'മരണം വിൽക്കുന്നതിന് സമം'; പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ ജോൺ എബ്രഹാം

'മരണം വിൽക്കുന്നതിന് സമം'; പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ ജോൺ എബ്രഹാം

സിനിമ താരങ്ങൾ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നതിന്റെ ധാർമികതയെക്കുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്.
Updated on
1 min read

പാൻ മസാല, ഗുട്ക തുടങ്ങിയ ലഹരി പദാർഥങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന സഹതാരങ്ങളെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം ജോൺ എബ്രഹാം. പ്രശസ്ത യൂട്യൂബറായ രൺവീർ അല്ലഹാബാദിയയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുക്കവെയാണ് ജോൺ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരുവശത്ത് ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് പരസ്യചിത്രങ്ങളിൽ അഭിനയിച്ച് പാൻ മസാലയുടെ ഉപയോഗത്തെ അംഗീകരിക്കുകയും ചെയ്യുന്ന അഭിനേതാക്കളോട് തനിക്ക് കടുത്ത അമർഷമുണ്ടെന്ന് ജോൺ പറഞ്ഞു.

ആരാധകർക്ക് മാതൃകയായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. പ്രവർത്തിയിലും വാക്കുകളിലും വൈരുധ്യമുണ്ടായാൽ അത് ആത്മാർഥതയില്ലായ്മയുടെ പ്രതീകമായി ആളുകൾ കാണും. മാതൃകയാകേണ്ടവർ തങ്ങളുടെ വ്യാജ വ്യക്തിത്വം ഏതെങ്കിലും വിധേന മുന്നോട്ടുവെച്ചാൽ അത് ജനങ്ങൾക്കിടയിൽ അവർക്കുള്ള വിശ്വാസ്യതയ്ക്ക് വിഘാതമുണ്ടാക്കും. അതിനാൽ തന്നെ തന്റെ അഭിപ്രായം തന്റെ സഹപ്രവർത്തകരോടുള്ള ബഹുമാനക്കുറവായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാൻമസാല പോലെയുള്ള ലഹരിപദാർഥങ്ങൾ മൗത് ഫ്രഷ്നർ എന്ന വ്യാജേന വിൽക്കുന്നത് മരണം വിൽക്കുന്നതിന് സമാനമാണെന്ന് അഭിപ്രായപ്പെട്ട ജോൺ അത്തരത്തിലുള്ള പ്രവൃത്തികളിൽനിന്ന് എല്ലാ കാലത്തും വിട്ടുനിൽക്കുകയെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.

'മരണം വിൽക്കുന്നതിന് സമം'; പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ ജോൺ എബ്രഹാം
'അധികാര ദുർവിനിയോ​ഗം നടത്തുന്ന മഹാനടനെ'ന്ന പ്രയോ​ഗം, മോഹൻലാലിനെ അപകീർത്തിപ്പെടുത്തി; സിദ്ദിഖിന്റെ പരാതിയിൽ ചെകുത്താൻ കസ്റ്റഡിയിൽ

പാൻമസാല, ഗുട്ക എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവർക്ക് മുൻകാലങ്ങളിൽ രൂക്ഷവിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേത്തുടർന്ന് അത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽനിന്ന് അക്ഷയ് കുമാർ പിന്മാറിയിരുന്നു. പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ തന്റെ ആരാധകരോട് മാപ്പ് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

'മരണം വിൽക്കുന്നതിന് സമം'; പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ ജോൺ എബ്രഹാം
ഫഹദിന്റെ തോളോട്‌തോള്‍ ചേര്‍ന്ന് രജിനിയും ബച്ചനും; മലയാളി താരത്തിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി 'വേട്ടൈയാന്‍'

സിനിമാതാരങ്ങൾ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നതിന്റെ ധാർമികതയെക്കുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ജനപ്രിയ സിനിമ താരങ്ങൾ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത് ജനങ്ങളിൽ തെറ്റായ സന്ദേശം പ്രചരിക്കാനുള്ള സാധ്യതയുണ്ടാക്കുമെന്ന കാരണത്താൽ നിരവധി താരങ്ങൾ ഇത്തരത്തിലുള്ള പരസ്യചിത്രങ്ങൾ ചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിച്ചിട്ടുമുണ്ട്. നിലവിൽ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ എന്നിവരാണ് പാൻ മസാല, ഗുട്ക ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചവരിൽ പ്രമുഖർ.

logo
The Fourth
www.thefourthnews.in