IFFK2023| കാഴ്ചകളെ സര്‍ഗാത്മകമാക്കിയ കിം കി ഡുക്ക് വിട വാങ്ങിയിട്ട് മൂന്നു വര്‍ഷം
ആദ്യമായി സിനിമ കാണുന്നത് 31-ാം വയസില്‍. തുടര്‍ന്നുള്ള 17 വര്‍ഷം കൊണ്ട് ലോകമറിയുന്ന സിനിമാ സംവിധായകനെന്ന നിലയിലേക്കുള്ള വളര്‍ച്ച. സാങ്കേതികതയ്ക്കപ്പുറം സര്‍ഗാത്മകതയെ പ്രതിഷ്ഠിച്ച്, വാക്കുകളേക്കാള്‍ മൂര്‍ച്ച കാഴ്ചകള്‍ക്കാണെന്ന് തെളിയിച്ച കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്ക് വിട വാങ്ങിയിട്ട് ഇന്നു മൂന്നുവര്‍ഷം.
തിരുവനന്തപുരത്തു നടക്കുന്ന ഐ.എഫ്.എഫ്.കെയിലൂടെയാണ് കേരളത്തിലെ സിനിമാ പ്രേമികള്‍ കിമ്മിനെ അടുത്തറിയുന്നത്. ഒരുപക്ഷെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിദേശ സംവിധായകനും അദ്ദേഹമായിരിക്കും. തിരുവനന്തപുരത്ത് ഒരിക്കല്‍ ചലച്ചിത്രമേളക്കെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ചലച്ചിത്രപ്രേമികള്‍ തിക്കിത്തിരക്കി. അപ്പോള്‍ അത്ഭുതപ്പെട്ടു പോയത് അദ്ദേഹം തന്നെയായിരുന്നു.
ദക്ഷിണകൊറിയയിലെ വടക്കന്‍ ജിയോങ്‌സാങ് പ്രവിശ്യയിലെ ബൊങ്വാ എന്ന സ്ഥലത്താണ് കിം ജനിച്ചത്. ഒരു കൃഷിശാസ്ത്ര പരിശീലന സ്‌കൂളില്‍ ചേര്‍ന്നെങ്കിലും ജീവിത സാഹചര്യം കാരണം 17-ാം വയസില്‍ പഠനമുപേക്ഷിച്ചു. ഇരുപത് വയസ് പൂര്‍ത്തിയായപ്പോള്‍ അഞ്ചു വര്‍ഷത്തോളം പട്ടാളസേവനം നടത്തി. കുറച്ചുകാലം വൈദികനായും ജോലി ചെയ്തു. ഫാക്ടറിയിലും കുറച്ചുകാലം ജോലി ചെയ്തു. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണംകൊണ്ട് പാരീസിലേക്ക് പോയി. അവിടെ കുറേക്കാലം തെരുവ് ചിത്രകാരനായി അലഞ്ഞു. അവിടെവെച്ചാണ് ആദ്യമായി സിനിമ കാണുന്നത്.
സിനിമയെക്കുറിച്ച് പഠിക്കുകയോ ആരുടെയെങ്കിലും കീഴില്‍ സിനിമയില്‍ ജോലി ചെയ്യുകയോ ചെയ്യാത്തതിനാല്‍ സിനിമാ സങ്കല്‍പ്പത്തിന്റെ യാഥാസ്ഥിതിക ചട്ടക്കൂടുകള്‍ അദ്ദേഹത്തെ അലട്ടിയില്ല. 1996-ല്‍ 'ക്രോക്കഡൈല്‍' എന്ന ആദ്യചിത്രം സംവിധാനം ചെയ്തത് വളരെ അനായാസമായിരുന്നു. അതിനുശേഷം 2022-ല്‍ ഇറങ്ങിയ 'കോള്‍ ഓഫ് ഗോഡ്' വരെ 25 ചിത്രങ്ങളാണ് കിം സംവിധാനം ചെയ്തത്. ഇതിനിടെ കാന്‍, ബെര്‍ലിന്‍, വെനീസ്, ലൊക്കാര്‍ണോ, കാര്‍ലോ വിവാരി, സാന്‍സെബാസ്റ്റ്യന്‍ തുടങ്ങി ലോകത്തിലെ മികച്ച ചലച്ചിത്രമേളകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചലച്ചിത്രകാരനായി അദ്ദേഹം മാറി.
2008-ല്‍ പുറത്തിറങ്ങിയ 'ഡ്രീം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നായികക്ക് പറ്റിയ അപകടം കിമ്മിനെ വിഷാദരോഗിയാക്കി. മാനസിക രോഗിയായി മൂന്നുവര്‍ഷത്തോളം ആള്‍ക്കൂട്ടത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. ഒരു കുന്നിന്‍ചരിവിന്റെ ഏകാന്തതയില്‍ ആരുമറിയാതെ കിം ടെന്റ് കെട്ടി താമസിച്ചു. അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ടെന്റില്‍ സ്ഥാപിച്ച ക്യാമറ കിമ്മിന്റെ ഏകാന്തതയും ഭ്രാന്തും പകര്‍ത്തി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഏകാന്തവാസം പ്രമേയമായ 'ആരിരംഗ്' എന്ന ഡോക്യുഫിക്ഷനുമായി കിം വീണ്ടും തിരിച്ചെത്തി. പ്രകൃതിയും താനും മാത്രമായുള്ള നീണ്ട കാലത്തെ സംവാദം കിം എന്ന കലാകാരന്റെ മനസിലെ അസ്വസ്ഥതയുടെ കടലിരമ്പങ്ങളെ ശാന്തമാക്കിയിരുന്നു.
