ റിലീസ് ചെയ്ത 'ഉത്തരായനത്തി'ലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച ജി അരവിന്ദൻ പിന്നീട് രാമായണത്തിന്റെ പുനർവായനയെന്നോണം, 'കാഞ്ചന സീത' എന്ന സിനിമയെടുത്തു. പിന്നീട് 'തമ്പ്', 'കുമ്മാട്ടി', 'എസ്തപ്പാൻ', മനുഷ്യമനസിനെ പ്രമേയമാക്കി 'പോക്കുവെയിൽ', 'ചിദംബരം', 'ഒരിടത്ത്' എന്നീ സിനിമകൾ വന്നു. 'ഒരിടത്ത്' 1978ൽ പുറത്തിറങ്ങിയ തമ്പിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെട്ടത്.
കുമ്മാട്ടി ഇപ്പോഴും ചലച്ചിത്രോത്സവങ്ങളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കപ്പെടാറുണ്ട് എന്നതാണ് വാസ്തവം. 1991ൽ പുറത്തിറങ്ങിയ 'വാസ്തുഹാര' പിൽക്കാലത്ത് വലിയ തോതിൽ സ്വീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുക്കുകയും ചെയ്ത സിനിമയാണ്. സി വി ശ്രീരാമന്റെ കഥയെ ആധാരമാക്കിയാണ് വാസ്തുഹാര നിർമ്മിച്ചത്. 1991ൽ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ഏഴോളം ദേശീയ പുരസ്‌കാരങ്ങളും, പതിനെട്ടോളം സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ജി അരവിന്ദന് 1990ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
പ്രഭാഷകനായ സയീദ് മിർസ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനാണ്. നിരവധി ഹിന്ദി സിനിമകളിലൂടെ തന്നെ അടയാളപ്പെടുത്തുകയും, നിരവധി ദേശീയ പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. മുൻ ഡയറക്ടർ അടൂർ ഗോപാലകൃഷ്ണനുമായി വിദ്യാർത്ഥികൾക്കുണ്ടായ തർക്കങ്ങൾക്കൊടുവിൽ നടന്ന സമരത്തിന്റെ അവസാനം അദ്ദേഹം സ്വയം രാജിവച്ച് പിന്മാറുകയായിരുന്നു. അതിനു ശേഷമാണ് സയീദ് മിർസ സ്ഥാപനത്തിന്റെ ചെയർമാനായി വരുന്നത്.