'കോബ്ര' ട്രെയിലറിൽ തിളങ്ങി ഇർഫാന്‍ പത്താൻ; ആശംസകളുമായി ക്രിക്കറ്റ് താരങ്ങള്‍
മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തിന് വൻ സ്വീകരണം. വിക്രം നായകനാകുന്ന തമിഴ് ത്രില്ലർ 'കോബ്ര'യിലൂടെയാണ് പത്താൻ ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടെ താരത്തിന് ആശംസാപ്രവാഹമാണ്. നിരവധി ക്രിക്കറ്റ് താരങ്ങളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. പത്താന്റെ മുന്‍ സഹതാരങ്ങളായിരുന്ന സുരേഷ് റെയ്‌നയും റോബിന്‍ ഉത്തപ്പയുമൊക്കെ ആശംസകള്‍ നേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.
പത്താനുമായുള്ള ഒരു സംഭാഷണം അനുസ്മരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയുടെ ട്വീറ്റ്. ജീവിതത്തില്‍ താന്‍ എല്ലാം ചെയ്യുമെന്ന് പത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് ഹൂഡയ്ക്ക് പറയാനുള്ളത്.
'ഈ ട്രെയിലര്‍ എന്നെ ഒരു ദശാബ്ദം മുന്നിലുള്ള നിങ്ങളുടെ സംഭാഷണത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഞാന്‍ ഒരു ഓള്‍ റൗണ്ടറാണ്, ജീവിതത്തില്‍ ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഇര്‍ഫാന്‍ ഭായ് പറഞ്ഞിരുന്നു. നിങ്ങള്‍ ആ വാക്കുകളില്‍ ഉറച്ചുനിന്നു, നിങ്ങളുടെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.'ഹൂഡ ട്വീറ്റ് ചെയ്തു.
'കോബ്രയിലെ നിങ്ങളുടെ പ്രകടനം കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. ഇതൊരു ആക്ഷന്‍ പാക്ക്ഡ് ചിത്രമാണെന്ന് തോന്നുന്നു, നിങ്ങള്‍ക്കും അണിയറപ്രവർത്തകർക്കും വന്‍ വിജയം ഉണ്ടാകാന്‍ ആശംസിക്കുന്നു. സിനിമ കാണാനായി കാത്തിരിക്കാനാകില്ല.' എന്നാണ് റെയ്‌നയുടെ ട്വീറ്റ്.
റോബിന്‍ ഉത്തപ്പയുടെ ട്വീറ്റിലും പത്താനെ വെള്ളിത്തിരയില്‍ കാണുന്ന ആവേശമാണ്. 'എന്റെ സഹോദരന്റെ ജീവിതയാത്രയിലെ മറ്റൊരു അവതാരത്തിന് അഭിനന്ദനങ്ങള്‍. നിങ്ങളെയോർത്ത് സന്തോഷിക്കുന്നു, കോബ്ര കാണാനും നിങ്ങള്‍ സ്ക്രീനിലെത്തുമ്പോള്‍ വിസിലടിക്കാനും ഇനി കാത്തിരിക്കാനാകില്ലെ'ന്ന് റോബിന്‍ ഉത്തപ്പ ട്വിറ്ററില്‍ കുറിച്ചു.
ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. ശ്രീനിഥി ഷെട്ടിയാണ് നായിക. ആക്ഷന് പ്രധാന്യമുള്ള ചിത്രമാണെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന.