ജിഗര്‍തണ്ടയില്‍ കണ്ടത് ഭൂമിയുടെ അവകാശികളുടെ നിരന്തര പോരാട്ടം

ജിഗര്‍തണ്ടയില്‍ കണ്ടത് ഭൂമിയുടെ അവകാശികളുടെ നിരന്തര പോരാട്ടം

ടാരന്റിനോ സിനിമകളിലെപ്പോലെ ജിഗര്‍തണ്ടയില്‍ മൂര്‍ച്ചയുള്ള സംഭാഷണങ്ങളുണ്ട്
Updated on
3 min read

ജിഗര്‍തണ്ട ഡബിള്‍ എക്‌സ് സംവിധാനം ചെയ്ത കാര്‍ത്തിക് സുബ്ബരാജ് പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്വിന്റണ്‍ ടാരന്റിനോയുടെ ശൈലി പിന്തുടരുന്ന സംവിധായകന്‍ ആണെന്നാണ് ആരാധകരും നിരൂപകരും പറയുന്നത്. ജിഗര്‍തണ്ട 1 മുതല്‍ ജിഗര്‍തണ്ട 2 വരെയുള്ള അദ്ദേഹത്തിന്റെ ഇരുപതോളം ചിത്രങ്ങളില്‍ ടാരന്റിനോയുടെ ചിത്രങ്ങളിലെ പോലെ വ്യത്യസ്തമായ ആഖ്യാന ശൈലി, മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍, ത്രസിപ്പിക്കുന്ന പിന്നണി സംഗീതം ഒക്കെയുണ്ട്.

വിജയ് സേതുപതി അഭിനയിച്ച കാര്‍ത്തിക്കിന്റെ പിസയിലും വിക്രം അഭിനയിച്ച മഹാനിലും ഒക്കെ ഈ സ്വാധീനം സൂക്ഷ്മമായി സിനിമ കാണുന്ന പ്രേക്ഷകന് മനസിലാവും. പിസയില്‍ നമ്മളെ ഭയപ്പെടുത്തിയത് ശബ്ദവിന്യാസം ആയിരുന്നുവെങ്കില്‍ മഹാനില്‍ വിക്രത്തിനൊപ്പം നമ്മളെ കൊണ്ടുപോയത് ഓരോ രംഗത്തെയും പിന്നണി സംഗീതമായിരുന്നു.

നവംബറില്‍ തിയേറ്ററില്‍ ഇറങ്ങിയ രാഘവ ലോറന്‍സ് അഭിനയിച്ച ജിഗര്‍തണ്ട 2 ലും ടാരന്റിനോയുടെ ശൈലി ദൃശ്യമാണ്. ഒപ്പം നായകന്റെ പിന്നിലെ സ്വാധീന ശക്തിയായി ലോക സിനിയയിലെ ലെജന്‍ഡ് ക്ലിന്റ് ഈസ്റ്റ്‌വുഡും. ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ആഖ്യാനമല്ല ജിഗര്‍തണ്ട 2ല്‍. ടരന്റീനോ സിനിമകളിലും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ആഖ്യാന രീതിയല്ല. ടരന്റീനോയുടെ 1994-ല്‍ ഇറങ്ങിയ പള്‍പ്പ് ഫിക്ഷന്‍ 2002, 2004 വര്‍ഷങ്ങളില്‍ ഇറങ്ങിയ കില്‍ ബില്‍ എന്നിവയില്‍ ഉള്ളപോലെ നിരവധി കഥാപാത്രങ്ങളും കഥകളും വന്നു പോകുന്ന സിനിമയാണ് ജിഗര്‍തണ്ട 2.

ജന്മം കൊണ്ട് ആദിവാസി, 70-കളിലെ മധുര നഗരത്തിലെ ഡോണ്‍, കാട്ടിലെ വേട്ടക്കാരന്‍, മദ്രാസിലെ ഭരണാധികാരികളുടെ പേടിസ്വപ്‌നം. ക്ലിന്റ് ഈസ്റ്റ് വുഡിനെ 'തലൈവര്‍' ആയി കാണുന്ന ക്ലിന്റ് തീയേറ്റേഴ്‌സ് ഉടമ അല്ലിയാന്‍ സീസറിന്റെ കഥയാണ് ജിഗര്‍തണ്ട 2.

