'സിരീസായതുകൊണ്ടാണ് ക്ലൈമാക്‌സ് അങ്ങനെയായത്'; കേരള ക്രൈം ഫയല്‍സിന്റെ എഴുത്തുകാരൻ സംസാരിക്കുന്നു
കൊച്ചിയിലെ ഒരു ലോഡ്ജില്‍ നടക്കുന്ന കൊലപാതകവും കുറ്റവാളിയിലേക്കുള്ള പോലീസിന്റെ യാത്രയും, മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കൈകാര്യം ചെയ്ത വിഷയത്തെ പോലെ തന്നെ സിരീസിന്റെ നിര്‍മാണ രീതിയും മറ്റ് ജനപ്രീതി നേടിയിട്ടുള്ള സിരീസുകളോട് കിടപിടിക്കുന്നതാണ്. എന്നാല്‍ 'കേരള ക്രൈം ഫയല്‍സിന്റെ ക്ലൈമാക്സ് ഈ രീതിയില്‍ ചിത്രീകരിച്ചത് മനഃപൂര്‍വമാണ്. ഏതൊരു കുറ്റകൃത്യത്തിന് പിന്നിലും ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറിയുണ്ടാക്കുകയെന്നത് മലയാളികളുടെ സ്ഥിരം രീതിയാണ്. അതല്ലാത്തവയെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന പാറ്റേണ്‍ പൊളിച്ചെഴുതുക എന്ന ഉദ്ദേശമായിരുന്നു കേരള ക്രൈം ഫയല്‍സിന്റെ ക്ലൈമാക്സ് രൂപീകരണത്തിന് പിന്നിലുണ്ടായിരുന്നത്,' എന്ന് തുറന്നുപറയുകയാണ് കേരള ക്രൈം ഫയല്‍സിന്റെ തിരക്കഥാകൃത്ത് ആഷിഖ് ഐമര്‍ ദ ഫോര്‍ത്തിനോട്.
കേരള ക്രൈം ഫയല്‍സിന്റേത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. കേസന്വേഷണത്തോടൊപ്പം പോലീസുകാരുടെ കുടുംബബന്ധങ്ങളും പറയുന്ന ഇങ്ങനെയൊരു സിരീസിനായി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്?
പലഭാഷകളിലായി കുറേ അധികം സിരീസുകള്‍ കണ്ടിട്ടുണ്ട്. അങ്ങനെയൊരു സീരിസ് ഇവിടെ പ്രാവര്‍ത്തികമാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. എല്ലാ മലയാളി പ്രേക്ഷകരും അതിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെയെല്ലാം ലൈറ്റര്‍ വേര്‍ഷന്‍ ഇവിടെ പിടിക്കണം. കാരണം ആളുകള്‍ എന്റെ ഈ സീരിസ് കാണണം. വളരെ കുറച്ച് മലയാളി പ്രേക്ഷകര്‍ മാത്രമാണ് പ്രാധാന്യം ഉള്‍കൊണ്ട് ഇവിടെ സീരിസ് കാണുന്നത്. മറ്റുള്ളവരിലേക്ക് കൂടി ഈ സീരിസ് എത്തിക്കുക എന്നതായിരുന്നു ആദ്യം മുതലുള്ള ലക്ഷ്യം.
കൂടാതെ പ്രധാന പ്ലാറ്റ്‌ഫോമില്‍ വരുന്ന മലയാളത്തിലെ ആദ്യത്തെ വെബ്സീരിസാണ് കേരള ക്രൈം ഫയല്‍സ്. ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ വെബ് സീരിസുമാണിത്. ഇതിനുമുമ്പ് യൂട്യൂബിലും മനോരമ മാക്സിലെ മേനകയും വന്നിട്ടുണ്ടെങ്കിലും കുറച്ചു കൂടെ വലിയൊരു പ്ലാറ്റ്ഫോമില്‍ വരുന്ന വലിയൊരു വെബ്സീരിസാണ് കേരള ക്രൈം ഫയല്‍സ്. അതുകൊണ്ട് പതിഞ്ഞ സ്വഭാവത്തില്‍ ചെയ്ത് ആളുകള്‍ കൂടുതല്‍ ഈ സീരിസ് കാണണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു.
ഈ സീരിസ് ഒരു പ്രൊസീഡുറല്‍ ഇന്‍വസ്റ്റിഗേഷന്‍ ടൈപ്പാണ്. എങ്ങനെയാണ് ഒരു പോലീസ് ഇന്‍വസ്റ്റിഗേഷന്‍ നടക്കുന്നതെന്ന് സീരിസിലൂടെ കാണിക്കുന്നതിനൊപ്പം ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും കഴിയണം.
