'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവാര്‍ന്ന മേഖല'; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവാര്‍ന്ന മേഖല'; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

മലയാള സിനിമ ഇന്ത്യയിലെ തന്നെ മറ്റ് സിനിമവ്യവസായ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഇരിക്കുന്നതിന്റെ കാരണങ്ങളാണ് എക്കണോമിസ്റ്റ് വാരികയിലെ ലേഖനത്തിൽ പറയുന്നത്
Updated on
2 min read

ലോകപ്രശസ്ത ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ ഇന്ത്യയിലെ തന്നെ മറ്റ് സിനിമവ്യവസായ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഇരിക്കുന്നതിന്റെ കാരണങ്ങളുമാണ് എക്കണോമിസ്റ്റ് വാരികയിലെ ലേഖനത്തിൽ പറയുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളെക്കാൾ നേട്ടം മലയാള സിനിമയുണ്ടാക്കിയതിനെ കുറിച്ചും ലേഖനത്തിൽ പറയുന്നു.3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽനിന്ന് 2023ൽ ഇരുന്നൂറോളം സിനിമകളാണ് പുറത്തിറങ്ങിയത്. 50 കോടിയോളം പേർ ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിൽ ഇതേകാലയളവിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമകളുടെ എണ്ണവും ഇത്രതന്നെയാണ്.

2024 ൽ മലയാളത്തിൽ നിന്നുള്ള മഞ്ഞുമ്മൽ ബോയ്‌സ് 240 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളതും മഞ്ഞുമ്മൽ ബോയ്‌സ് ആണ്. 20 കോടി രൂപ മാത്രം ചിലവഴിച്ചാണ് ഈ ചിത്രം അണിയറ പ്രവർത്തകർ ഒരുക്കിയത്.

'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവാര്‍ന്ന മേഖല'; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ
ദർശന്റെ 'ജയിൽ വസ്ത്രം' അണിഞ്ഞു കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

അതേസമയം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഫൈറ്റർ എന്ന ചിത്രത്തിന് നിർമാണത്തിനായി ഇതേ ബഡ്ജറ്റിന്റെ 13 ശതമാനത്തിലധികമാണ് ചെലവായത്. തീവ്രദേശീയ സന്ദേശവും ഇന്ത്യ - പാകിസ്താൻ വൈരവും ബോളിവുഡിലെ വമ്പൻ താരങ്ങളും ഈ ചിത്രത്തിനായി അണി നിരന്നിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ഇന്ത്യൻ സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും എക്കണോമിസ്റ്റ് വാരിക ചൂണ്ടിക്കാട്ടി.

ആടുജീവിതം, ഭ്രമയുഗം, ആവേശം തുടങ്ങി വിവിധ ഴോണറുകളിലും വിവിധ കഥാപശ്ചാത്തലത്തിലുമാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങൾ എത്തിയതെന്നും എക്കണോമിസ്റ്റ് നിരീക്ഷിച്ചു.

മലയാള സിനിമയുടെ തുടക്കം മുതൽ തന്നെ വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും രീതികൾ കൊണ്ടും ഇന്ത്യയിലെ മറ്റ് സിനിമ മേഖലകളുമായി മലയാള സിനിമ മാറി നിൽക്കുന്നുണ്ടെന്നും മലയാള സിനിമയുടെ സവിശേഷമായ മുന്നേറ്റത്തിന് ഇവിടുത്തെ സാമ്പത്തികമായും ജനസംഖ്യപരമായ കാരണങ്ങളുണ്ടെന്ന് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായി ജിപി രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എക്കണോമിസ്റ്റ് വാരിക പോലെ ഒരു അന്താരാഷ്ട്ര മാധ്യമം മലയാള സിനിമയുടെ ഈ നേട്ടം അടയാളപ്പെടുത്തുന്നതിനെ കുറിച്ച് ദ ഫോർത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവാര്‍ന്ന മേഖല'; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ
കീരവാണിയുടെ ദേവരാഗങ്ങൾ

