പൂർണമായും എന്റെ തെറ്റ്; ആദിപുരുഷിന്റെ റിലീസിന് പിന്നാലെ നാടുവിടേണ്ടിവന്നെന്ന് തിരക്കഥാകൃത്ത്
പ്രഭാസ് നായകനായി എത്തിയ ആദിപുരുഷിന്റെ പരാജയത്തിന് പൂർണ ഉത്തരവാദി താനാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ല. പരാജയത്തിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും മനോജ് ശുക്ല പറഞ്ഞു.
ആദിപുരുഷിൽ 100 ശതമാനം തനിക്ക് തെറ്റുപറ്റി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വധഭീഷണി ഉയർന്നതോടെ തനിക്ക് കുറച്ച് നാളത്തേക്ക് ഇന്ത്യ വിടേണ്ടി വന്നെന്നും മനോജ് ശുക്ല വെളിപ്പെടുത്തി. ആദിപുരുഷിന്റെ കാര്യത്തിൽ തനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ വ്രണപ്പെടുത്താനോ സനാതനത്തെ ബുദ്ധിമുട്ടിക്കാനോ ശ്രീരാമനെ അപകീർത്തിപ്പെടുത്താനോ ഹനുമാനെക്കുറിച്ച് ഇല്ലാത്ത എന്തെങ്കിലും പറയാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും മനോജ് പറഞ്ഞു. ഈ അപകടത്തിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇനി മുതൽ അതീവ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം ആജ്തകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ലോകം നിങ്ങളെ നല്ലവരായി കണക്കാക്കാം, നാളെ അത് വളരെ മോശമായി കണക്കാക്കാം, പക്ഷേ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഒരു ഹീറോയാണ്,' - മനോജ് അഭിമുഖത്തിൽ പറഞ്ഞു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ വിശദീകരണം നൽകാൻ പാടില്ലായിരുന്നെന്നും മനോജ് പറഞ്ഞു. നേരത്തെ സിനിമയുടെ റിലീസിന് പിന്നാലെ രൂക്ഷവിമർശനമായിരുന്നു സംവിധായകൻ ഓം പ്രകാശിനും തിരക്കഥാകൃത്ത് മനോജ് ശുക്ലയ്ക്കുമെതിരെ ഉണ്ടായത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ പദപ്രയോഗങ്ങളും ഏറെ വിവാദമായിരുന്നു.
ഇതിന് പിന്നാലെ വിമർശനങ്ങൾക്കെതിരെ മനോജ് രംഗത്ത് എത്തിയിരുന്നു. ഹനുമാൻ ദൈവമല്ലെന്നും ഭക്തനാണെന്നും ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ 'ഭക്തി'യുടെ ശക്തി കാരണമാണ് ദൈവമായി കണക്കാക്കപ്പെടുന്നതെന്നുമായിരുന്നു മനോജ് പറഞ്ഞത്. എന്നാൽ ഈ പ്രസ്താവനയും വിവാദമായി.
ജൂൺ 13 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിൽ വൻ പരാജയമായിരുന്നു. 500 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമാണ് വേഷമിട്ടത്. സീതയായി കൃതി സനോണും വേഷമിട്ടു. മോശം വിഎഫ്എക്‌സ് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ ടീസറടക്കം വിമർശിക്കപ്പെട്ടിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ആദിപുരുഷ് പ്രദർശനത്തിനെത്തിയത്.