പ്രേക്ഷകർ വിലയിരുത്തട്ടെ, മനഃപ്പൂർവമായ ആക്രമണം ആദ്യമായിട്ടല്ല; 'നേര്' മോഷണ വിവാദത്തിൽ ജീത്തു ജോസഫ്
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'നേര്' സിനിമയുടെ കഥ കോപ്പി അടിച്ചതാണെന്ന ആരോപണത്തിൽ മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ചിത്രം നാളെ റിലീസ് ചെയ്യുകയാണെന്നും ഇത്തരം ആരോപണങ്ങളിൽ എത്രത്തോളം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെയെന്ന് ജീത്തു പറഞ്ഞു.
നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓൺലൈൻ ചാനലുകളും നേരിന്റെ കഥയാണെന്ന് പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാൻ ഇടയായെന്നും ജീത്തു ഫേസ്ബുക്കിൽ കുറിച്ചു.
മനഃപൂർവമായ ആക്രമണ നേരിടുന്നത് ഇത് ആദ്യമായിട്ടല്ലെന്നും പ്രേക്ഷകരെയാണ് തനിക്ക് വിശ്വാസമെന്നും ജീത്തു പറഞ്ഞു. പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര് എന്നും ജീത്തു ജോസഫ് പറഞ്ഞു.
നേരത്തെ നേര് സിനിമയുടെ കഥ സംവിധായകൻ ജീത്തു ജോസഫും തിരക്കഥകൃത്ത് ശാന്തിമായ ദേവിയും ചേർന്ന് തട്ടിയെടുത്തതാണെന്ന് ആരോപിച്ച് എഴുത്തുകാരനായ ദീപക് ഉണ്ണി രംഗത്ത് എത്തിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ദീപക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിച്ചു.
കേസിൽ നടൻ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. . ഹർജി 21ാം തീയതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജി പരിഗണിച്ചത്.
49 പേജ് അടങ്ങിയ തന്റെ കഥാതന്തുവിന്റെ പകർപ്പ് ഇരുവരും മൂന്ന് വർഷം മുൻപ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ നിർബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയിൽനിന്ന് ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. നേര് സിനിമയുടെ ട്രെയിലർ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്.
മോഹൻലാൽ, ജീത്തു ജോസഫ്, അഡ്വ. ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയ എതിർ കക്ഷികളുടെ മറുപടി ലഭിച്ച ശേഷം നാളെ ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. ഒരിടവേളക്ക് ശേഷം മോഹൻലാൽ അഭിഭാഷകനായി എത്തുന്ന ചിത്രത്തിൽ പ്രിയാമണി, അനശ്വര രാജൻ, സിദ്ദീഖ്, ജഗദീഷ്, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയ താര നിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ശാന്തി ലക്ഷ്മിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഡ്വ വിജയമോഹൻ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ് കോ എൽഎൽസി