ഒരു പക്ഷേ ജാക്ക് മരിക്കുമായിരുന്നില്ല ; ജാക്കിന്‍റെ മരണം പുനരാവിഷ്ക്കരിച്ച് ടൈറ്റാനിക്ക് സംവിധായകന്‍ ജയിംസ് കാമറൂണ്‍

ഒരു പക്ഷേ ജാക്ക് മരിക്കുമായിരുന്നില്ല ; ജാക്കിന്‍റെ മരണം പുനരാവിഷ്ക്കരിച്ച് ടൈറ്റാനിക്ക് സംവിധായകന്‍ ജയിംസ് കാമറൂണ്‍

ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ സംപ്രേഷണം ചെയ്ത ഒരു പുതിയ വീഡിയോയിലാണ് കാമറൂണ്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്
Updated on
2 min read

ലിയോണാർഡോ ഡികാര്‍പ്പിയോ അവിസ്മരണീയമാക്കിയ ടൈറ്റാനിക്കിലെ ജാക്കെന്ന കഥാപാത്രം ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ജയിംസ് കാമറൂണ്‍. ലോകത്തിന്റെ ഹൃദയം കവര്‍ന്ന ചലച്ചിത്രമായ ടൈറ്റാനിക്കിറങ്ങി കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ ചിത്രം വീണ്ടും തീറ്ററുകളില്‍ പ്രദർശിപ്പിക്കാന്‍ ഒരുങ്ങുകയാണദ്ദേഹം. ഇതിനോടനുബന്ധിച്ച് ജാക്കിന്റെ മരണം പുനരാവിഷ്ക്കരിച്ചു. ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍, ടൈറ്റാനിക്ക്: 25 ഇയേർസ് ലേറ്റർ വിത്ത് ജെയിംസ് കാമറൂണ്‍ ഡോക്യുമെന്ററിയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിക് തകർന്ന രാത്രിയിൽ പ്രണയിതാക്കളായ ജാക്കിനും റോസിനും ഉണ്ടായ അനുഭവങ്ങളും അവർക്ക് കഴിയുമായിരുന്ന പരിഹാരങ്ങളും അനുകരിക്കാനായി അദ്ദേഹം പരീക്ഷണങ്ങൾ നടത്തി. ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും  രണ്ട് സ്റ്റണ്ട് മാസ്റ്റർമാരുടെയും സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം.

ജയിംസ് കാമറൂണ്‍  ഡികാര്‍പ്പിയോയ്ക്കും കേറ്റ് വിൻസ്‌ലെറ്റിനുമൊപ്പം
ജയിംസ് കാമറൂണ്‍ ഡികാര്‍പ്പിയോയ്ക്കും കേറ്റ് വിൻസ്‌ലെറ്റിനുമൊപ്പം

ചിത്രം പുറത്തിറങ്ങി 25 വര്‍ഷ പിന്നിടുമ്പോഴും നായികയായ റോസിനെ തനിച്ചാക്കി അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ മുങ്ങിത്താഴുന്ന നായകനായ ജാക്കിനെ അംഗീകരിക്കാന്‍ സിനിമാ പ്രേമികള്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് എന്തുകൊണ്ട് ജാക്ക് രക്ഷപ്പെട്ടില്ലെന്ന ചോദ്യം ആരാധകര്‍ സംവിധായകനോട് ചോദിച്ചിരുന്നു. ടൈറ്റാനിക് അപകടത്തിൽ നിന്ന് ജാക്കിന് രക്ഷപെടാൻ കഴിയുമായിരുന്നോ എന്ന് ഒരിക്കൽ കൂടി കണ്ടെത്തുമെന്ന് ടീസറിൽ കാമറൂൺ പറയുന്നു.

