ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി ; ലഹരി വിരുദ്ധ ക്യാംപെയിനും തുടക്കം
ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ചലച്ചിത്ര താരം ആനിക്ക് ആദ്യ പാസ് നൽകി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് നൽകി .കോവിഡിന് ശേഷം മേള പതിവ് രീതിയിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മേളയിലൂടെ ലഹരി വിരുദ്ധ സന്ദേശം കൂടുതൽ യുവാക്കളിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.
കലാകാരിയാണെങ്കിലും ഇത്തരമൊരു വേദിയിലെത്തുന്നത് ആദ്യമായാണെന്നും സന്തോഷമുണ്ടെന്നും ആനി പറഞ്ഞു. തിരുവനന്തപുരത്തുകാരൻ ആണെങ്കിലും തന്റെയും ആദ്യ ചലച്ചിത്ര മേളയാണിതെന്ന് ഗോകുലും പ്രതികരിച്ചു.
പ്രധാന വേദിയായ ടാഗോറിൽ പ്രത്യേക ഡെലിഗേറ്റ് സെല്ല് വഴിയാണ് പാസ് വിതരണം ചെയ്യുക. ബുധനാഴ്ച രാവിലെ 9 മുതൽ പാസ് വിതരണം ആരംഭിക്കും. ഇതിനായി പതിനാല് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത് . ഓൺലൈൻ രജിസ്റ്റർ ചെയ്തവർ ഐ ഡി പ്രൂഫുകളുമായെത്തിയാണ് പാസ് കൈപ്പറ്റേണ്ടത്. വിദ്യാർഥികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്