ജിഗര്‍തണ്ടയില്‍ കണ്ടത് ഭൂമിയുടെ അവകാശികളുടെ നിരന്തര പോരാട്ടം
മലയാളികൾ മറന്നില്ല രമേശൻ നായരുടെ 'മറവിയുടെ' കഥ; 'തന്മാത്ര' നൊമ്പരപ്പെടുത്താനാരംഭിച്ചിട്ട് 18 വർഷം

ദളിതനായി ജനിച്ച്, ഫൈറ്റ് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്റെ കാര്‍ ക്ലീനര്‍ ആയി, 1989 കളില്‍ രജനികാന്തിന്റെ ശുപാര്‍ശയില്‍ ഡാന്‍സ് ക്ലബ്ബില്‍ തുടങ്ങിയതാണ് 47 വയസുള്ള ലോറന്‍സിന്റെ സിനിമാ ജീവിതം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എടുത്തു പറയാവുന്ന വേഷം ചെയ്തത് കാഞ്ചനയില്‍ മാത്രമാണ്. പക്ഷേ, ജിഗര്‍തണ്ട 2 ലോറന്‍സിന്റെ സിനിമാ ജീവിതത്തെതന്നെ മാറ്റി മറിക്കുന്ന സിനിമ ആയി മാറുകയാണ്.

ടരാന്റിനോ സിനിമകളിലെപ്പോലെ ജിഗര്‍തണ്ടയില്‍ മൂര്‍ച്ചയുള്ള സംഭാഷണങ്ങളുണ്ട്. 'കറുത്ത നായകന്‍ രജനികാന്ത് സിനിമയിലേക്ക് വരുന്നു' എന്ന് പറയുന്നത് മുതല്‍ അവസാന രംഗത്ത് 'അധികാരികളെ എന്തിനു ഇതു ചെയ്തു' എന്ന് ചോദിക്കുന്ന വാക്കുകളില്‍ വരെ ആ മൂര്‍ച്ച ദര്‍ശിക്കാം. മാറ്റുകൂട്ടാനായി ത്രസിപ്പിക്കുന്ന പിന്നണി സംഗീതവും. അതാകട്ടെ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കൗ ബോയ് സിനിമകളിലെ സംഗീതം പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു.

ജിഗര്‍തണ്ടയില്‍ കണ്ടത് ഭൂമിയുടെ അവകാശികളുടെ നിരന്തര പോരാട്ടം
വരുമാനം പോസ്റ്റര്‍ വില്‍പ്പനയിലൂടെ; സിനിമാ സ്വപ്നവുമായി ബറാക്ക ടീം

ക്ലിന്റ് ഈസ്റ്റ് വുഡ് വില്ലനെ വേട്ടയാടാന്‍ കുതിരപ്പുറത്തു പോകുമ്പോള്‍, ചാട്ടവാര്‍ കൊണ്ട് വില്ലനെ വീഴ്ത്തുമ്പോള്‍, മിന്നല്‍ വേഗത്തില്‍ തോക്കുകളില്‍ നിന്നും വെടി പൊട്ടിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ആ ത്രസിപ്പിക്കുന്ന സംഗീതം ജിഗര്‍തണ്ടയിലും ഉണ്ട്. സിനിമ നിരൂപണത്തിന് ആദ്യ പുലിറ്റ്‌സര്‍ സമ്മാനം 1975 ല്‍ വാങ്ങിച്ച റോജര്‍ എബെര്‍ട്ട് സിനിമയെ കണ്ടിരുന്നത് ഒരു സഹാനുഭൂതി യന്ത്രമായാണ് (Empathy Machine). നമ്മള്‍ സിനിമ കാണുമ്പോള്‍ ആ യന്ത്രത്തിനുള്ളില്‍ ആവുകയും യഥാര്‍ഥ ലോകം അനുഭവിക്കാത്ത മറ്റൊരാളായി മാറുകയും സിനിമയിലെ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നു പോകുകയും ചെയ്യും. ജിഗര്‍തണ്ട ഡബിള്‍ എക്‌സ് കണ്ടപ്പോള്‍ എബെര്‍ട്ട് പറഞ്ഞ ആ യന്ത്രത്തില്‍ ഞാനും പെട്ടുപോകുന്ന സ്ഥിതിയായിരുന്നു.