ടൈറ്റാനിക് സിനിമയ്ക്ക് എന്തിനാണ് ഇത്ര ക്രൂരമായ പര്യവസാനം നല്‍കിയത്?സിനിമയിലെ നായക കഥാപാത്രം ജാക്കിനെ എന്തിനാണ് കൊന്നു കളഞ്ഞത്? റോസ് കിടന്നിരുന്ന ആ പലക കഷ്ണത്തിനു മുകളില്‍ ജാക്കിന് കൂടി കിടക്കാന്‍ സ്ഥലമുണ്ടായിരുന്നല്ലോ?എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സംവിധായകന്‍ നേരിട്ടിരുന്നു. അങ്ങനെയൊരു ക്ലൈമാക്‌സ് ചിത്രത്തിന് അനിവാര്യമാണെന്നായിരുന്നു കാമറൂണിന്റെ വാദം. പലതവണ ഇക്കാര്യം സംവിധായകന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ഫെബ്രുവരി 10 ന് സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നതിന് മുന്നോടിയായി എങ്ങനെ ജാക്ക് മരിച്ചു എന്നതിന്റെ ശാസ്ത്രീയത പരിശോധിക്കുന്നതിന്റെ ഡോക്യുമെന്ററി പുറത്തു വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു .

മരണത്തെ അതിജീവിക്കാന്‍ ജാക്കിന് കഴിയുമോ എന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി കണ്ടെത്തും എന്ന ജയിംസ് കാമറൂണിൻ്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത് . സിനിമയില്‍ ചിത്രീകരിച്ചതു പോലെ ജാക്കും റോസും വെള്ളത്തില്‍ മുങ്ങി പോകുന്നതിൻ്റെയും അതില്‍ നിന്നും അവര്‍ രക്ഷാപ്പെടാന്‍ ശ്രമിക്കുന്നതിൻ്റെയും പുനരാവിഷ്‌ക്കരണമാണ് കാമറൂണും ശാസ്ത്ര വിദഗ്ധരും ചേര്‍ന്ന് സംഘടിപ്പിച്ചത് . ജാക്കിന്റെയും റോസിന്റെയും ശരീരഭാരമുള്ള രണ്ട് വ്യക്തികളെ വെച്ചാണ് ഈ പരീക്ഷണം നടത്തുന്നത് . ഏറ്റവും ഒടുവില്‍ ജാക്കിനെ പ്രതിനിധീകരിക്കുന്ന നടന്‍ റോസിനൊപ്പം ചങ്ങാടത്തില്‍ കയറുന്നതും ചിത്രീകരിക്കുന്നുണ്ട്

ഇരുവരും രക്ഷപ്പെടാന്‍ വാതില്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ജാക്കിന്റെ അതിജീവിക്കാനുള്ള സാധ്യത വര്‍ധിക്കുമായിരുന്നു എന്നാണ് നിഗമനം . അതേസമയം റോസ് ജാക്കിന്റെ ലൈഫ് ജാക്കറ്റ് തിരികെ നല്‍കി അവനെ സഹായിക്കാന്‍ തയ്യറായിരുന്നുവെങ്കിലും തണുത്ത മരണത്തിന് ജാക്ക് കീഴടങ്ങില്ലെന്നായിരുന്നു എന്ന് പരീക്ഷണം വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ വാതിലിനു മുകളില്‍ ഇരിക്കുന്ന ജാക്കിന്റെ ശരീരം വല്ലാതെ വിറക്കുന്നതും വീഡിയോയില്‍ വ്യക്തമായിട്ടുണ്ട് .

അതേസമയം ഇത് ഒരു സാധ്യത മാത്രമാണെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍ . റോസിനെ രക്ഷിക്കുക എന്നതുമാത്രമായിരുന്നു ജാക്കിന്റെ ലക്ഷ്യം . അവളുടെ ജീവന്‍ അപകടപ്പെടുത്തുന്ന ഒരു കാര്യവും അവന്‍ ചെയ്യുമായിരുന്നില്ല . അതായിരുന്നു ജാക്കിന്റെ സ്വഭാവം എന്നും ജയിംസ് കാമറൂണ്‍ വീഡിയോയിലൂടെ തുറന്നു പറഞ്ഞു.

logo
The Fourth
www.thefourthnews.in