കേരള ക്രൈം ഫയല്‍സ് സീരിസിന്റെ കഥ കിട്ടിയതുമുതല്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് കേസ് ലളിതമാണെന്നതാണ്. വലിയ സമ്മര്‍ദ്ദം ഒന്നുമില്ലാതെ പോകുന്നൊരു കേസെന്നത് കുറച്ചുകൂടെ രസകരമായി തോന്നി. അങ്ങനെ പ്രഷറില്ലാത്തൊരു കേസ് പോലീസുകാര്‍ ആറ് ദിവസം കൊണ്ട് കണ്ടുപിടിച്ചല്ലോ. അതുകൊണ്ട് തന്നെ അതിന്റെ നടപടികള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ എറണാകുളത്തെ സെന്റട്രല്‍ സ്റ്റേഷനില്‍ തന്നെയായിരുന്നു കുറേനാള്‍ ഞങ്ങള്‍.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്ന വിജയ് ശങ്കര്‍ സാറിന്റെ കഥയാണ് കേരള ക്രൈം ഫയല്‍സിന്റേത്. മനോജ്, വിജയ് ശങ്കര്‍, പ്രജീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും ഒരുപാട് സഹായിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള പോലീസുകാരുടെ കുറേ വാക്കുകളും ഒരോന്നിനും ഉപയോഗിക്കുന്ന നിയമങ്ങള്‍ ഏതൊക്കെയാണെന്നെല്ലാം കൃത്യമായി അറിയുക എന്നതായിരുന്നു പ്രധാനമായി ശ്രദ്ധിച്ചത്. പരാതിയെഴുതുന്നത് മുതലുള്ള പോലീസ് രീതികളും അറിയണം.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അതെല്ലാം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വേണം എന്നതിനാല്‍ പോലീസുകാരെ കൊണ്ടൊക്കെ എഴുതിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുതികൊടുത്തതിന് ശേഷം ഇത് പോലീസിന്റെ രീതിയിലേക്ക് മാറ്റി തരാനായി പറഞ്ഞു. സീരിസ് ചെയ്യാന്‍ എറണാകുളം സെന്റട്രല്‍ സ്റ്റേഷന്റെ വലിയൊരു സഹായം തന്നെ ലഭിച്ചു. ഒരു ഒന്ന്, രണ്ട് മാസം റിസര്‍ച്ചിനായി അവരുടെ അടുത്ത് തന്നെ ആയിരുന്നു.
ഈ സീരിസ് ഒരു പ്രൊസീഡുറല്‍ ഇന്‍വസ്റ്റിഗേഷന്‍ ടൈപ്പാണ്. എങ്ങനെയാണ് ഒരു പോലീസ് ഇന്‍വസ്റ്റിഗേഷന്‍ നടക്കുന്നതെന്ന് സീരിസിലൂടെ കാണിക്കുന്നതിനൊപ്പം ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും കഴിയണം. അതുകൊണ്ടാണ് ചെറിയ ഹ്യൂമര്‍ ഒക്കെ ചേര്‍ത്ത് ലൈറ്റായിട്ട് തന്നെ കൊണ്ടുപോയത്. യാതൊരുവിധ സമ്മര്‍ദ്ദവും ഇല്ലാത്ത ഒരു കേസ് പോലീസുകാര്‍ തെളിയിക്കുന്നത് അവരുടെ ഇഗോ ഹേര്‍ട്ടായതുകൊണ്ട് മാത്രമാണ്. അതെല്ലാം പറഞ്ഞുപോകുമ്പോഴും 25,30 മിനിറ്റിന് അപ്പുറത്തേക്ക് സീരിസിന്റെ ഒരു എപ്പിസോഡും കടന്നിട്ടില്ല. കാരണം അത്രെയും ചടുലമായാല്‍ മാത്രമെ ആളുകള്‍ സീരിസ് കാണുകയുള്ളു എന്ന ധാരണ എനിക്കുണ്ടായിരുന്നു.
സീരിസിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ പതിനഞ്ച് ദിവസം മാത്രമാണ് എടുത്തിട്ടുള്ളത്. സിനിമയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതും ഒരു പോലീസ് സ്റ്റോറിയാണെങ്കിലും ഹ്യൂമറായിരുന്നു പ്രധാനം. ആ സിനിമക്ക് വേണ്ടിയായിട്ടാണ് റിസര്‍ച്ചെല്ലാം തുടങ്ങിയത്.
അതേസമയത്താണ് ഈ കഥ കിട്ടുന്നതും ഹോട്ട്സ്റ്റാര്‍ ഒരു വെബ് സീരിസ് നോക്കുന്നുണ്ടെന്ന് അറിഞ്ഞതും. ഡയറക്ടറും പ്രൊഡ്യൂസറും ചെന്നാണ് കഥ പറഞ്ഞത്.
മുഴുവന്‍ സ്‌ക്രിപ്റ്റും തയ്യാറാണോയെന്നായിരുന്നു ഹോട്ട്സ്റ്റാര്‍ പ്രതിനിധികള്‍ക്ക് അറിയേണ്ടത്. കിട്ടിയ അവസരം കളയേണ്ടെന്ന് കരുതി സ്‌ക്രിപ്റ്റ് കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ഡേറ്റ് പറയുകയും ആ ദിവസം സബ്മിറ്റ് ചെയ്യാനായി അവര്‍ പറഞ്ഞു. പിന്നെ വേറെ വഴിയൊന്നും ഇല്ലാത്തതിനാല്‍ പതിനഞ്ച് ദിവസം കൊണ്ട് ഇരുന്ന് എഴുതുകയാണ് ഉണ്ടായത്.
മാറ്റങ്ങളും തിരുത്തലുകളും വരുത്തിയിട്ടുണ്ടെങ്കിലും ആദ്യത്തെ സ്‌ക്രിപ്റ്റ് എഴുതുന്നത് പതിനഞ്ച് ദിവസം കൊണ്ടാണ്. ഒരു കര്‍ട്ടന്‍ റെയ്സറായിട്ടാണ് സീസണ്‍ വണ്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇനിയും പല പ്ലാറ്റ്ഫോമുകളിലായി കുറേ സീരിസുകള്‍ മലയാളത്തിലേക്ക് വരുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്തത് ഇതിലും ഹെവിയായിട്ട് ചെയ്യാന്‍ പറ്റുമെന്ന പ്രതീക്ഷയും എനിക്കുണ്ട്.
സ്‌ക്രിപ്റ്റ് എഴുതാന്‍ പതിനഞ്ച് ദിവസം മാത്രമാണ് എടുത്തിട്ടുള്ളത്
എസ് ഐ മനോജായി അജുവര്‍ഗീസ് തന്നെയാണോ മനസില്‍ വന്നിരുന്നത്?
സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ നായകനായി മനസില്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷെ വലിയൊരു സ്റ്റാര്‍ ഒരിക്കലും വരാന്‍പാടില്ലെന്ന് ചിന്തിച്ചിരുന്നു. സ്റ്റാറിനെ താങ്ങാനാവുന്നൊരു കണ്ടന്റ് ഈ സീരിസിന് ഇല്ല. മുന്‍നിര താരങ്ങളുണ്ടായാല്‍ കണ്ടന്റ് ചെറുതായി പോകും. കണ്ടന്റിനെ ഉള്‍കൊള്ളുന്ന അഭിനേതാവായിരുന്നു വേണ്ടത്. ഡയറക്ടറുടെ തീരുമാനവും അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സുമാണ് അജു വര്‍ഗീസിലേക്കെത്തിച്ചത്.
അജു വര്‍ഗീസില്‍ എനിക്ക് വലിയ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. അദ്ദേഹം നന്നായി തന്നെ അഭിനയിക്കുമായിരിക്കും, പക്ഷെ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് എത്തിച്ചത് ഉറപ്പായിട്ടും സംവിധായകന്‍ അഹമ്മദ് കബീറിന്റെ കോണ്‍ഫിഡന്‍സാണ്.
കഥാപാത്ര പൂര്‍ണതയ്ക്കായി അജു വര്‍ഗീസ് നന്നായി പരിശ്രമിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആ അധ്വാനം സീരിസില്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു.
ഒരു കേസിന് ലഭിക്കുന്ന പരിഗണനയും സാമൂഹിക പരിഗണനയും കേരള ക്രൈം ഫയല്‍സ് കാണിച്ചുതരുന്നുണ്ട്. പോലീസുകാര്‍ക്കും സമൂഹത്തിനും നേരെയുള്ള ചോദ്യം ചെയ്യല്‍ കൂടിയല്ലേ സിനിമ?
പ്രിവിലേജിന്റെ അടിസ്ഥാനത്തില്‍ പ്രാധാന്യം നിശ്ചയിക്കുന്ന രീതി സമൂഹത്തില്‍ പല മേഖലകളിലുമുണ്ട്. അത് ചോദ്യം ചെയ്യപ്പെടണം. എന്നാല്‍ മനപൂര്‍വം അവ ചോദ്യം ചെയ്യണം എന്ന ധാരണ വെച്ചുകൊണ്ടല്ല കേരള ക്രൈം ഫയല്‍സ് ചെയ്തിട്ടുള്ളത്. പോലീസുകാരുടെ കാര്യം സംസാരിക്കുന്ന സീരിസ് ആയതുകൊണ്ട് അവര്‍ക്കിടയില്‍ ഉള്ള കാര്യം ഞാന്‍ തുറന്ന് കാണിച്ചു എന്ന് മാത്രമേയുള്ളു. പദവി അനുസരിച്ച് പ്രാധാന്യം കല്‍പ്പിക്കുന്ന രീതി എല്ലായിടത്തുമുണ്ട്.
ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ തന്നെ പല വിധത്തിലുള്ള ആളുകളുണ്ട്. ഇതില്‍ തന്നെ സ്വപ്ന സംസാരിക്കുന്നത് പോലെയല്ല ലതിക സംസാരിക്കുന്നത്. ലതികയുടെ അപ്പുറത്തുള്ള ബിന്‍സി സംസാരിക്കുന്നത് എനിക്ക് സ്വപ്നവും പ്രതീക്ഷയുമുണ്ടെന്നാണ്. ആ രീതിയില്‍ ചിന്തിക്കുന്ന ലൈംഗിക തൊഴിലാളികളുമുണ്ട്. ആ കാര്യം പറഞ്ഞുവെക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
സമൂഹത്തില്‍ നടക്കുന്ന കാര്യത്തില്‍ ആരും സംതൃപ്തരല്ലല്ലോ. ഇവയെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ എന്റെ സിനിമയില്‍ വലിയ രീതിയില്‍ അത് പ്രതിഫലിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല. സിനിമയില്‍ ഞാന്‍ ചിലതെല്ലാം കാണിക്കുന്നുണ്ട്. കാണുന്ന പ്രേക്ഷകര്‍ സ്വാഭാവികമായും കണ്ട് അവ മനസിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
സമൂഹത്തിനോടുള്ള വിയോജിപ്പ് പറയാന്‍ സിനിമയെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയിട്ടുണ്ട്. അതിന് പ്രസംഗിച്ചാല്‍ പോരെ. എന്റെ സിരീസ് കാണുമ്പോള്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് കാണുന്നവര്‍ക്ക് മനസിലാകണം.
എന്റെയും സംവിധായകന്റെയുമൊക്കെ രാഷ്ട്രീയം തീര്‍ച്ചയായും സിനിമയില്‍ പ്രതിന്വധിനിക്കുന്നുണ്ട്. എന്റെ ഉള്ളില്‍ സ്ത്രീവിരുദ്ധയുണ്ടെങ്കില്‍ ഞാന്‍ അറിയാതെ തന്നെ അത് പുറത്ത് വരും.
ഇന്ന് കാണുന്ന വ്യക്തിയല്ല ഞാന്‍. കാലങ്ങള്‍ക്ക് മുമ്പ് സിനിമയിലെ പല ഡയലോഗുകള്‍ക്കും കയ്യടിച്ചിട്ടുണ്ട്. ഇനി ചിലപ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റുകള്‍ കുറച്ച് കാലം കഴിഞ്ഞ് ആരെങ്കിലും പറഞ്ഞുതരുമ്പോഴായിരിക്കും മനസിലാവുക. അതുകൊണ്ട് സമൂഹത്തിലും ആ മാറ്റങ്ങള്‍ പതിയെ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ വെബ് സീരിസ് ആണ്. പുതുമുഖങ്ങളെ വെച്ച് അഭിനയിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നോ?
