മമ്മൂട്ടിയുടെ കാതല്‍ ജിയോ ബേബിയുടെ മധുരപ്രതികാരം? വീണ്ടും ഓര്‍മയിലെത്തുന്ന 'സീക്രട്ട് മൈന്‍ഡ്‌സ്'
മമ്മൂട്ടി ചിത്രം കാതല്‍ തീയേറ്ററുകളിൽ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സംവിധായകന്‍ ജിയോ ബേബിക്കിത് ചിലരോടെങ്കിലുമുള്ള മധുര പ്രതികാരം കൂടിയാണോ എന്നാണ് ആദ്യം തോന്നുക. ആ കഥ അറിയണമെങ്കില്‍ 'സീക്രട്ട് മൈന്‍ഡ്‌സ്' എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് അറിയണം. സിനിമയെടുത്തതിന്റെ പേരില്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ട ജിയോ ബേബി അടക്കമുള്ള നാല് വിദ്യാര്‍ഥികളെക്കുറിച്ചും.
സീക്രട്ട് മൈന്‍ഡ്‌സ്
2007ല്‍ ആണ് സംഭവം. സ്വവര്‍ഗാനുരാഗം രോഗമല്ല, കൂടെ നിര്‍ത്തേണ്ട, പരിഗണന അര്‍ഹിക്കുന്ന മനുഷ്യരാണ് അവരും എന്ന ബോധ്യത്തോടെ ഈ വിഷയത്തില്‍ സമൂഹത്തിന്റെ കാപട്യം തുറന്നുകാണിക്കാനുള്ള ശ്രമമെന്ന നിലയിലായിരുന്നു ആ ഹ്രസ്വ ചിത്രമെടുത്തത്.
ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ എം എ സിനിമ ആന്‍ഡ് ടെലിവിഷന്‍ വിദ്യാര്‍ഥിയായിരുന്നു ജിയോ ബേബിയും സുഹൃത്തുക്കളുമായിരുന്നു പിന്നിൽ. ഏഴ് മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം. ഡയലോഗുകളില്ലാത്ത, പശ്ചാത്തലസംഗീതം മാത്രം ഉപയോഗിച്ച് ഇതിവൃത്തം പറഞ്ഞ സിനിമ പറഞ്ഞതും കാതലിന്‌റെ 'കാതലായ' പ്രമേയമായിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം സുഹൃത്തുക്കള്‍ മാത്രം.
തിരുവനന്തപുരത്ത് നടന്ന ഒരു ക്യാംപസ് ചലച്ചിത്രമേളയിലേക്ക് സിനിമ അയച്ചതായിരുന്നു അടുത്ത പടി. ചിത്രം കണ്ട ജൂറി ഞെട്ടി. പുരുഷനഗ്നതയുള്ള ചിത്രം തിരുവനന്തപുരത്തെ വനിതാ കോളേജില്‍ നടന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചില്ല. പക്ഷേ സംഭവം ചങ്ങനാശേരി സെന്റ് ജോസഫ് കോളേജില്‍ അറിഞ്ഞു. ചിത്രം കാണണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു.
സീക്രട്ട് മൈന്‍ഡ്‌സിലെ 'സീക്രട്ട്' മനസിലാക്കിയതോടെ എല്ലാം പെട്ടെന്നായിരുന്നു. സിനിമ എഡിറ്റ് ചെയ്ത കമ്പ്യൂട്ടറടക്കം മാനേജ്‌മെന്റ് കസ്റ്റഡിയിലെടുത്തു. സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സദാചാരവിരുദ്ധ പ്രവര്‍ത്തനം, അച്ചടക്കലംഘനം എന്നിവയായിരുന്നു കുറ്റങ്ങള്‍.
വിശദീകരണം തേടിയതിനുപിന്നാലെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ മാനേജ്‌മെന്റ്, സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിച്ചതിനും അശ്ലീലവീഡിയോ നിര്‍മിച്ചതിനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുക്കാതിരിക്കാന്‍ അവര്‍ കാണിച്ച മഹാമനസ്‌കത മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടർന്ന് സംവിധായകന്‍ ജിയോ ബേബി അടക്കം നാലുപേരെ പുറത്താക്കി.
ആ ചിത്രം പിന്നീട് നിരവധി ക്വീര്‍ ചലച്ചിത്രമേളകളില്‍ ഇടം നേടിയെന്നത് മറ്റൊരു ചരിത്രം. ഈ പ്രമേയം കുറച്ചൂടെ ഉറക്കെ, പൊതുസമൂഹവും അശ്ലീല ചിത്രമെന്ന് അവഹേളിച്ചവരും കേള്‍ക്കുന്ന രീതിയില്‍ പറയുകയാണ് ജിയോ ബേബി കാതലിലൂടെ.
പുറത്താക്കപ്പെട്ടവരും കാതലിനൊപ്പം
സ്വന്തം ചിത്രവുമായി സഹകരിച്ചതിന്റെ പേരില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവരെ കൂടെക്കൂട്ടി ജിയോ ബേബി അവരോടുള്ള കടം കൂടി വീട്ടുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന മുന്‍നിരയിലുള്ള കഥാപാത്രം പുറത്താക്കാപ്പെട്ട സുഹൃത്തുക്കളിലൊരാളായിരുന്നു.
കോളേജില്‍ നിന്നിറങ്ങിയ ശേഷം ബന്ധം നഷ്ടപ്പെട്ടുപോയ നിധിനെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ജിയോ ബേബി വീണ്ടും കണ്ടെത്തിയത്. നിനക്കായി ഒരുപാട് വേഷങ്ങള്‍ കാത്തിരിക്കുന്നെന്ന ജിയോയുടെ പോസ്റ്റ് വൈറലായിരുന്നു.
പ്രതികരിക്കാനില്ല
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ജിയോ ബേബി ദ ഫോര്‍ത്തിനോട് പറഞ്ഞു. കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടൊക്കെ വര്‍ഷങ്ങളായില്ലേ? ഇനിയും അതേക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാതല്‍ എന്ന സിനിമ അതിനുമപ്പുറം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്നാണ് പ്രതീക്ഷ.