ആദ്യകാലങ്ങളിൽ ബോംബെയിലും പൂനെയിലും മദ്രാസിലുമൊക്കെയായിരുന്നു സിനിമയുടെ സ്റ്റുഡിയോകൾ നിലനിന്നിരുന്നത്. രാത്രികളിലും ഞായറാഴ്ചകളിലും പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഇവിടെയൊക്കെ മലയാള സിനിമ ചിത്രീകരിച്ചിരുന്നത്. ഇന്ത്യൻ സിനിമയിൽ എല്ലാ ഭാഷകളും പുരാണ സിനിമകൾക്ക് പ്രാധാന്യം നൽകിയപ്പോൾ മലയാള സിനിമയിൽ അത് കുടുംബ ചിത്രങ്ങൾക്കും മറ്റുമായിരുന്നു പ്രധാന്യം നൽകിയത് ജി പി രാമചന്ദ്രൻ പറയുന്നു.

ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലുമെല്ലാം മറ്റ് സിനിമ മേഖലകളുമായി മലയാള സിനിമയ്ക്ക് വ്യത്യാസം ഉണ്ട്. മലയാളി സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമായിരുന്നു സിനിമ. സാഹിത്യത്തിലും കലകളിലുമെല്ലാം ഈ വ്യത്യസ്തത കാണാൻ സാധിക്കും. മറ്റുഭാഷകൾ പുരാണ ഇതിഹാസങ്ങളെ ചുറ്റിപറ്റി സിനിമകൾ എടുക്കുമ്പോൾ നമ്മൾ സാഹിത്യത്തിനെ അടിസ്ഥാനമാക്കിയായിരുന്നു സിനിമകൾ ഒരുക്കിയിരുന്നത്. മാർത്താണ്ഡവർമ്മയടക്കമുള്ള സിനിമകൾ ഇത്തരം സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഒരുങ്ങിയ സിനിമകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമകളിലെ പലമാറ്റങ്ങളും മലയാളസിനിമയിലേക്കും എത്തുന്നുണ്ടെങ്കിലും നമ്മൾക്ക് നമ്മുടെതായ രീതികളുണ്ട്. വൻ കോർപ്പറേറ്റുകൾ തെലുങ്കിലും ബോളിവുഡിലും ഒരു പരിധിവരെ തമിഴിലും ഇടപെടുമ്പോൾ കേരളത്തിൽ ഇതല്ല സ്ഥിതി. ലോക്ഡൗൺ കാലത്തും മറ്റും ഒടിടി റിലീസുകളും വർധനവും വൈഡ് റിലീസുകളും മലയാള സിനിമയ്ക്ക് കൂടുതൽ വ്യാപ്തി ഉണ്ടാക്കി കൊടുത്തു. സിനിമകളുടെ മലയാളികളുടെ ജീവിതരീതികളും മറ്റും കേരളത്തിന് പുറത്തുള്ളവരിലേക്ക് മലയാള സിനിമയുടെ പ്രത്യേകതകൾ എത്താൻ തുടങ്ങി. ഇതെല്ലാം ഉദാത്തമാണെന്നുള്ള അഭിപ്രായം ഇല്ല, എന്നാലും മറ്റുള്ളവയിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

സിനിമകളിൽ എന്ത് ജീർണതകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ ഒരു ഭാഗത്ത് വ്യത്യസ്തങ്ങളായ സിനിമകളും ആശയങ്ങളും സംഭവിക്കുന്നുണ്ട്. എൺപതുകളും തൊണ്ണൂറുകളിലും വലതുപക്ഷ അനൂകലമായ ധാരാളം സിനിമകൾ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നു. കേരളത്തിലെ തമ്പുരാക്കൻ സിനിമകൾ ഇതിന് ഉദാഹരണമാണ്. മലയാള സിനിമ ഇതിൽ നിന്നെല്ലാം മാറി ചിന്തിച്ച് തുടങ്ങിയപ്പോളും മറ്റുഭാഷകളിലെ സിനിമകൾ വലതുപക്ഷ സിനിമകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുകയാണ്. ശരിക്കും കേരളത്തിലെ പ്രേക്ഷകർ താരങ്ങളുടെ ആരാധകരായി ഇരിക്കുമ്പോളും കണ്ടന്റുകളിൽ ഇടപെടുകയും തിരുത്തേണ്ടവ തിരുത്തുകയും ചെയ്യുന്നുണ്ടെന്നും ജി പി രാമചന്ദ്രൻ ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in