പെപ്പ പിഗിലെ ലെസ്ബിയന്‍ ദമ്പതികള്‍ ഉള്‍പ്പെട്ട ഭാഗം.
പെപ്പ പിഗിലെ ലെസ്ബിയന്‍ ദമ്പതികള്‍ ഉള്‍പ്പെട്ട ഭാഗം.

ലെസ്ബിയന്‍ ദമ്പതികളെ അവതരിപ്പിച്ച് പെപ്പ പിഗ് കാര്‍ട്ടൂണ്‍; നിരോധിക്കണമെന്ന് ഇറ്റാലിയന്‍ നേതാവ്

സ്വവര്‍ഗാനുരാഗം അംഗീകരിക്കാന്‍ സാധിക്കില്ല, അത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബ്രദേഴ്സ് ഓഫ് ഇറ്റലി നേതാവ് ഫെഡറിക്കോ മോളിക്കോണ്‍
Updated on
1 min read

ആഗോളതലത്തില്‍ ഏറെ പ്രചാരത്തിലുള്ള കാര്‍ട്ടൂണാണ് പെപ്പ പിഗ്. ഏറ്റവും പുതിയ എപ്പിസോഡില്‍ ലെസ്ബിയന്‍ ദമ്പതികളെ അവതരിപ്പിച്ചാണ് ബ്രിട്ടീഷ് ആനിമേറ്റഡ് കാര്‍ട്ടൂണ്‍ പരമ്പര പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കാലത്തെ ആശയമായി കാര്‍ട്ടൂണിനെ പലരും സ്വീകരിക്കുമ്പോഴും ഒരു വശത്ത് എതിര്‍പ്പ് രൂക്ഷമാണ്. കാര്‍ട്ടൂണ്‍ എത്രയും വേഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ മുതിര്‍ന്ന നേതാവ് ഫെഡറിക്കോ മോളിക്കോണ്‍. കാര്‍ട്ടൂണ്‍ ഇറ്റലിയില്‍ സംപ്രേഷണം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് മോളിക്കോണിന്റെ വാദം. എത്രയും വേഗം കാര്‍ട്ടൂണ്‍ നിരോധിക്കണമെന്ന് ദേശീയ വാര്‍ത്താവിതരണ കമ്പനിയായ, റായിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് മോളിക്കോണ്‍.

ബ്രിട്ടീഷ് ആനിമേറ്റര്‍മാരായ മാര്‍ക്ക് ബേക്കറും നെവില്‍ ആസ്റ്റ്‌ലിയും ചേര്‍ന്ന് സൃഷ്ടിച്ച പെപ്പ പിഗിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എല്‍ജിബിടിക്യു+ ദമ്പതികള്‍ പ്രത്യക്ഷപ്പെടുന്നത്. പെപ്പ പിഗ് സ്വവര്‍ഗ ദമ്പതികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനെ തുടര്‍ന്നായിരുന്നു നടപടി. ഫാമിലീസ് എന്ന് പേരിട്ടിരിക്കുന്ന ഈ എപ്പിസോഡ് ചൊവ്വാഴ്ച യുകെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. രണ്ട് സഹ-രക്ഷാകര്‍തൃ ലെസ്ബിയന്‍ ധ്രുവക്കരടികളെയാണ് കാര്‍ട്ടൂണില്‍ അവതരിപ്പിച്ചത്. പെന്നി എന്നു പേരുള്ള ഒരു കഥാപാത്രം ഇങ്ങനെ സംസാരിക്കുന്നു: ''ഞാന്‍ എന്റെ മമ്മിയുടെയും മറ്റേ മമ്മിയുടെയും കൂടെയാണ് താമസിക്കുന്നത്. ഒരു മമ്മി ഡോക്ടറാണ്, ഒരു മമ്മി പാസ്ത പാചകം ചെയ്യുന്നു'. തുടര്‍ന്ന് കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കാര്‍ട്ടൂണില്‍ അവതരിപ്പിക്കുന്നു.

സ്വവര്‍ഗാനുരാഗം തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും മോളിക്കോണ്‍ പറഞ്ഞു. എല്ലാ ഇറ്റലിക്കാരില്‍ നിന്നും പണം ഈടാക്കികൊണ്ട് ഇറ്റലിയിലെ പെപ്പ പിഗ് സീരീസിന്റെ അവകാശം വാങ്ങുന്ന റായിയോട് ഇത്തരം എപ്പിസോഡ് ഏതെങ്കിലും ചാനലിലോ വെബ് പ്ലാറ്റ്ഫോമിലോ സംപ്രേക്ഷണം ചെയ്യരുതെന്ന് തങ്ങള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്പിസോഡ് ഇറ്റലിയില്‍ എപ്പോള്‍ പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോണി സ്വവര്‍ഗ വിവാഹത്തിനും രക്ഷാകര്‍തൃത്വത്തിനും എതിരാണ്. സ്വവര്‍ഗാനുരാഗിയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അലസ്സാന്‍ഡ്രോ സാന്‍ തയ്യാറാക്കിയ സ്വവര്‍ഗാനുരാഗം തടയുന്നതിനെതിരായ നിയമം കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ പാസാക്കുന്നതിനെ തടഞ്ഞവരില്‍ മുന്നിലുണ്ടായിരുന്നത് ബ്രദേഴ്സ് ഓഫ് ഇറ്റലിയാണ്.

logo
The Fourth
www.thefourthnews.in