ജയ് ഭീം 2 അണിയറയിൽ

ജയ് ഭീം 2 അണിയറയിൽ

അനീതിക്കെതിരെയുള്ള പോരാട്ടം ഭരണഘടനയെ കൂട്ടുപിടിച്ചാകണമെന്ന് തെളിയിക്കാനാണ് ശ്രമിച്ചതെന്ന് സംവിധായകൻ
Updated on
1 min read

നിരൂപക പ്രശംസ നേടിയ 'ജയ് ഭീം' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ​ നിർമ്മാതാവ് രാജശേഖർ രണ്ടാം ഭാഗം തയ്യാറെടുക്കുന്നതായി അറിയിച്ചത് . യഥാർഥ സംഭവത്തെ ആസ്പദമാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . അനീതിക്കെതിരെയുള്ള പോരാട്ടം ഭരണഘടനയെ കൂട്ടുപിടിച്ചാകണമെന്ന് തെളിയിക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് സംവിധായകൻ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ജയ് ഭീം പ്രദർശിപ്പിച്ചിരുന്നു. നിരാലംബരായ ഒരുപറ്റം മനുഷ്യർ അവർ പിറന്നുവീണ ജാതിയുടെ പേരിൽ അധികാരികളിൽ നിന്ന് നേരിടുന്ന വിവേചനങ്ങളുടെയും, കൊടിയ ക്രൂരതകളുടെയും കഥയായിരുന്നു ഈ ചിത്രം. വൻ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സൂര്യ അവതരിപ്പിച്ച അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. സൂര്യക്ക് പുറമേ മണികണ്ഠന്‍, ലിജോ മോള്‍ ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആമസോൺ പ്രൈമിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ജാതിവിവേചനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ഭരണഘടനാ ശില്പി ബാബാ സാഹേബ് ഭീം റാവു അംബേദ്‌കറുടെ ആശയങ്ങളോടുള്ള ഐക്യദാർഢ്യമായിട്ടാണ് സംവിധായകൻ തന്റെ ചിത്രത്തിന് 'ജയ് ഭീം' എന്ന പേരിട്ടത്. രാഷ്ട്രീയപരമായി നിരവധി എതിർപ്പുകൾ നേരിട്ട ചിത്രം കൂടിയായിരുന്നു 'ജയ് ഭീം'. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിലും ചിത്രം നിരവധി പുരസ്കാരങ്ങള്‍ നേടി

logo
The Fourth
www.thefourthnews.in