IFFK 2023 | ചലച്ചിത്രമേളയിലെ 'ഹല്യു' സാന്നിധ്യം; രണ്ട് വിഭാഗങ്ങളിലായി നാല് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ

IFFK 2023 | ചലച്ചിത്രമേളയിലെ 'ഹല്യു' സാന്നിധ്യം; രണ്ട് വിഭാഗങ്ങളിലായി നാല് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ

സ്ത്രീനോട്ടം, ലോകസിനിമാ എന്നീ വിഭാഗങ്ങളിലാണ് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുക
Updated on
3 min read

ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ  (ഐഎഫ്എഫ്‍കെ) ഇത്തവണ 'ഹല്യു' (കൊറിയൻ വേവ്) സാന്നിധ്യം ഉറപ്പിക്കുന്നത് നാല് ചിത്രങ്ങളാണ്. സ്ത്രീനോട്ടം, ലോകസിനിമാ എന്നീ വിഭാഗങ്ങളിലാണ് കൊറിയൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

2023ലെ കാൻ ചലച്ചിത്ര മേളയിൽ പത്ത് മിനിറ്റ് സ്റ്റാൻഡിങ് ഓവേഷൻ ലഭിച്ച കിം ജീ വൂൻ ചിത്രം 'കോബ്‌വെബ്', 2023ലെ കാൻ ചലച്ചിത്ര മേളയിലും ടൊറന്റോ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ച ജേസൺ യുവിന്റെ ആദ്യ സംവിധാന ചിത്രം 'സ്ലീപ്', വിസൂൽ ഏഷ്യൻ ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര വിഭാഗത്തിൽ ജൂറി പുരസ്‌കാരം നേടിയ ചിത്രം 'എ ലെറ്റർ ഫ്രം ക്യോട്ടോ', 2022ലെ പിൻഗ്യായോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 2023 സിയാറ്റിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാൻഡ് ജൂറി പുരസ്കാരവും നേടിയ ജൂലി ജങ് ചിത്രം 'നെക്സ്റ്റ് സോഹീ' എന്നിവയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ദക്ഷിണ കൊറിയൻ ചിത്രങ്ങൾ.

IFFK 2023 | ചലച്ചിത്രമേളയിലെ 'ഹല്യു' സാന്നിധ്യം; രണ്ട് വിഭാഗങ്ങളിലായി നാല് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ
IFFK2023 | ലിസ കലാന്‍, മഹ്നാസ് മുഹമ്മദി, വനൂരി കഹിയു; സിനിമയെ സമരായുധമാക്കിയ പ്രതിഭകള്‍

കോബ്‌വെബ്, സ്ലീപ് എന്നിവ ലോകസിനിമാ വിഭാഗത്തിലും എ ലെറ്റർ ഫ്രം ക്യോട്ടോ, നെക്സ്റ്റ് സോഹീ എന്നീ ചിത്രങ്ങൾ സ്ത്രീ നോട്ടങ്ങളുടെ വിഭാഗത്തിലുമാണ് പ്രദർശിപ്പിക്കുന്നത്.

കോബ്‌വെബ്

സോങ് കംഗ്-ഹോ
സോങ് കംഗ്-ഹോ

ഓസ്കാർ പുരസ്കാരം നേടിയ 'പാരസൈറ്റ്' എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ താരം സോങ് കങ്-ഹോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം. കിം ജീ വൂൻ സംവിധാനം ചെയ്ത ചിത്രത്തിന് 2023ലെ കാൻ ചലച്ചിത്ര മേളയിൽ പത്ത് മിനിറ്റ് സ്റ്റാൻഡിങ് ഓവേഷൻ ലഭിച്ചിരുന്നു.

സിനിമക്കുള്ളിലെ സിനിമയെന്ന ആഖ്യാനരീതിയിൽ ആവിഷ്കരിച്ചിട്ടുള്ള പരീക്ഷണ ചിത്രമാണിത്. ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ തൃപ്തനല്ലാത്തതിനാൽ ഒരിക്കൽ കൂടെ അവസാന രംഗം ചിത്രീകരിക്കാൻ വീണ്ടും അഭിനേതാക്കളെ വിളിച്ചുവരുത്തുന്നു, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. പൂർണമായും സ്റ്റുഡിയോകൾക്കുള്ളിൽ ചിത്രീകരിച്ച സിനിമയാണിത്.