ഡിസ്നി ഹോട്ട് സ്റ്റാറിന് ആകെയുള്ള നിര്‍ബന്ധം ക്വാളിറ്റിയാണ്. അതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഇന്ത്യയിലെയും മറ്റ് പുറത്തുള്ള രാജ്യങ്ങളുടെയും സീരിസിനോട് കിടപിടിക്കുന്നതായിരിക്കണമെന്ന് കണ്ടന്റ് കേട്ടതിന് ശേഷം അവര്‍ പറഞ്ഞു.
ആറ് എപ്പിസോഡ് വേണമെന്നതായിരുന്നു മറ്റൊരു നിര്‍ബന്ധം. നാല് എപ്പിസോഡുള്ള ഒരു മിനീസീരിസായിരുന്നു ഞങ്ങളുടെ മനസില്‍. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രശ്നം ഒന്നുമില്ലാതെ ആറ് എപ്പിസോഡ് ചെയ്തെടുക്കാന്‍ പറ്റി.
ഹോട്ട് സ്റ്റാറിന് ആകെയുള്ള നിര്‍ബന്ധം ക്വാളിറ്റിയാണ്
വലിയ താരങ്ങള്‍ വേണമെന്നുള്ള നിര്‍ബന്ധമൊന്നും ഹോട്ട് സ്റ്റാറിന് ഇല്ലായിരുന്നു. സിനിമ ചെയ്യുമ്പോള്‍ മാത്രമാണ് വലിയ സ്റ്റാര്‍ കാസ്റ്റുകള്‍ നമുക്ക് ആവശ്യമുള്ളു. അതിനല്‍ പുതുമുഖങ്ങള്‍ എന്ന വിഷയത്തില്‍ ധൈര്യം ഉണ്ടായിരുന്നു. സിനിമ കാണുമ്പോള്‍ പുതിയ അഭിനേതാക്കളാകുമ്പോള്‍ നമുക്ക് ഒന്നും ഒരുതരത്തിലുമുള്ള മുന്‍വിധികളും അവരെക്കുറിച്ചുണ്ടാവില്ലല്ലോ. അതുകൊണ്ട് എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് പെട്ടെന്ന് മനസിലാകും. പിന്നെ അവരെകൊണ്ട് ചെയ്യിപ്പിക്കുന്നതിലെ മുഴുവന്‍ ആത്മവിശ്വാസവും സംവിധായകന്റേതാണ്.
അഹമ്മദ് കബീര്‍ വളരെ ബുദ്ധിപരമായി അത് തെളിയിച്ചിട്ടുണ്ട്. ആക്ട് ലാബ് എന്ന കാസ്റ്റിങ് കമ്പനിയില്‍ നിന്നാണ് ഞങ്ങള്‍ ആളുകളെ എടുത്തത്. ഈ സീരിസില്‍ അഭിനയിച്ച എല്ലാവരും വളരെ മനോഹരമായിട്ട് തന്നെ അവരുടെ റോളുകള്‍ ചെയ്തിട്ടുണ്ട്. ഡയറക്ടറുടെയും അഭിനേതാക്കളുടെയും കഴിവ് ഒന്നുകൊണ്ടുമാത്രമാണ് വിജയിച്ചത്. ഞാന്‍ എഴുതികൊടുക്കുന്നതിനെ പല വിധത്തിലേക്ക് മാറ്റാന്‍ ഇവര്‍ക്ക് കഴിയും എന്നാല്‍ അതില്‍ ഏറ്റവും മനോഹരമായി തന്നെയാണ് അവര്‍ ചെയ്തിരിക്കുന്നത്. പുതിയ ആഭിനേതാക്കള്‍ ആയതുകൊണ്ടാണ് പ്രേക്ഷകര്‍ക്കും ഒരു വ്യത്യസ്തത അനുഭവപ്പെടുന്നത്.
പോലിസുകാരെ മോശക്കാരാക്കുകയോ വെളുപ്പികയോ സിനിമ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ സമീപിച്ചത്?
ഒരു പോലീസുകാരന്റെ സ്വഭാവം വച്ച് മൊത്തം പോലീസ് സംവിധാനത്തെയും വിലയിരുത്താനാവില്ല. അങ്ങനെയൊരു പൊതുസ്വഭാവം ഒന്നിനുമില്ല. ഒരാളുടെ സ്വഭാവം സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പോലീസുകാരായി എത്തുന്നവരുടെ ഓരരുത്തരുടെയും സ്വഭാവം വ്യത്യസ്തമായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കും. പല രീതിയിലുള്ള പോലീസുകാരെ മനപൂര്‍വം കൊണ്ടുവന്നതാണ്. പോലീസുകാരെ മൊത്തത്തില്‍ അടച്ച് ആക്ഷേപിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
പോലീസിനോട് വലിയ മതിപ്പില്ലാത്ത വ്യക്തിയാണ് ഞാന്‍. പക്ഷെ എല്ലാവരുടെയും സ്വഭാവം ഒരു പോലെയായിരിക്കുമെന്ന കാഴ്ചപാട് എനിക്കില്ല. ആളുകള്‍ക്ക് അനുസരിച്ച് സ്വഭാവം മാറുന്നുണ്ട്. പോലീസുകാരില്‍ മാത്രമല്ല, സീരിസിലെ മറ്റ് എല്ലാ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
സിപിഒ സുനിലും ഭാര്യയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചവരാണ്. ഇക്കാര്യം സ്വഭാവികമായി പറഞ്ഞു പോവുന്നുണ്ട്. ഇവരുടെ വീട്ടില്‍ കാണുന്ന അയ്യന്‍ങ്കാളിയുടെ ചിത്രത്തിന്റെ രാഷ്ട്രീയ മാനം?
എന്റെ പടത്തില്‍ അയ്യങ്കാളിയുടെയും അംബേദ്കറിന്റെയും പെരിയാറിന്റെയും ഫോട്ടോ വരുന്നത് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണ്. നമ്മുടെ നാട്ടിലൊക്കെ ഇപ്പോഴും വീട്ടുകാരുടെ സമ്മതമില്ലാത്ത വിവാഹങ്ങള്‍ അസാധാരണമാണ്. ജാതിയുടെ പേരില്‍ എത്ര ആളുകള്‍ ആശിര്‍വദിച്ച് കല്യാണം നടത്തുന്നുണ്ട്?. ഇത്തരം വിഷയങ്ങള്‍ സംഭാഷണങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. ആ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തണമെങ്കില്‍ അയ്യങ്കാളി അവിടെ വേണം എന്ന് നിശ്ചയിച്ചിരുന്നു. അയ്യങ്കാളിയെ അത്തരം വീടുകളിലൊക്കെയല്ലേ നമ്മള്‍ കാണുന്നുള്ളൂ.
എന്റെ ചെറുപ്പത്തിലൊന്നും ഞാന്‍ അയ്യങ്കാളിയെ കണ്ടിരുന്നില്ല. ഈ അടുത്തകാലത്താണല്ലോ നമ്മള്‍ അവരെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. അംബേദ്കറിനെ ഉയര്‍ത്തി പിടിക്കുന്ന എല്ലാവരെയും അംഗീകരിക്കണം എന്നല്ല, തമിഴ് സിനിമകളിലൊക്കെയാണ് അംബേദ്കര്‍ കൂടുതല്‍ ചര്‍ച്ചയായിട്ടുള്ളത്. വെട്രിമാരനും പാ രഞ്ജിത്തും തമിഴ് സിനിമകളില്‍ പറഞ്ഞുവെക്കുന്നത് മലയാള സിനിമകളിലും കാണുമ്പോള്‍ നമ്മള്‍ അഭിമാനിക്കുകയല്ലേ വേണ്ടത്.
ഞാന്‍ കണ്ട സ്ത്രീകളെല്ലാം അടിപൊളിയായിരുന്നു. എന്നിലെ വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ഒരുപാട് സ്ത്രീകളുടെ സ്വാധീനമുണ്ട്
പല കാരണങ്ങള്‍ കൊണ്ടും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചവരെ എനിക്ക് അറിയാം. അവര്‍ വളരെ നല്ല രീതിയിലാണ് ജീവിക്കുന്നത്. വീട്ടുകാര്‍ക്കും സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കൊണ്ട് അവര്‍ക്ക് വ്യക്തിപരമായി യാതൊരുവിധ ബുദ്ധിമുട്ടുകളും സംഭവിച്ചിട്ടില്ല. പക്ഷെ സിപിഒ സുനിലിനെ പോലെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നെങ്കിലെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. കുട്ടി ജനിച്ചാല്‍ എങ്കിലും വീട്ടുകാര്‍ തങ്ങളെ സ്വീകരിക്കാന്‍ വരുമായിരിക്കുമെന്നത് അയാളുടെ ശുഭാക്തി വിശ്വാസമാണ്. എന്നാല്‍ സുനിലിനേക്കാളും സ്വന്തം വീട്ടുകാരെക്കുറിച്ച് അറിയുന്നത് അദ്ദേഹത്തിന്റെ പങ്കാളിക്കാണ്. അതുകൊണ്ടാണ് നോക്കിയിരുന്നോളൂ, ഇപ്പോള്‍ വരുമെന്ന് അവര്‍ പറയുന്നത്.
ചിത്രത്തില്‍ ഒരുപാട് സ്ത്രീകഥാപാത്രങ്ങളുണ്ട്. ജീവിതത്തെ അവര്‍ സമീപിക്കുന്നത് പല രീതിയിലാണ്. വന്നുപോകുന്ന ഒരോ സ്ത്രീകളുടെയും ജീവിതം സീരിസ് സംസാരിക്കുന്നുണ്ട്. അങ്ങനെയൊരു ആവിഷ്‌കാരത്തിലേക്ക് എത്തിയതെന്തുകൊണ്ടാണ്?
ഞാന്‍ കണ്ട സ്ത്രീകളെല്ലാം അടിപൊളിയായിരുന്നു. എന്നിലെ വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ഒരുപാട് സ്ത്രീകളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ എന്റെ കഥയില്‍ എല്ലാതരം സ്ത്രീകളുമുണ്ടാവണമെന്ന് തോന്നി.
സീരിസിലെ മനോജിന്റെ ഭാര്യ പൊതുവെ നമ്മള്‍ പറയാറുള്ളതുപോലെ കുറച്ചുകൂടെ കുലസ്ത്രീ ടൈപ്പാണ്. പൂര്‍ണ്ണമായും കുലസ്ത്രീയാണെന്ന് പറയാനും പറ്റില്ല. തന്റേതായ അഭിപ്രായങ്ങളെല്ലാമുണ്ടെങ്കിലും വേറെയൊരു വ്യക്തിത്വമാണ്. പക്ഷെ ലതിക (കഥാപാത്രം) സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നുമുണ്ട്, അതിന്റെ കൂടെ ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്നുമുണ്ട്. സ്വന്തമായുള്ള നിലനില്‍പ്പിനായാണ് അവര്‍ രണ്ട് തൊഴിലും ചെയ്യുന്നത്.