ഞാനുള്‍പ്പെടെയുള്ള ദളിതര്‍, കറുത്തവര്‍, ആദിവാസികള്‍ തുടങ്ങിയവരാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികളെന്നു ചരിത്രം വായിച്ചും ശാസ്ത്രം പഠിച്ചും ബോധ്യമുള്ളത് കൊണ്ടാകാം, ജിഗര്‍തണ്ടയില്‍ അവസാനം നായകന്‍ ഉള്‍പ്പെടെയുള്ളവര്‍ പാട്ടുപാടി താളം ചവിട്ടി മേളം കൊട്ടി വെടിയുണ്ടയെ നേരിട്ടപ്പോള്‍ ഞാന്‍ സ്തബ്ധനായി ഇരുന്നു. എനിക്ക് ചുറ്റും നിശബ്ദത മാത്രം. കരഞ്ഞില്ല. കാരണം സീസറിന്റെ കണ്ണിലെ കനല്‍ ഞാന്‍ കണ്ടു. ആ കനല്‍ എന്റെയുള്ളിലെ പോരാട്ട വീര്യത്തെ ഊതി ഉയര്‍ത്താന്‍ മതിയായ ഇന്ധനമാണ്.

ജിഗര്‍തണ്ടയില്‍ കണ്ടത് ഭൂമിയുടെ അവകാശികളുടെ നിരന്തര പോരാട്ടം
IFFK 2023|'തടവിൽ എല്ലാ മനുഷ്യവികാരങ്ങളും ഉണ്ടാകണമെന്ന നിർബന്ധമുണ്ടായിരുന്നു'; അഭിമുഖം- സംവിധായകൻ ഫാസില്‍ റസാഖ്

തന്റെ മണ്ണും മലയും തട്ടിപ്പറിക്കാന്‍, തന്റെ ജനതയെ കൊല്ലാന്‍, തന്റെ വംശത്തെതന്നെ തുടച്ചു നീക്കാന്‍ വന്ന അധികാരമോഹിയായ രാഷ്ട്രീയക്കാരിയുടെ അടിയാളായ പോലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ താന്‍ ദുര്‍ബലനാണെന്ന വാസ്തവം അംഗീകരിച്ചു കൊണ്ടുതന്നെ മരണത്തെ ആടിപ്പാടി നേരിടാന്‍ തീരുമാനിച്ച സീസറില്‍ ഞാന്‍ എന്നെ കണ്ടു. ആ നിമിഷങ്ങളില്‍ ഞാന്‍ എബെര്‍ട് പറഞ്ഞ ആ യന്ത്രത്തില്‍ ആയിരുന്നു.

കാര്‍ത്തിക് സുബ്ബരാജ്
കാര്‍ത്തിക് സുബ്ബരാജ്

'ബുദ്ധി നിങ്ങളെ ആശയകുഴപ്പത്തിലാക്കാം, പക്ഷേ വികാരങ്ങള്‍ കള്ളം പറയില്ല' എന്ന് എബെര്‍ട് ഒരിക്കല്‍ പറഞ്ഞപോലെ സീസറിനെ കണ്ടുകൊണ്ടിരുന്നപ്പോള്‍, സീസറിനെ നായകനാക്കി എസ് ജെ സൂര്യ റേ ദാസ് എന്ന വ്യാജ പേരില്‍ സിനിമ എടുക്കാന്‍ ശ്രമിക്കുമ്പോഴും 1970 കളിലെ തമിഴ് സിനിമയിലെ ആദ്യ കറുത്ത നായകനെ ഉരുവാക്കുമ്പോഴും ഞാന്‍ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്തു. ഞാന്‍ എന്ന വ്യക്തിയുടെയും എന്റെ സമുദായം ഉള്‍പ്പെടുന്ന ഈ ഭൂമിയുടെ യഥാര്‍ഥ അവകാശികളുടെയും പോരാട്ടത്തെയാണ് ഞാനവിടെ കണ്ടത്.

തോക്കിനേക്കാള്‍ വലിയ ആയുധമാണ് സിനിമയെന്നും കലാകാരന് മരണമില്ലെന്നും സിനിമയില്‍ പറയുന്നുണ്ട്. ജിഗര്‍തണ്ട 2 രാഷ്ട്രീയം ഇഴുകിച്ചേര്‍ന്ന തമിഴ് സിനിമയിലെ ഒരു മാസ്റ്റര്‍പീസ് ആയിതന്നെ കണക്കാക്കപ്പെടും. യഥാര്‍ഥ കലാകാരന്മാരായ അല്ലിയന്‍ സീസറിനും ലോറന്‍സിനും റേ ദാസിനും മരണമുണ്ടാവില്ല!

logo
The Fourth
www.thefourthnews.in