'സ്ത്രീകൾക്ക് സ്വത്വമില്ലേ?' ഭർത്താവിന്റെ പേര് ചേർത്തുളള അഭിസംബോധന; പാർലമെന്റിൽ അസ്വസ്ഥയായി ജയ ബച്ചൻ

'സ്ത്രീകൾക്ക് സ്വത്വമില്ലേ?' ഭർത്താവിന്റെ പേര് ചേർത്തുളള അഭിസംബോധന; പാർലമെന്റിൽ അസ്വസ്ഥയായി ജയ ബച്ചൻ

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗിന്റെ 'ജയ അമിതാഭ് ബച്ചൻ' എന്ന അഭിസംബോധനയാണ് ജയ ബച്ചനെ അസ്വസ്ഥയാക്കിയത്.
Updated on
1 min read

ബജറ്റ് സമ്മേളനത്തിനിടെ ഭർത്താവിൻ്റെ പേര് വിളിച്ച് അഭിസംബോധന ചെയ്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സമാജ്‌വാദി പാർട്ടി എം പിയും നടിയുമായ ജയ ബച്ചൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗിന്റെ 'ജയ അമിതാഭ് ബച്ചൻ' എന്ന അഭിസംബോധനയാണ് ജയ ബച്ചനെ അസ്വസ്ഥയാക്കിയത്. തന്റെ പേരിനൊപ്പം അമിതാഭ് ബച്ചൻ എന്ന് കൂട്ടിച്ചേർക്കേണ്ടതില്ലെന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം. സ്ത്രീകൾക്ക് സ്വത്വമില്ലെന്ന മട്ടിൽ, അവർ അവരുടെ ഭർത്താവിൻ്റെ പേരിൽ അറിയപ്പെടണം എന്ന രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു. എന്നാൽ ഔദ്യോഗിക രേഖകളിലെ മുഴുവൻ പേര് ജയ അമിതാഭ് ബച്ചൻ എന്നാണ് എഴുതിയിരിക്കുന്നത് എന്നും അതിനാലാണ് അങ്ങനെ അഭിസംബോധന ചെയ്തത് എന്നുമായിരുന്നു രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിം​ഗിന്റെ വിശദീകരണം.

സ്ത്രീകൾക്ക് നേട്ടങ്ങളില്ലെന്നും സ്വന്തം സ്വത്വമില്ലെന്നും വരുത്തിത്തീർക്കുന്നത് പുതിയതായി കണ്ടുവരുന്ന പ്രവണതയാണെന്നും ജയ ബച്ചൻ പറഞ്ഞു. സിവിൽ സർവീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മലയാളി വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ജയ ബച്ചന്റെ പ്രതികരണം. ഈ വിഷയത്തിൽ ജയ ബച്ചൻ പ്രതികരിക്കുന്ന പാർലമെന്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ പങ്കുവെക്കപ്പെടുകയാണ്.

സോഷ്യൽ മീഡിയയിൽ ജയ ബച്ചനെ വിമർശിച്ചും പിന്തുണച്ചും കമന്റുകൾ നിറയുന്നുണ്ട്. ഔദ്യോഗിക രേഖകളിലെ മുഴുവൻ പേര് ജയ അമിതാഭ് ബച്ചൻ എന്നാണ് എന്നത് ജയ ബച്ചന്റെ പ്രവർത്തിയെ വിമർശിക്കാനുളള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നു. ജയ ബാധുരി എന്ന പേരിൽ സിനിമയിലെത്തിയ നടി 1973 ൽ അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചൻ എന്ന പേര് സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in