ജയറാമിന്റെ 'അബ്രഹാം ഓസ്‌ലറി'ല്‍ മമ്മൂട്ടിയും?
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലറി'ല്‍ ജയറാമിനൊപ്പം മമ്മൂട്ടിയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷമായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഇതിന് മുമ്പ് ജയറാമും മമ്മൂട്ടിയും ഒരുമിച്ച 'ധ്രുവം', 'കനല്‍ക്കാറ്റ്', 'ട്വന്റി ട്വന്റി' എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ കൂട്ടുകെട്ടില്‍ വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് ഒരുങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തെലുങ്ക് ചിത്രം ഏജന്റാണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററില്‍ എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയെങ്കിലും ഏജന്റ് ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. അതേസമയം, ജയറാം സഹവേഷത്തിലെത്തിയ മണി രത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' തിയേറ്ററില്‍ കോടികള്‍ കൊയ്തു. എന്നാല്‍ മലയാളത്തില്‍ താരത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയം കൊയ്ത ചിത്രങ്ങളൊന്നുമുണ്ടായിട്ടില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകളാ'ണ് ജയറാമിന്റേതായി അവസാനം തിയേറ്ററില്‍ എത്തിയ മലയാള ചിത്രം.
ആട്, ആട് 2, അഞ്ചാം പാതിര എന്നിങ്ങനെ പുതുതലമുറയെ രസിപ്പിച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എന്ന നിലയ്ക്ക് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ജയറാമിന് വന്‍ തിരിച്ച് വരവു നല്‍കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജയറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അര്‍ജുന്‍ അശോക്, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാർ, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.