ലൈംഗിക തൊഴില്‍ ഒരു മോശം തൊഴിലാണെന്ന് കരുതി അതില്‍ ഏര്‍പ്പെടുന്ന വ്യക്തിയല്ല ബിന്‍സി (കഥാപാത്രം). സ്വപ്നവും പ്രതീക്ഷയുമുണ്ടെന്നാണ് ബിന്‍സി പറയുന്നത്. നല്ലൊരു കരിയര്‍ ഉയര്‍ത്തികൊണ്ടുവരുക എന്നപോലെ തന്നെയാണ് അവര്‍ ഈ ജോലി ചെയ്യുന്നതും അതിനേക്കുറിച്ച് സംസാരിക്കുന്നതും.
സിപിഒ സുനിലിന്റെ ഭാര്യ സംസാരിക്കുന്നത് മറ്റൊരു രീതിയിലാണ്. ''ഞാന്‍ അല്ലെ പ്രസവിക്കുന്നത്. എന്തിനാണ് നിങ്ങള്‍ ലീവ് എടുക്കുന്നത്. എന്നിട്ട് നിങ്ങളെയും കൂടെ ഞാന്‍ നോക്കാനാണോയെന്നാണ് അവര്‍ ചോദിക്കുന്നത്''. തുടക്കം മുതല്‍ കാണുന്ന സ്വപ്ന ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ്.
മനുഷ്യരെല്ലാം വ്യത്യസ്തരാണ്. ഒരു നേരത്തെ സംസാരത്തില്‍ നിന്നൊന്നും അവരെ മനസിലാക്കാന്‍ നമുക്ക് കഴിയില്ല. എല്ലാതരം സ്ത്രീകഥാപാത്രങ്ങളെയും ഈ സീരിസില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും ബോള്‍ഡാക്കാനും ശ്രമിച്ചിട്ടല്ല. പക്ഷെ എല്ലാവര്‍ക്കും ഒരു നിലപാടുണ്ട്.
ഇതിലെ ഒരു സ്ത്രീകഥാപാത്രവും ആരുടെയും താഴെ നില്‍ക്കുന്നവരല്ല. ഡയറക്ടര്‍ക്കും ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സിനിമ ചെയ്യുന്നതെങ്കില്‍ ഒരുപക്ഷെ ഇങ്ങനെയായിരിക്കണമെന്നില്ല. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് ഇപ്പോഴത്തെ ശരിയാണ്. ആ ശരിയെ അതുപോലെ തന്നെ ആവിഷ്‌കരിക്കണമെന്ന് എനിക്ക് തോന്നി.
ക്ലൈമാക്‌സ് വിചാരിച്ച ഒരു ത്രില്‍ ഒന്നും ഉണ്ടാക്കിയില്ലെന്നും പ്രതിയുടെ മോട്ടിവ് അത്ര കണ്‍വിന്‍സിങ്ങ് ആയില്ലെന്നുള്ള ചില വിമര്‍ശനങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ക്ലൈമാക്‌സ് അങ്ങനെയെടുത്തത്?
മുന്‍പ് പറഞ്ഞത് പോലെ, ഒരു പൊസീഡുറല്‍ ഇന്‍വസ്റ്റിഗേഷനായിട്ടാണ് കഥ മുന്നോട്ട് പോകുന്നത്. പോലീസുകാര്‍ പുറകെ ഓടി അടിച്ചും ഇടിച്ചും പിടിക്കണമെങ്കില്‍ ആദ്യം കുറ്റവാളിയായ ഷിജു എന്ന കഥാപാത്രം ഓടണം. ഷിജു ഓടില്ലെന്ന് അതിന് മുമ്പ് തന്നെ പറയുന്നുണ്ട്. ഷിജു ഓടിയാല്‍ മാത്രമേ പോലീസിന് ഓടേണ്ടതായിട്ട് വരുന്നുള്ളു.
അല്ലെങ്കില്‍ ഷിജു എതിര്‍ക്കണം. അങ്ങനെയാണെങ്കില്‍ മാത്രമെ പോലീസിന് തിരിച്ചൊരു അടികൊടുക്കാന്‍ സാധിക്കുകയുളളൂ. ഒന്നുമില്ലെങ്കിലും ഷിജുവിന്റെ വായില്‍ നിന്നും പ്രകോപിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും വരണം. അങ്ങനെ വന്നപ്പോഴാണ് അവസാന നിമിഷം എസ് ഐ മനോജ് അയാളെ അടിക്കുന്നത്. സിരീസ് ആയ ധൈര്യത്തിലാണ് ക്ലൈമാക്സ് ഇങ്ങനെ അവസാനിപ്പിച്ചത്. സിനിമയായി ഈ കഥ ചെയ്യാതിരിക്കാനുള്ള കാരണവും ക്ലൈമാക്സ് ഇതായതുകൊണ്ടാണ്.
ഏതൊരു കുറ്റകൃത്യത്തിന് പിന്നിലും ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി എന്നത് മലയാളികളുടെ സ്ഥിരം രീതിയാണ്. കുട്ടിക്കാലം മുതല്‍ അയാള്‍ നേരിടുന്ന പ്രശ്നങ്ങളാണ് അയാളെ ഇങ്ങനെ ആക്കിയത് എന്ന രീതിയിലൊരു ഭീകര ഫ്ളാഷ് ബാക്ക് സ്റ്റോറി എല്ലാത്തിന്റെ അവസാനം നമ്മള്‍ പറയും. ആ രീതി ഞാനും തുടര്‍ന്നാല്‍ പിന്നീട് അത് സ്ഥിരമാകില്ലേ.
