IFFK 2023 | നിരൂപണം സിനിമയ്ക്ക് ആവശ്യം, പ്രമുഖ സിനിമകളിൽ മാത്രമായി ചുരുങ്ങുന്നുവെന്നും ഓപ്പൺ ഫോറം
സമൂഹമാധ്യമങ്ങളിലെ നിരൂപണങ്ങൾ സിനിമയ്ക്ക് ആവശ്യമാണെന്ന് 28-ാം രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറം. FIPRESCI സെമിനാറിലാണ് ഇതുസംബന്ധിച്ച് അഭിപ്രായം ഉയർന്നത്. അതേസമയം പലപ്പോഴും പ്രമുഖ സിനിമകൾക്കുമാത്രമായി നിരൂപണങ്ങൾ ചുരുങ്ങുകയാണെന്നും പാനൽ അഭിപ്രായപ്പെട്ടു.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങൾ ആരും ശ്രദ്ധിക്കാതെ പോവുകയാണെന്നും അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്നും രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം കൂടിയായ പിയറി സൈമൺ ഗട്ട്മാൻ പറഞ്ഞു. വലിയ സിനിമകൾ നിരൂപണത്തിനു വിധേയമാകുമ്പോൾ ചെറിയ സിനിമകൾ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗമായ മെലിസ് ബെലിൽ ചൂണ്ടിക്കാട്ടി.
സിനിമ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താൻ കഴിയുന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്ന് എൻ വിദ്യാശങ്കർ അഭിപ്രായപ്പെട്ടു. നിരൂപണമേഖലയിൽ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി പി രാമചന്ദ്രൻ വിലയിരുത്തി.
സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിർത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ വി കെ ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവർ പങ്കെടുത്തു.