പത്തു മിനുട്ടില്‍ ഹൗസ് ഫുള്ളായി 'അറിയിപ്പ്'

പത്തു മിനുട്ടില്‍ ഹൗസ് ഫുള്ളായി 'അറിയിപ്പ്'

നാളെ പ്രദർശിപ്പിക്കാനിരിക്കുന്ന മഹേഷ് നാരയണന്റെ അറിയിപ്പിന്റെ റിസർവേഷൻ കഴിഞ്ഞു
Updated on
1 min read

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിനം മത്സരവിഭാഗത്തിൽ പ്രദര്‍ശിപ്പിക്കുന്ന മഹേഷ് നാരായണന്റെ അറിയിപ്പിന് വന്‍വരവേല്‍പ്പ്. രാവിലെ എട്ടുമണിക്ക് റിസര്‍വേഷന്‍ ആരംഭിച്ച് പത്തുമിനുട്ടിനുള്ളില്‍ തിയേറ്റര്‍ ഹൗസ് ഫുള്ളായി. സിനിമ കാണാന്‍ കാത്തിരുന്ന നിരവധിപേര്‍ നിരാശരായി.

മലയന്‍ കുഞ്ഞിന് ശേഷമേത്തുന്ന മഹേഷ് നാരായണന്‍ ചിത്രമാണ് അറിയിപ്പ്. 75-ാമത് ലൊക്കാര്‍ണോ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ച മലയാള സിനിമയാണ് ഇത് . 1989 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'പിറവി'യായിരുന്നു അവസാനത്തേത്. തുടര്‍ന്ന് ബുസാന്‍ ചലച്ചിത്രമേളയില്‍ ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമയായി. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു. ഗോവയിലും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.  

ടേക്ക് ഓഫില്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തോടെ നില്‍ക്കുന്ന സമീറയെ അവതരിപ്പിച്ച മഹേഷ്, അറിയിപ്പില്‍ രശ്മിയിലൂടെ അഭിമാനത്തിനായി പ്രലോഭനങ്ങളെ അവഗണിക്കുന്ന സ്ത്രീകളുടെ ഉള്‍ക്കരുത്ത് തുറന്നു കാട്ടി. അരക്ഷിതമായ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടം അവഗണിച്ച് മുന്നോട്ട് പോകാന്‍ സമൂഹം പ്രേരിപ്പിക്കുന്നുവെങ്കിലും തന്റെ മാനം തെളിയിക്കാനുള്ള ബാദ്ധ്യത സ്വയം ഏറ്റെടുക്കുന്ന രശ്മി മാതൃകയാകുന്ന കാഴ്ചയാണ് അറിയിപ്പിലുള്ളത്.

ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് ദമ്പതിമാരായ ഹരീഷും രശ്മിയും. വിദേശത്തേക്കുള്ള വിസ ലഭിക്കാനുള്ള പരിശ്രമത്തിലാണ് ഇരുവരും. അതിന്റെ ഭാഗമായി എടുക്കുന്ന സ്‌കില്‍ വീഡിയോയിലൂടെയാണ്  ചിത്രം ആരംഭിക്കുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനൊപ്പം കോവിഡ്  മഹാമാരി കൂടിയെത്തിയതോടെ ജീവിതം ദുഷ്കരമാകുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഫാക്ടറി തൊഴിലാളികളുടെ  വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ രശ്മിയുടെ പേരില്‍ ഒരു അശ്ലീല വീഡീയോ ആരോ പോസ്റ്റ് ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

അരക്ഷിതമായ തൊഴിലിടങ്ങളില്‍ സംഭവിച്ച അപമാനത്തില്‍ നിശബ്ദയാകാനാണ് സമൂഹം രശ്മിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ വ്യക്തിത്വം പണയം വയ്ക്കാന്‍ തയാറാകാത്ത രശ്മിയുടെ ധീരമായ പോരാട്ടവും തിരിച്ചടികളുമൊക്കെയാണ് ചിത്രം പറയുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിര്‍മിതിയുമാണ് ഈ സിനിമയുടെ കരുത്ത് . ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് സന്ധിയില്ലാത്ത പോരാടുന്ന രശ്മിയായി ദിവ്യപ്രഭയും അവസരങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകുന്ന ഹരീഷായി കുഞ്ചാക്കോ ബോബനുമാണ് നിറഞ്ഞാടിയത്. കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാവിന്റെ റോളിലും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റിസര്‍വേഷന്‍ ലഭിക്കാതെ നിരാശരായ സുഹൃത്തുക്കള്‍ക്കുള്ള 'അറിയിപ്പ്'-  മേളയുടെ നാലാം ദിനത്തില്‍ 12 ന് രാവിലെ 9 മണിക്ക് എസ്.എല്‍ ഏരീസ് പ്ലെക്‌സില്‍ ഓഡി സ്‌ക്രീന്‍ ഒന്നില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in