സ്ലീപ്

ജേസൺ യുവിന്റെ ആദ്യ സംവിധാന ചിത്രമാണ് സ്ലീപ്. ജങ് യുമി, ലീ സുൻ ക്യുൻ മുഖ്യ കഥാപാത്രങ്ങളിലെത്തുന്നു. ഗർഭിണിയായ ഭാര്യ അവളുടെ ഭർത്താവിന്റെ നിദ്രാപ്രശ്നങ്ങളിൽ ഉൽക്കണ്ഠാകുലയാകുന്നു. ഉറക്കത്തിൽ സംസാരിക്കുന്ന ശീലം വിചിത്ര സ്വപ്ങ്ങളിലേക്ക് കടക്കുന്നതോടെ രാത്രിയാകുമ്പോൾ മറ്റൊരാളായി മാറുന്നു. ഒരു സ്ലീപ് ക്ലിനിക്കിനെ സമീപിച്ച് പരാചയപ്പെടുന്നതോടെ ഭർത്താവിനെ രക്ഷിക്കാൻ ഒരു മന്ത്രവാദിയുടെ അടുത്തേക്കെത്തുന്നു. തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

2023ലെ കാൻ ചലച്ചിത്ര മേളയിലും ടൊറന്റോ ചലച്ചിത്ര മേളയിലും സ്ലീപ് പ്രദർശിപ്പിച്ചിരുന്നു.

IFFK 2023 | ചലച്ചിത്രമേളയിലെ 'ഹല്യു' സാന്നിധ്യം; രണ്ട് വിഭാഗങ്ങളിലായി നാല് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ
IFFK 2023|കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പോരാടിയ വനൂരി കഹിയു; സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക

എ ലെറ്റർ ഫ്രം ക്യോട്ടോ

ഭർത്താവിന്റെ മരണശേഷം ബുസാനിൽ മൂന്ന് പെൺമക്കളെ ഒറ്റയ്ക്ക് വളർത്തുന്ന അമ്മയുടെ കഥയാണ് എ ലെറ്റർ ഫ്രം ക്യോട്ടോ. ഒരു ദിവസം, അവരുടെ രണ്ടാമത്തെ മകൾ ഹൈ-യങ് സിയോളിൽ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ബുസാനിലേക്ക് മടങ്ങി എത്തുന്നു. അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടയിൽ ആകസ്മികമായി കാണുന്ന ജാപ്പനീസ് ഭാഷയിൽ എഴുതിയ ഒരു കത്ത് അവളിൽ ജിജ്ഞാസ ഉണർത്തുന്നു. ഹ്വാ-ജായോട് അവളുടെ ഭൂതകാല ജീവിതത്തെക്കുറിച്ച് ചോദിക്കാൻ തുടങ്ങുകയും അവൾ ഒരിക്കലും കേട്ടിട്ടില്ലാത്ത അമ്മയുടെ കഥകൾ അറിയുകയും ചെയ്യുന്നു. തുടർന്നുള്ള കഥ സന്ദർഭങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്.

വിസൂൽ ഏഷ്യൻ ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര വിഭാഗത്തിൽ ജൂറി പുരസ്‌കാരം നേടിയ ചിത്രം. മിഞ്ചു കിം സംവിധാനം ചെയ്ത ചിത്രത്തിൽ ഹ്വാ-ജാ എന്ന കഥാപാത്രമായെത്തുന്നത് ചാ മി-ക്യോങ്ങും, ഹൈ-യംഗ് ആയി എത്തുന്നത് ഹൻ സുൻ-ഹ്വായുമാണ്.

നെക്സ്റ്റ് സോഹീ

ഹൈസ്കൂൾ വിദ്യാർത്ഥിനിയായ സോഹി ഒരു കോൾ സെന്ററിൽ ജോലി ആരംഭിക്കുന്നു. പക്ഷേ കമ്പനികളിൽ നിന്നുള്ള സമ്മർദ്ദം അവളുടെ മരണത്തിന് കാരണമാകുന്നു. തുടർന്ന്, സോഹിയുമായി ചില കാര്യങ്ങളിൽ സമാനതകളുള്ള ഡിറ്റക്ടീവ് ഓ യു-ജിൻ സോഹിയുടെ മരണകാരണം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിനിമ. ജൂലി ജങ് ആണ് സംവിധാനം.

2022ലെ പിൻഗ്യായോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 2023 സിയാറ്റിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാൻഡ് ജൂറി പുരസ്കാരവും ചിത്രം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in