'HE IS BACK'; രണ്ട് വര്‍ഷത്തിന് 
ശേഷം 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് പുനഃരാരംഭിച്ചു

'HE IS BACK'; രണ്ട് വര്‍ഷത്തിന് ശേഷം 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് പുനഃരാരംഭിച്ചു

നെടുമുടി വേണു ഒന്നാം ഭാഗത്തില്‍ അവതരിപിച്ച കഥാപാത്രത്തെ രണ്ടാം ഭാഗത്തിൽ നന്ദു പൊതുവാള്‍ അവതരിപ്പിക്കും
Updated on
1 min read

കമല്‍ഹാസന്‍ ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 ചിത്രീകരണം പുനഃരാരംഭിച്ചു. 1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം പതിപ്പിന്റെ ചിത്രീകരണം 2020 ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ തടസ്സപ്പെടുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപെടുകയും കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും സിനിമയെ സാരമായി ബാധിച്ചു. ഇതെല്ലാം പരിഹിച്ചാണ് ഇപ്പോള്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. വീണ്ടും ചിത്രീകരണം ആരംഭിച്ച വിവരം സംവിധായകന്‍ ശങ്കര്‍ ആണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

തമിഴനാട് എംഎല്‍എയും സിനിമാതാരവും ആയ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജെയിന്റ് മൂവീസ് ലൈക്ക പ്രൊഡക്ഷന്‍സിനോടൊപ്പം സിനിമയുടെ നിര്‍മാണം ഏറ്റെടുത്തതോടെയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. സംവിധായകന്‍ ശങ്കര്‍, മറ്റ് ടീം അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെട്ട മുഹൂര്‍ത്ത പൂജയോടെ ആയിരുന്നു വീണ്ടും ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചടങ്ങില്‍ കമല്‍ഹാസന്‍ ഉണ്ടായിരുന്നില്ല.

സേനാപതിയായുള്ള കമല്‍ ഹാസന്റെ തിരിച്ചുവരവ് ഉലക നായകന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികകല്ലായേക്കും എന്നാണ് സിനിമ ലോകത്തുനിന്നുള്ള വാര്‍ത്തകള്‍.

ചെന്നൈ പാരീസ് കോര്‍ണറിലെ ഏഴിലധികം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണത്തിനായുള്ള സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തില്‍ നായിക. അടുത്തിടെ അന്തരിച്ച മലയാളികളുടെ പ്രിയതാരം നെടുമുടി വേണു ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ അവതരിപിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥനായി നന്ദു പൊതുവാള്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

200 കോടി രൂപ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് ആക്ഷന്‍ കൊറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്

അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, ഡല്‍ഹി ഗണേഷ്, ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും.

1996ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ ഒന്നാം ഭാഗത്തില്‍ ഇരട്ട വേഷങ്ങളിലായിരുന്നു കമല്‍ഹാസന്‍ പ്രത്യക്ഷപെട്ടത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയായി ഉലകനായകന്‍ മാസ്മരികമായ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചിത്രം മികച്ച സാമ്പത്തിക വിജയം നേടി. ചിത്രത്തിലെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമലിനെ തേടിയെത്തി.

ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരോ, സംവിധായകനോ വര്‍ഷങ്ങളോളം ഇതിനെ പറ്റി സൂചിപിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in