IFFK 2023|രാജ്യാന്തര മേളയെ രാഗസാന്ദ്രമാക്കാൻ ഇന്ന് 'രാഗവല്ലി' മ്യൂസിക് ബാൻഡ്
രാജ്യാന്തര ചലച്ചിത്രമേളയെ രാഗസാന്ദ്രമാക്കാൻ ഇന്ന് പ്രമുഖ മ്യൂസിക് ബാൻഡ് രാഗവല്ലിയുടെ ഫ്യുഷൻ ഗാനസന്ധ്യ അരങ്ങേറും. തിങ്കളാഴ്ച വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. മണിച്ചിത്രത്താഴിലെ പഴന്തമിഴ് പാട്ടിഴയും, ഒരു മുറൈ വന്ത് പാർത്തായാ എന്നീ ഗാനങ്ങളുടെ ഫ്യുഷനിലൂടെയും റോക്ക് ആൻഡ് റോളിലെ ഗാനത്തിലൂടെയും പ്രസിദ്ധമായ ഈ ബാൻഡിൽ 13 ഗായകരാണ് ഉൾപ്പെടുന്നത്. പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിൽ നിന്നുള്ള 16 അംഗ സംഘമാണ് ബാൻഡിനെ നയിക്കുന്നത്.
28 ആമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് മാറ്റ് കൂട്ടാൻ നിരവധി സംഗീത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നാടൻ പാട്ടുകൾ മുതൽ പോപ്പ് സംഗീത സന്ധ്യ വരെ മേളയുടെ ഭാഗമായി അടുത്ത ദിവസങ്ങളിൽ അരങ്ങേറും. അഭയ ഹിരൺമയി ഉൾപ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാൻഡുകളുമാണ് അണി നിരക്കുക. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാനസന്ധ്യയോടെയായിരുന്നു തുടക്കം. സ്ത്രീകൾ നയിക്കുന്ന അഖിലേന്ത്യാ താളവാദ്യ സംഘമായ സ്ത്രീ താൾ തരംഗിന് സുകന്യ രാംഗോപാലാണ് നേതൃത്വം നൽകിയത്.
മാനവീയം വീഥിയിൽ വൈകീട്ട് ഏഴോടെയാണ് കലാപരിപാടികൾ ആരംഭിക്കുക. രാഗവല്ലിക്ക് പുറമെ എലിഫന്റ്, മാങ്കോസ്റ്റീൻ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നീ ബാൻഡുകളും പരിപാടിയുടെ ഭാഗമായുണ്ട്. ഡിസംബർ 15ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഖിൽ മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഫ്യൂഷൻ സംഗീതസന്ധ്യയോടെയാണ് സംഗീത പരിപാടികൾക്ക് പരിസമാപ്തിയാവുക.