പുറത്തുള്ള സിനിമകളില്‍ പോലും ഒരാള്‍ സൈക്കോയാവുന്നതിന് പ്രത്യേക കാരണങ്ങള്‍ ഒന്നും ഉണ്ടാവില്ല. പക്ഷെ ഇവിടെ അതിന് ഒരു പ്രത്യേക കാരണം ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമുള്ളത് പോലെയാണ്. അത്തരത്തില്‍ ഉളളതല്ലാത്തവയെ നമ്മള്‍ സ്വീകരിക്കില്ലയെന്നൊരു പാറ്റേണ്‍ ബ്രേക്ക് ചെയ്യുകയെന്നത് മനപൂര്‍വം വിചാരിച്ചതാണ്.
ഷിജുവിനെ ഞാന്‍ ഒരിക്കലും ക്രൂരനായിട്ടല്ല അവതരിപ്പിച്ചുട്ടുള്ളത്. അയാളെ പരിചയമുള്ള ഡാന്‍സ് ടീച്ചര്‍ പറഞ്ഞിട്ടുള്ളത് പാവമാണ്, ആര്‍ക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ്. ഷിജുവിന്റെ കൂടെ നിന്ന സൈനുവും പറയുന്നത് അയാള്‍ പാവമാണ്, അങ്ങനെ ആരോടും സംസാരിക്കില്ലെന്നാണ്. പിന്നെ പെണ്‍കുട്ടികള്‍ക്കെല്ലാം അവനെ ഇഷ്ടമാകുമെന്നും സൈനു പറയുന്നുണ്ട്.
ഷിജുവിന്റെ വീട്ടുകാര്‍ മാത്രമാണ് മോശമായിട്ട് പറയുന്നത്. പെണ്ണുകേസിലാണ് നാട് കടത്തിയത്, നാറ്റകേസാണെന്നും പുറത്തുപറയാന്‍ പറ്റാത്തതാണെന്നെല്ലാം വീട്ടുകാരാണ് പറയുന്നത്. ഷിജു അങ്ങനെ പറയുന്നില്ല. ചിലപ്പോള്‍ ഷിജു പ്രേമിച്ച പെണ്‍ക്കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമാകാം. അവിടത്തെ നാട്ടുകാര്‍ അതിനെ പെണ്ണ് കേസാക്കി മാറ്റിയതാകാം.
പിന്നെ ഷിജുവിനെക്കുറിച്ച് പറയുന്നത് മുമ്പ് ജോലിചെയ്ത കടക്കാരനാണ്. അയാളുടെ സംസാരത്തില്‍ ചിലപ്പോള്‍ നമുക്ക് ഒരു മോറല്‍ സിന്‍ഡ്രോം അനുഭവപ്പെടാം. കാരണം അടുക്കളയില്‍ വെച്ച് ഒരുപെണ്ണുമായി ഡിങ്കോള്‍ഫിയെന്നാണ് അയാള്‍ പറയുന്നത്. ഷിജു പ്രേമിക്കുന്ന സിസിലിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചാണ് ആ കടക്കാരന്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. സ്വാഭാവികമായും തന്റെ പ്രണയിനിയുമായുള്ള അയാളുടെ പ്രണയനിമിഷങ്ങളെയാണ് ഡിങ്കോള്‍ഫിയെന്നൊക്കെ വ്യാഖ്യനിച്ചത്. സിസിലിയുടെ പേരില്‍ മാത്രമാണ് ഷിജു പലപ്പോഴും പ്രതികരിക്കുന്നത്.
പിന്നെ അയാള്‍ക്കെതിരെയുള്ളത് പഴയൊരു അടിപിടി കേസാണ്. അതിന് പിന്നില്‍ ഷിജുവിന്റെ പ്രവര്‍ത്തിയാണെന്ന് പോലും എവിടെയും പറയുന്നില്ല. അതുകൊണ്ട് ഷിജുവും ബ്ലാക്ക് അല്ല. എല്ലാവരെയും പോലെ അയാളെയും ഞാന്‍ ഗ്രേ ഷേഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സ് ഇങ്ങനെയാക്കിയതില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിക്കാത്ത പലരുടെയും അഭിപ്രായങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ഷിജു ഇങ്ങനെയായിരുന്നു എന്ന് മാത്രമാണ് അവരോട് എനിക്ക് പറയാന്‍ പറ്റുള്ളൂ.
എന്തുകൊണ്ടാണ് മലയാളത്തില്‍ വെബ് സീരിസുകള്‍ വൈകിയത്?
മലയാളികള്‍ക്ക് സിരീസുകള്‍ സുപരിചിതമായ കോവിഡ് കാലത്ത് തന്നെയാണ് മലയാളത്തിലെ സിനിമകളും കണ്ടന്റുകളും ലോകവും കണ്ടത്. അല്ലെങ്കില്‍ മലയാളത്തില്‍ നിന്നും വരുന്ന നല്ല കണ്ടന്റുകള്‍ പുറത്തുള്ളവരിലേക്ക് എത്താന്‍ കോവിഡ് കാലമാവേണ്ടി വന്നു.
