മേളയിലെ സംഘർഷം : കലാപാഹ്വാനത്തിന് മൂന്ന് പേർക്കെതിരെ കേസ് ; പരാതി നൽകിയിട്ടില്ലെന്ന് ചെയർമാൻ രഞ്ജിത്ത്
നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു . വിദ്യാർത്ഥികളായ നിഹാരിക, ഹനീൻ, നവീൻ എന്നിവർക്കെതിരെയാണ് കേസ്. റിസർവേഷനില്ലാത്തവരും തീയേറ്ററിലേക്ക് തള്ളി കയറാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായത്
എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് അക്കാദമി പരാതി നൽകിയിട്ടില്ലെന്നും പോലീസ് സ്വമേധയാ കേസെടുത്തതാണെന്നുമാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രതികരണം. പോലീസ് ഇടപെട്ടിട്ടുണ്ടെങ്കിൽ അതിനു എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും എന്താണ് പ്രകോപന കാരണം എന്ന് പോലീസിനോട് തന്നെ ചോദിക്കണമെന്നും രഞ്ജിത്ത് പറയുന്നു
കേസെടുത്ത മൂന്ന് പേർക്കും ഡെലിഗേറ്റ് പാസില്ലെന്നും , പാസില്ലാതെ സംഘർഷമുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്നാണ് പോലീസ് വിശദീരണം . പ്രതിഷേധക്കാർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്നും പോലീസ് ആരോപിക്കുന്നു .
എന്നാൽ പോലീസിന്റെ ആരോപണം നിഷേധിച്ച് വിദ്യാർത്ഥികളും രംഗത്തെത്തി . പാസ് കൈവശമുണ്ടെന്ന് അറസ്റ്റ് ചെയ്യപ്പെട്ട നിഹാരിക വ്യക്തമാക്കി.