തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന 'ഇരുനിറം'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന 'ഇരുനിറം'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

രജിനികാന്തിൻ്റെ വേട്ടൈയനിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിൻ്റോ തോമസാണ്
Updated on
1 min read

തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ഇരുനിറം' ഒരുങ്ങുന്നു. രജിനികാന്തിൻ്റെ വേട്ടൈയനിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരമായ തന്മയ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിൻ്റോ തോമസാണ്.

സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോൻ്റെ കഥകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ജിൻ്റോ തോമസ്. കഥയും തിരക്കഥയും വിഷ്ണു കെ മോഹൻ നിർവഹിക്കുന്നു. നായാട്ട്, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങൾ.

നിറങ്ങൾക്കിടയിലൂടെ ലോകത്തെ കാണുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കേന്ദ്ര കഥാപാത്രമായ അമ്പിളിയെയാണ് 'വഴക്ക്' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോൾ അവതരിപ്പിക്കുന്നത്.

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

തിയേറ്ററിൽ വലിയ വിജയമാകുന്ന തമിഴ് ചിത്രം വേട്ടൈയനിൽ രജിനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായി തന്മയ സോൾ എത്തിയിരുന്നു.

മാളോല പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി മാളോലയാണ് ചിത്രം നിർമിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

അർജുൻ അമ്പയുടെ വരികൾക്ക് സാൻ്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല. ബിജു ജോസഫാണ് കലാ സംവിധാനം. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in