സമാധാനപരമായ നീക്കങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ഭീകര വയലന്‍സായിരുന്നു കിമ്മിന്റെ മറ്റൊരു പ്രത്യേകത. ഭാവനക്കതീതമായ ഭീകരവും വിചിത്രവുമായ വയലന്‍സ് രംഗങ്ങളായിരുന്നു അവ. ചോരചീറ്റിയും ലിംഗം മുറിച്ചും സ്ത്രീലിംഗത്തില്‍ ചൂണ്ടയിട്ടും കിം പ്രേക്ഷകരെ ഭയപ്പെടുത്തി. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ ലിംഗം മുറിച്ചുകളയാന്‍ ശ്രമിക്കുന്ന ഭാര്യ, അതു നടക്കാതെ പോകുമ്പോള്‍ ദേഷ്യമടങ്ങാതെ സ്വന്തം മകന്റെ ലിംഗം മുറിച്ച് ആ അവയവം വിഴുങ്ങുകകൂടി ചെയ്യുന്നു. ഇത്തരം സീനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് 'ഭൂമിയിലെ എല്ലാറ്റിലും സൗന്ദര്യമുണ്ട്. അത് നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞാല്‍ മതി' എന്നാണ്.
പ്രേക്ഷകരെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന വയലന്‍സ് നിറഞ്ഞ ദൃശ്യങ്ങളിലൂടെ ബന്ധങ്ങളുടെ നിര്‍വചനങ്ങളെ പരിഹസിക്കാനും കിം മുതിര്‍ന്നു. മോബിയസിലെ വയലന്‍സ് കാരണം കൊറിയയില്‍ പടം നിരോധിച്ചിരുന്നു. തുടര്‍ന്ന് സെന്‍സറിങ്ങോടുകൂടിയാണ് അവിടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ 'പിയാത്ത'യിലും ഇത്തരത്തില്‍ സങ്കീര്‍ണവും അക്രമാസക്തവുമായ കുടുംബ ബന്ധം കാണാം. ജീവിതം മനോഹരമാണെന്ന സന്ദേശമാണ് തന്റെ ഭൂരിഭാഗം സിനിമകളിലൂടെയും പറയാന്‍ അദ്ദേഹം ശ്രമിച്ചത്. സ്പ്രിങ്, സമ്മര്‍ മോബിയസ് എന്നീ ചിത്രങ്ങളില്‍ ഹിംസയുടെ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ജീവിതത്തിന്റെ രണ്ടു വശങ്ങളായിരുന്നു.
ക്രോക്കഡൈല്‍, ദി ഐല്‍, ബേഡ്‌കേജ് ഇന്‍, ദി കോസ്റ്റ് ഗാര്‍ഗ്, അഡ്രസ് അണ്‍നോണ്‍ തുടങ്ങിയ ആദ്യകാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി സ്പ്രിങ് സമ്മര്‍ മുതലുള്ള ചിത്രങ്ങളില്‍ കാണാം. അതുവരെ തന്റെ ചിത്രങ്ങളില്‍ കാണിച്ച രതിയും വയലന്‍സും ആത്മപീഢയും പരപീഡയും ഏകാന്തതയേയും എല്ലാം സമാധാനത്തോടെ ബുദ്ധദര്‍ശനത്തിന്റെ ശാന്തിയില്‍ കാണുകയായിരുന്നു സ്പ്രിങ് സമ്മര്‍ എന്ന ചിത്രത്തില്‍. ഒരു വര്‍ഷം എല്ലാ ഋതുവിലേയും മൂന്നു ദിവസങ്ങളില്‍ ആകെ 20 ദിവസം കൊണ്ട് ചിത്രീകരിച്ചതായിരുന്നു ഈ സിനിമ. കാടും മലയും തടാകവും മഞ്ഞും നിറഞ്ഞ ഈ സിനിമയായിരിക്കും ഒരുപക്ഷേ ലോകത്ത് കിം കി ഡുക്കിന്റെ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിത്രം. കിം കി ഡുക്കിന്റെ പല സിനിമകളിലും സംഭാഷണമില്ല. ചില സിനിമകളിലെ കഥാപാത്രങ്ങള്‍ മന:പൂര്‍വം സംസാരിച്ചുമില്ല.
കൊറിയന്‍ ഭാഷയില്‍ 'കിം കി ഡുക്ക്' എന്നാല്‍ 'വലിപ്പമുള്ള സ്വര്‍ണ്ണക്കിരീടം' എന്നാണ് അര്‍ത്ഥം. തന്റെ പേരിന്റെ അര്‍ത്ഥം അതാണെങ്കിലും കിം കി ഡുക്ക് മനുഷ്യന്റെ മുള്‍ക്കിരീടങ്ങളെക്കുറിച്ചും ഏകാന്തതയെയും കുറിച്ചാണ് കൂടുതലായും തന്റെ സിനിമകളിലൂടെ പറഞ്ഞത്.