ജവാനിൽ ഉടനീളം അനുഭവിക്കാം അദൃശ്യമായൊരു വിജയ് സാന്നിധ്യം
റിലീസിന് മുൻപ് തന്നെ ഇന്ത്യയിലെ ബോക്സ് ഓഫീസിൽ 35.6 കോടി രൂപ നേടിക്കഴിഞ്ഞ ചിത്രമായിരുന്നു ജവാൻ. ഏകദേശം 10,000 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസിനെത്തിയത്. കേരളത്തിലെ മിക്ക തീയേറ്ററുകളിലെയും എല്ലാ സ്ക്രീനുകളും നിറച്ച് പുലർച്ചെ 6 മണിക്ക് തുടങ്ങിയതാണ് ജവാൻ ഷോ.
ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ ആദ്യ പ്രദർശനം പൂർത്തിയാക്കുന്നത് പുതുമയുള്ള കാര്യമാണ്. ഷാരുഖ് ഖാൻ - അറ്റ്ലി ചിത്രം എന്നത് പ്രേക്ഷകരെ വൻതോതിൽ ആകർഷിച്ചു.കൂടാതെ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം, വില്ലനായി വിജയ് സേതുപതി, അനിരുദ്ധിന്റെ സംഗീതം എല്ലാം ടിക്കറ്റെടുക്കാൻ പ്രേക്ഷകർക്ക് പ്രേരണയാകുന്നുണ്ട്.
ഷാരുഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം എന്നതൊഴിച്ചാൽ മുൻ അറ്റ്ലി പടങ്ങളുടെ തന്നെ റെഫറൻസുകളും കുറേയൊക്കെ കണ്ടുപഴകിയ തമിഴ് ഫ്രെയ്മുകളും തന്നെയാണ് ജവാൻ
അറ്റ്ലി പടങ്ങളുടെ പതിവ് ചേരുവകൾ അറിയാവുന്നവർ എന്തായാലും കൂടുതലൊന്നും പ്രതീക്ഷിക്കാൻ ഇടയില്ല. പക്ഷെ ബോളിവുഡിൽ പുതുതായി എന്തെങ്കിലും പരീക്ഷിക്കുമെന്ന് ധരിച്ചവർക്ക് തെറ്റി. ഷാരുഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം എന്നതൊഴിച്ചാൽ മുൻ അറ്റ്ലി പടങ്ങളുടെ തന്നെ റെഫറൻസുകളും കുറേയൊക്കെ കണ്ടുപഴകിയ തമിഴ് ഫ്രെയ്മുകളും തന്നെയാണ് ജവാൻ.
കർഷക ആത്മഹത്യയും സർക്കാർ ആശുപത്രികളിലെ അഴിമതിയും സ്ഥിരം വിജയ് പടങ്ങളുടെ തീമിൽ കണ്ടിട്ടുള്ളതുകൊണ്ട് തമിഴ് മലയാളം പ്രേക്ഷകർക്ക് കാര്യമായ പുതുമയൊന്നും ജവാൻ നൽകുമെന്ന് തോന്നുന്നില്ല. പതിവ് വിജയ് പടത്തിന്റെ പ്രമേയത്തിൽ ഒരു SRK പടം. എങ്കിലും, മാസ്സ് ആക്ഷൻ സിനിമ എന്ന ഴോണറിൽ വൺ ടൈം തീയറ്റർ വാച്ചിനുള്ളത് ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഷാരുഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, ദീപിക പദ്കോൺ എന്നിവരുടെ ആക്ഷൻ പാക്ക്ഡ് പെർഫോമൻസും ജി കെ വിഷ്ണുവിന്റെ ക്യാമറയും സിനിമയ്ക്ക് അത്യാവശ്യം കാഴ്ചാസുഖം നൽകുന്നുണ്ട്. അമിത പ്രതീക്ഷ തരുന്ന ദൃശ്യങ്ങളാണ് ആദ്യ പത്തുമിനിട്ടിൽ. അന്തർദേശീയ ചിത്രങ്ങളുടെ ക്വാളിറ്റിയും ദൃശ്യമികവും അനുഭവപ്പെടുന്ന ചില രംഗങ്ങൾ ഉൾക്കൊള്ളിച്ച ഫ്ലാഷ്ബാക്ക് കഥയാണ് തുടക്കം ഗംഭീരമാക്കുന്നത്. പക്ഷേ പിന്നാലെ വന്നതൊന്നും അതിനൊത്ത് ഉയർന്നില്ല എന്ന് നിരാശയോടെ പറയേണ്ടി വരും.
