പ്രീബുക്കിങ്ങിൽ പഠാനെ മറികടന്ന് ജവാൻ; ഓപ്പണിങ് ഡേ കളക്ഷൻ ചരിത്രം സൃഷ്ടിക്കുമോ?
പ്രീ ബുക്കിങ് വിൽപനയിൽ റെക്കോർഡ് നേട്ടമുണ്ടാക്കി ജവാൻ. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിൽ ഇതുവരെ നാല് ലക്ഷത്തിലധികം ടിക്കറ്റ് വിൽപ്പന നടന്നതായാണ് അനലിസ്റ്റുകൾ പുറത്തുവിടുന്ന കണക്കുകൾ. പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നീ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ നിന്ന് ഇന്ന് ഉച്ചവരെയുള്ള ബുക്കിങ്ങുകളുടെ കണക്കുകളാണിത്. ഇതോടെ പഠാന്റെയും ഗദർ 2ന്റെയും പ്രീ ബുക്കിങ് കണക്കുകളെ ജവാൻ മറികടക്കുമെന്നാണ് സൂചന. സെപ്റ്റംബർ 7നാണ് ചിത്രത്തിന്റെ റിലീസ്.
മൾട്ടിപ്ലക്സുകളും മറ്റ് തീയേറ്ററുകളിലും ഉൾപ്പെടെ മൊത്തം 4,26,171 ടിക്കറ്റുകളാണ് ഇതുവരെ വിറ്റിരിക്കുന്നത്. 13.17 കോടി രൂപയാണ് ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിച്ചത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ 32 കോടി രൂപയാണ് പഠാൻ നേടിയത്. അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് തന്നെ 40 കോടി നേടി ജവാൻ ബോക്‌സോഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ പറയുന്നു. പഠാന്റെ ആദ്യ ദിന റെക്കോർഡായ 55 കോടി രൂപയും (ഹിന്ദി) ജവാൻ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഒരു ഇന്ത്യൻ സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത 60 കോടി രൂപയെന്ന ഓപ്പണിങ് ഡേ കളക്ഷൻ ചിത്രം നേടുമെന്നാണ് കരുതുന്നത്.
വിദേശത്തും ജവാൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. റിലീസ് ദിവസം തന്നെ വിദേശ മാർക്കറ്റിൽ അഞ്ച് ദശലക്ഷത്തിലധികം ഓപ്പണിങ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമായിരിക്കും ജവാനെന്നാണ് അനലിസ്റ്റുകളുടെ വാദം.
അറ്റ്‌ലിയും ഷാരൂഖും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ജവാൻ. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ജവാനിലെത്തുക. നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സാന്യ മൽഹോത്ര, റിധി ദോഗ്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദീപിക പദുക്കോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറ്റ്‌ലി തന്നെയാണ് ജവാന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.