ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ പുതുമുഖ തിളക്കം ; എട്ടു ചിത്രങ്ങളും നവാഗതരുടേത്

ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ പുതുമുഖ തിളക്കം ; എട്ടു ചിത്രങ്ങളും നവാഗതരുടേത്

ഒൻപത് ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യപ്രദർശനം
Updated on
2 min read

മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ടു ചിത്രങ്ങളാണ് നവാഗതരുടേതായി ഉള്ളത് . ഇറാനിയൻ സംവിധായകനായ മെഹ്ദി ഹസ്സൻ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം , മൈക്കേൽ ബോറോഡിന്റെ റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ , ബോളിവിയൻ ചിത്രം ഉതാമ, വിയറ്റ്നാം ചിത്രം മെമ്മറിലാൻഡ് ,അമിൽ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാർ , ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ് , ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔവർ ഓൺ എന്നിവയാണ് നവാഗത ചിത്രങ്ങൾ

ആലം

പലസ്തീനിലെ ഒരു നഗരത്തില്‍ സുഹൃത്തുക്കളോടൊപ്പം ജീവിക്കുന്ന വിദ്യാര്‍ഥിയായ തമര്‍. അവന്‌റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൈസ എന്ന പെണ്‍കുട്ടി , അവളെ പ്രീതിപ്പെടുത്താനായി, ഇസ്രായേല്‍ സ്വാതന്ത്ര്യദിനത്തിന്‌റെ തലേദിവസം ഒരു ഫ്‌ളാഗ് ഓപ്പറേഷനില്‍ പങ്കെടുക്കാന്‍ തമര്‍ തീരുമാനിക്കുന്നതാണ് സിനിമയുടെ പ്രമേയം. പലസ്തീനിന്‌റെ വിലാപമായി മാറുന്ന ആ ദിവസത്തെ കുറിച്ചാണ് ആലം പറയുന്നത്. ഫിറാസ് ഖോരി തന്നെയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

കണ്‍വീനിയന്‍സ് സ്‌റ്റോര്‍

റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ബേസ്‌മെന്‌റ് മുറികളില്‍ കഴിയുന്നവരുടെ ജീവിതമാണ് കണ്‍വീനിയന്‍സ് സ്‌റ്റോര്‍ എന്ന ചിത്രം. അടിച്ചമര്‍ത്തല്‍ സഹിച്ചും അടിമകളായും അടിത്തട്ടിലെ ചുവരുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന ജീവിതങ്ങള്‍

ഉതാമ

ബൊളിവീയന്‍ മലച്ചെരുവുകളില്‍ വര്‍ഷങ്ങളായി ഒരേ ജീവിതം നയിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് അസാധാരണമായ ഒരു വരള്‍ച്ചാ കാലത്തെ നേരിടേണ്ടി വരുന്നതാണ് ഉതാമയുടെ പ്രമേയം . നേരിടാനോ പ്രതിരോധിക്കാനോ സാധിക്കാതെ പകച്ചു നില്‍ക്കുകയാണ് അവര്‍

മെമ്മറിലാന്‍ഡ്

ജോലി സ്ഥലത്തുണ്ടായ ഒരു അപകടം, ഏകാന്തത അനുഭവിക്കുന്ന ചെറുപ്പത്തിലെ തന്നെ വിധവയായ സ്ത്രീ , ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന ദമ്പതികള്‍. മൂന്ന് പേരുടെ നഷ്ടത്തിന്‌റെ കഥ പറയുകയാണ് മെമ്മറിലാന്‍ഡ് .

ടഗ് ഓഫ് വാർ

വൈവാഹിക ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന യുവതിയുമായി അടുക്കുന്ന വിപ്ലവകാരിയായ യുവാവിന്‌റെ കഥയാണ് ടഗ് ഓഫ് വാർ

കോര്‍ഡിയലി യുവേഴ്‌സ്

ഒരു കാപ്പിത്തോട്ടത്തിലുണ്ടാകുന്ന തൊഴിലാളി കലാപം , പീഡിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരന്‍, തട്ടിക്കൊണ്ടു പോകപ്പെടുന്ന അംബാസിഡര്‍, അന്വേഷണങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജൂതര്‍, പീഡിപ്പിക്കപ്പെടുന്ന സ്ത്രീ ഒരു സദസിന് മുന്നില്‍ പീഡിപ്പിക്കപ്പെട്ടയാളുടെ സാന്നിധ്യത്തില്‍ അവര്‍ നേരിട്ട പീഡനം വിളിച്ച് പറുന്നു , രണ്ടാം ലോകയുദ്ധ കാലത്ത് തമ്മില്‍ സംസാരിക്കുന്ന അച്ഛനും മകനും , പ്രതിസന്ധിയിലാകുന്ന ഒരു വിധവയും പുനര്‍വിവാഹത്തിനായി അവര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും ... ഇങ്ങനെ പല കാലഘട്ടങ്ങളില്‍ നടക്കുന്ന പത്ത് സംഭവങ്ങളെ കോര്‍ത്തിണക്കുകയാണ് കോര്‍ഡിയലി യുവേഴ്‌സ്

എ പ്ലേസ് ഓഫ് ഔവർ ഓൺ

വാടകയ്ക്ക് വീട് തേടി നടക്കുന്ന ലൈലയും റോഷ്‌നിയും , ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഇരുവരും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്

ഇതു കൂടാതെ ആറ് ചിത്രങ്ങൾ കൂടിയുണ്ട് മത്സരവിഭാഗത്തിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്', ലിജോജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' മണിപ്പൂരി സംവിധായകൻ റോമി മൈതേയിയുടെ 'ഔർ ഹോം' ബർലിൻ, ജറുസലേം, റിയോഡി ജനീറ എന്നീ മേളകളിൽ നോമിനേഷൻ നേടിയ ഐഡാൻ ഹേഗ്വൽ ചിത്രം 'കൺസേൺഡ്‌ സിറ്റിസൺ, ടർക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുൻ പിർസെലിമോഗ്ലു ഒരുക്കിയ 'കെർ' എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ

ഇവയിൽ ഒൻപത് ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും നൻപകൽനേരത്ത് മയക്കത്തിന്റെ ലോകത്തിലെ ആദ്യ പ്രദർശനവുമായിരിക്കും മത്സര വിഭാഗത്തിലേത്

logo
The Fourth
www.thefourthnews.in