പണ്ട് അടൂര്‍ സാറിന്റെയും മറ്റുള്ള എഴുത്തുകാരുടെയും സംവിധായകരുടെയും സിനിമകളുടെ കാലത്തിന് ശേഷം ഇവിടെ നിന്നും നല്ല കണ്ടന്റുകള്‍ വരുന്നുണ്ടെന്ന് മനസിലായപ്പോള്‍ അവര്‍ എത്തുകയും ചെയ്തു. ഇതൊരു സ്വഭാവിക പ്രക്രിയയായിട്ടാണ് തോന്നിയത്. ഇതുവരെ പുറത്തേക്ക് നമ്മുടെ സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. വലിയ റിലീസുകള്‍ വന്നത് ഇപ്പോഴാണ്. നമ്മുടെ സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതുപോലും കുറവായിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വര്‍ധിച്ചപ്പോള്‍ നമ്മുടെ സിനിമകള്‍ അവരിലേക്കും എത്തി.
കേരള ക്രൈം ഫയല്‍സിന് അടുത്ത സീസന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് ആദ്യ സീസണ്‍ അവസാനിക്കുന്നത്. അടുത്ത സീസണ്‍ ഉടന്‍ പ്രതീക്ഷിക്കാമോ? കൂടാതെ ഭാവിയില്‍ മറ്റ് സീരിസുകള്‍ ചെയ്യാന്‍ പ്ലാനുണ്ടോ?
ഇന്‍ഷാ അല്ലാഹ്, അടുത്ത സീസണിനെക്കുറിച്ച് പ്ലാനുണ്ട്. പക്ഷെ അനൗണ്‍സ് ചെയ്യുന്ന രീതിയിലേക്ക് എത്തിയിട്ടില്ല. കൂടാതെ വേറെയും സീരിസുകള്‍ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ ഇനി സീരിസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും മലയാളികള്‍ കൂടുതല്‍ സീരിസുകള്‍ കാണും. പിന്നെ മലയാളത്തിലേക്കായി വേറെ സീരിസുകളുടെ ഷൂട്ടും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുറേ ലെയറുകളുള്ള വലിയൊരു സീരിസ് തന്നെ ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. അതിന്റെ എഴുത്തെല്ലാം പുരോഗമിക്കുന്നുണ്ട്. പിന്നെ എനിക്ക് ഇതുവരെ തിയേറ്റര്‍ സിനിമ ചെയ്യാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് ഉടന്‍ ഒരു തിയേറ്റര്‍ സിനിമയും ചെയ്യണമെന്നുണ്ട്.
സംവിധാനം ചെയ്യണമെന്ന് വിചാരിച്ചാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നത്. പക്ഷെ സംവിധായകനാകാന്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്ന് മനസിലായപ്പോഴാണ് എഴുതാന്‍ ആരംഭിച്ചത്. എഴുത്തില്‍ ഇപ്പോള്‍ നല്ലൊരു രസമൊക്കെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. കാരണം നമ്മള്‍ എഴുതിവെച്ച ഒരു സ്‌ക്രിപ്റ്റ് വേറെ ഡയറക്ടര്‍ വിചാരിക്കാത്ത രീതിയിലേക്ക് അതിനെ കൊണ്ടെത്തിക്കുമ്പോള്‍ പ്രത്യേക സന്തോഷമുണ്ട്. അതിപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഉറപ്പായും സംവിധാനത്തിലേക്ക് കൂടി കടന്നുവരണം.
മാര്‍ക്കറ്റിങ്ങിനായി എന്തെല്ലാം സഹകരണമാണ് ഡിസ്നിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്?
ഹോട്ട്സ്റ്റാര്‍ മാക്സിമം മാര്‍ക്കറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സാധാരണക്കാര്‍ വീട്ടില്‍ ഇരുന്ന കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. അതിലാണ് കേരള ക്രൈം ഫയല്‍സിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. കൊച്ചിയിലും കോഴിക്കോടുമെല്ലാം സീരിസിന്റെ വലിയ ഫ്ളക്സുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചാനലുകളിലെ ചില സീരിയലുകളിലും സീരിസ് സ്ട്രീം ചെയ്ത കാര്യം കാണിക്കുന്നുണ്ട്. ഏഷ്യനെറ്റില്‍ പരസ്യമായിട്ടും പോകുന്നുണ്ട്. മനോരമയുടെ ആദ്യപേജില്‍ തന്നെ പരസ്യം ചെയ്തിട്ടുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടതെല്ലാം മാക്സിമം അവര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സാസംസാരിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ചുവടുവയ്പ്പിന് മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. ഈ അവസരത്തില്‍ എന്താണ് പറയാനുള്ളത്?
എന്റെ ആദ്യത്തെ സീരിസിന് തന്നെ ഇത്രയും നല്ല അഭിപ്രായങ്ങളുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രീവ്യൂ തിയേറ്ററില്‍ നിന്നാണല്ലോ കാണുന്നത്. അവിടെ വെച്ച് പോലീസുകാര്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ കുഴപ്പമില്ല പരാജയപ്പെടില്ല എന്നൊരു പ്രതീക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ വലിയ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. കാരണം സീരിസുകള്‍ എങ്ങനെ മലയാളികള്‍ എടുക്കുമെന്നത് ഓര്‍ത്ത് നല്ല ഭയമുണ്ടായിരുന്നു.
സീരിയസ് ഓഡിയന്‍സിന് അപ്പുറത്തേക്ക് സീരിസ് എത്ര ആളുകള്‍ കാണുമെന്ന് ഓര്‍ത്ത് ഞാന്‍ എക്സൈറ്റഡായിരുന്നു. ഇനിയും ഒരുപാട് ആളുകള്‍ സീരിസ് കാണാനുണ്ട്. കണ്ടവരില്‍ ഭൂരിഭാഗവും ഉള്ളത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉള്ള ആളുകളാണ്. അവരല്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകര്‍ പുറത്തുണ്ട്. അവരിലേക്ക് സീരിസ് എത്തണം.