SRK യുടെ ആക്ഷൻ രംഗങ്ങളാണ് ആരാധകർക്ക് ആഘോഷിക്കാനുള്ള വക തരുന്ന മറ്റൊന്ന്
മെട്രോ ഹൈജാക്കിലൂടെ സർക്കാരിനോട് ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്ന നായകനായാണ് ഫ്ലാഷ് ബാക്ക് രംഗത്തിന് ശേഷം ഷാറുഖ് ഖാൻ എത്തുന്നത്. സഹായികളായെത്തുന്ന ഒരു പറ്റം സ്ത്രീ കഥാപാത്രങ്ങളും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന വൈകാരിക കഥകളും അവയ്ക്ക് പരിഹാരം കാണുന്ന നായകനും തുടർ ഭാഗങ്ങളിലുണ്ട്. നായകനും നായികയുമടക്കം ഒരുപാട് പേരുടെ പിന്നാമ്പുറ കഥകൾ പറഞ്ഞുപോകുന്നുണ്ടെങ്കിലും കഥാഘടനയിലെ വ്യക്തതയാണ് കാണാൻ പ്രേരിപ്പിക്കുന്ന ഘടകം.
SRK യുടെ ആക്ഷൻ രംഗങ്ങളാണ് ആരാധകർക്ക് ആഘോഷിക്കാൻ വക തരുന്ന മറ്റൊന്ന്. വിജയ് സേതുപതിയുടെ കാലി എന്ന വില്ലൻ വേഷം അത്ര പുതുമയുള്ള വില്ലനൊന്നുമായി അനുഭവപ്പെട്ടില്ല. കാര്യമായൊന്നും ചെയ്യാനില്ലാത്ത 'പേരിനൊരു വില്ലൻ' പ്രതീതിയാണ് കാലിയിൽ കാണാനായത്. വിജയ് കാമിയോ റോളിൽ എത്തുന്നു എന്ന് പറഞ്ഞു പ്രചരിപ്പിച്ച വാർത്തയും ഗോസിപ്പ് മാത്രമായി. രണ്ടാം പകുതിയിൽ ചില സർപ്രൈസിങ് ട്വിസ്റ്റുകൾ നൽകുന്നുണ്ട് എന്നല്ലാതെ വിജയുടെ മാസ്സ് എൻട്രി പ്രതീക്ഷിച്ചവർ നിരാശയായി.പക്ഷേ പതിവ് അറ്റ്ലി വിജയ് ചിത്രത്തിലെ ഏല്ലാ നമ്പറുകളും ചിത്രത്തിലുണ്ട്, അല്പം മാസ്സും ക്ലാസും ഡാൻസും ആക്ഷനും ഇമോഷനും എല്ലാം ചേർത്തൊരുക്കിയ പതിവ് അറ്റ്ലി ചിത്രം. ചില ആക്ഷൻ രംഗങ്ങളിലൂടെ ഷാരുഖ് ഖാൻ ആരാധകരെക്കൊണ്ട് കയ്യടിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടാവാം. പക്ഷെ തമിഴ് സിനിമകളിൽ പ്രത്യേകമായി ആവർത്തിച്ച് കണ്ടിട്ടുള്ള വൈകാരിക കഥാപരിസരം എത്രമാത്രം രസിപ്പിക്കും എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.